820 കോടി രൂപ അക്കൗണ്ടുകളില്‍ തെറ്റി നിക്ഷേപിച്ചു; യുകോ ബാങ്കിന്‍റെ പിഴവില്‍ അന്വേഷണം

  • തുകയുടെ ഏകദേശം 79 ശതമാനം തിരിച്ചുപിടിക്കാനായെന്ന് ബാങ്ക്
  • ഐഎംപിഎസ് ഇടപാടുകള്‍ നിര്‍ത്തിവെച്ചു
  • പിഴവിനു പിന്നിലെ കാരണം അറിയാന്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യം
;

Update: 2023-11-20 06:55 GMT
820 cr wrongly deposited in accounts, investigation into uco banks mistake
  • whatsapp icon

യുകോ ബാങ്ക് ഇടപാടുകാരുടെ അക്കൗണ്ടുകളിലേക്ക് 820 കോടി രൂപ തെറ്റായി നിക്ഷേപിക്കപ്പെട്ടതില്‍ അന്വേഷണം തുടരുന്നു. ബാങ്കിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊൽക്കത്ത പോലീസ് എഫ്ഐആര്‍ രജിസ്‍റ്റര്‍ ചെയ്തിട്ടുണ്ട്.  649 കോടി രൂപ അല്ലെങ്കിൽ മൊത്തം തുകയുടെ ഏകദേശം 79 ശതമാനം തിരിച്ചുപിടിക്കാനായെന്നാണ് ബാങ്ക് പറയുന്നത്. ബാക്കി 171 കോടി രൂപ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. എന്താണ് സംഭവിച്ചത് എന്നതില്‍ വ്യക്തത വരുത്തുന്നതിനായി സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സ്‍റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗില്‍ കമ്പനി വ്യക്തമാക്കുന്നു. 

സംഭവിച്ചത് മാനുഷികമായ പിശകാണെന്നോ സാങ്കേതിക തകരാറാണെന്നോ സൈബര്‍ ആക്രമാണെന്നോ വ്യക്തമായിട്ടില്ല. പിഴവ് വ്യക്തമായതിനു പിന്നാലെ തങ്ങളുടെ  ഇമ്മീഡിയറ്റ് പേയ്‌മെന്റ് സർവീസ് (ഐഎംപിഎസ്) താൽക്കാലികമായി നിർത്തിവച്ചതായി ബാങ്ക് ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇത് ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല. എന്നാല്‍ എന്‍ഇഎഫ്‍ടി ഉള്‍പ്പടെയുള്ള മറ്റ് മാർഗങ്ങളിലൂടെ ഇടപാടുകള്‍ നടത്തുന്നതിന് തടസമില്ലെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്. 

അയച്ചയാള്‍ക്ക് പണം പോയില്ല, കിട്ടേണ്ടയാള്‍ക്ക് കിട്ടുകയും ചെയ്തു

സംഭവിച്ചത് എന്താണെന്ന് യുകോ ബാങ്ക് എംഡിയും സിഇഒയുമായ അശനി കുമാര്‍ പറയുന്നത് ഇങ്ങനെയാണ്, " പണം അയക്കാനുള്ള ശ്രമങ്ങള്‍ക്കിടെ 'തകരാർ മൂലം ഇടപാട് നിരസിക്കപ്പെട്ടു' എന്ന സന്ദേശം ഉപയോക്താക്കള്‍ക്ക് തെറ്റായി കാണിക്കപ്പെട്ടു. എന്നാല്‍ ഈ തുകകള്‍ സ്വീകര്‍ത്താവിന്‍റെ അക്കൗണ്ടുകളില്‍ എത്തുകയും അതേസമയം തന്നെ പണം അയച്ച ഉപയോക്താക്കള്‍ക്ക് റീഫണ്ട് ലഭിക്കുകയും ചെയ്തു,". 

പണം തെറ്റായി ക്രെഡിറ്റ് ചെയ്യപ്പെട്ട അക്കൗണ്ടുകൾ ബാങ്ക് താല്‍ക്കാലികമായി മരവിപ്പിച്ചു. ഈ ഇടപാടുകളില്‍ ഉണ്ടായിരുന്ന മറ്റെല്ലാ ബാങ്കുകളെയും വിവരം അറിയിച്ചിട്ടുണ്ടെന്ന് കുമാർ അവകാശപ്പെടുന്നു. “ഉത്സവ കാലമായിരുന്നിട്ടും  ഞങ്ങൾക്ക് ഭൂരിഭാഗം പണവും വീണ്ടെടുക്കാനായി എന്നതാണ് നല്ല കാര്യം,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വിവരം പുറത്തുവന്നതിന് പിന്നാലെ  വ്യാഴാഴ്ച യു‌കോ ബാങ്കിന്റെ ഓഹരി വില 1 ശതമാനം ഇടിഞ്ഞ് 39.4 രൂപയായി. ഇന്ന് 0.26 ശതമാനം നേട്ടത്തോടെ 38.75 രൂപയിലാണ് യുകോ ബാങ്ക് ഓഹരികളുടെ വില്‍പ്പന. 

Tags:    

Similar News