ടൈറ്റന്‍- കാരറ്റ്‍ലെയ്ന്‍ കരാര്‍; ഇ-കൊമേഴ്സില്‍ സ്ഥാപകരുടെ രണ്ടാമത്തെ വലിയ എക്സിറ്റ്

ജ്വല്ലറി ബ്രാൻഡായ കാരറ്റ്‌ലെയ്‌ൻ ട്രേഡിംഗിൽ 27.18% ഓഹരി കൂടി സ്വന്തമാക്കുമെന്ന് ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടൈറ്റാൻ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഒരു ഇ-കൊമേഴ്‌സ് സ്ഥാപകന്‍ താന്‍ സ്ഥാപിച്ച കമ്പനിയില്‍ നിന്ന് നടത്തുന്ന രണ്ടാമത്തെ വലിയ പുറത്തേക്കിറങ്ങല്‍ കൂടിയാണ് ഈ കരാര്‍ . ഫ്ലിപ്പ്കാർട്ട് സ്ഥാപകരായ സച്ചിനും ബിന്നി ബൻസാലും കമ്പനിയിലെ തങ്ങളുടെ ഓഹരികൾ വാൾമാർട്ടിന് വിറ്റതിന് ശേഷം പുറത്തേക്കിറങ്ങിയതാണ് ഇത്തരത്തില്‍ ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ഇടപാട്.
4,621 കോടി രൂപയ്ക്കാണ് കാരറ്റ്‌ലെയ്‌ൻ സ്ഥാപകനായ മിഥുൻ സച്ചേതിയിൽ നിന്നും അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നും 9,190,327 ഇക്വിറ്റി ഷെയറുകൾ ഏറ്റെടുക്കുന്നത്. ഇതോടെ കാരറ്റ്‍ലെയ്നിലെ തങ്ങളുടെ ഓഹരി പങ്കാളിത്തം 98.28 ശതമാനമായി ഉയരുമെന്ന് ടൈറ്റാന്‍ ഇന്നലെ നല്‍കിയ എക്സ്ചേഞ്ച് ഫയലിംഗില്‍ വ്യക്തമാക്കുന്നു.
2016-ൽ കാരറ്റ്‌ലെയ്‌നിന്റെ 62 ശതമാനം ഓഹരികള്‍ ടൈറ്റാൻ വാങ്ങിയിരുന്നു. ഏകദേശം 563 കോടി രൂപയുടെ മൂല്യമായിരുന്നു അന്ന് കാരറ്റ്ലെയ്നിന് കണക്കാക്കിയിരുന്നത്. 2016-നും 2019-നും ഇടയിൽ, മൊത്തം 440-450 കോടി രൂപ ചെലവഴിച്ച് ടൈറ്റന്‍ തങ്ങളുടെ ഓഹരി പങ്കാളിത്തം ഉയര്‍ത്തി. കാരറ്റ്‌ലെയ്‌നിലെ ഏക വെഞ്ച്വർ നിക്ഷേപകരായ ടൈഗർ ഗ്ലോബലിൽ നിന്നുള്ള ഓഹരികളുടെ സെക്കൻഡറി വാങ്ങലിലൂടെയായിരുന്നു പ്രധാനമായും ഇത്.
2019-ൽ കാരറ്റ്‌ലെയ്‌നിൽ 99 കോടി രൂപയുടെ പ്രാഥമിക നിക്ഷേപവും ടൈറ്റൻ നടത്തി.ഇതിനെല്ലാം മുമ്പ് ടൈറ്റന്റെ ജ്വല്ലറി ബ്രാൻഡായ 'തനിഷ്‌ക്' 2010-ൽ കാരറ്റ്‌ലെയ്‌നുമായി ഒരു തന്ത്രപരമായ വെണ്ടർ കരാറില്‍ ഏർപ്പെട്ടിരുന്നു. റെഗുലേറ്ററി അനുമതികൾക്ക് വിധേയമായി ഏറ്റവും പുതിയ ഇടപാട് ഒക്ടോബർ 31-നകം അവസാനിക്കുമെന്ന് ടൈറ്റൻ ഫയലിംഗിൽ പറഞ്ഞു. കാരറ്റ്‌ലെയ്‌നിന്റെ മൂല്യം പുതിയ കരാര്‍ പ്രകാരം 17,000 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.