വിപ്രൊയിലെ വേതന വര്‍ധന ഡിസംബര്‍ മുതല്‍

Update: 2023-10-11 06:16 GMT

ജീവനക്കാരുടെ വാർഷിക ശമ്പള വര്‍ധന ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വിപ്രൊ അറിയിച്ചു. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന  പ്രമുഖ ഐടി കമ്പനി സെപ്റ്റംബറില്‍ നടപ്പാക്കേണ്ടിയിരുന്ന ശമ്പള വര്‍ധന വിപണിയിലെ സമ്മര്‍ദങ്ങളുടെയും മാര്‍ജിന്‍ വെല്ലുവിളികളുടെയും പശ്ചാത്തലത്തില്‍ നീട്ടിവെക്കുകയായിരുന്നു. 

അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഓരോ ജീവനക്കാരനും നല്‍കേണ്ട  വര്‍ധന സംബന്ധിച്ച് തീരുമാനത്തിലെത്തും. പ്രകടനം  അടിസ്ഥാനമാക്കിയാണ് ശമ്പള വര്‍ധനയുടെ തോത് പ്രധാനമായും തീരുമാനിക്കുക. 

"നിലവിലെ കഠിനവും അനിശ്ചിതത്വം നിറഞ്ഞതുമായ ആഗോള വിപണി സാഹചര്യങ്ങൾക്കിടയിലും, പ്രകടനം അടിസ്ഥാനമാക്കിയുള്ള വേതന വര്‍ധന  2023 ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,” ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർ സൗരഭ് ഗോവിൽ കഴിഞ്ഞ ആഴ്ച ജീവനക്കാർക്ക് അയച്ച ഇമെയിലിൽ പറഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഇതിനു മുമ്പ് കമ്പനി വേതന വര്‍ധന നടപ്പാക്കിയത്. 

ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സ്ഥാപനമായ ടാറ്റ കൺസൾട്ടൻസി സർവീസസ് മാത്രമാണ് നടപ്പു സാമ്പത്തിക വർഷത്തിൽ ശമ്പള വർധന തുടക്കത്തില്‍ തന്നെ നടപ്പാക്കിയ ഒരേയൊരു പ്രമുഖ ഐടി കമ്പനി. വളരേ മികച്ച പ്രകടനം നടത്തിയവര്‍ക്ക് കമ്പനി 12-15 വര്‍ധന ടിസിഎസ് നടപ്പാക്കി. 

ഇൻഫോസിസ് തങ്ങളുടെ അപ്രൈസൽ സൈക്കിൾ കഴിഞ്ഞ മാസം തുടങ്ങിയിട്ടുണ്ട്. പക്ഷേ ഈ സാമ്പത്തിക വര്‍ഷത്തെ ശമ്പള വര്‍ധന ഇതുവരെ കമ്പനി നടപ്പാക്കിയിട്ടില്ല. ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഐടി സ്ഥാപനമായ എച്ച്‌സിഎൽടെക് ഈ വര്‍ഷം മുതിർന്ന ജീവനക്കാർക്ക് വാർഷിക ഇൻക്രിമെന്റുകൾ ലഭിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് ജീവനക്കാര്‍ക്കുള്ള ശമ്പള വര്‍ധന മൂന്നുമാസത്തോളം വൈകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 

Tags:    

Similar News