മുഴുവന്‍ ജീവനക്കാര്‍ക്കും ജെന്‍ എഐ പരിശീലനം നല്‍കുമെന്ന് ടിസിഎസ്
- അഞ്ച് ലക്ഷത്തോളം ജീവനക്കാർക്കാണ് പരിശീലനം നല്‍കുന്നത്
- ജെന്‍ എഐ അതിന്റെ പ്രാരംഭ ദിശയിലെന്ന് നിരീക്ഷണം
- ഒന്നര ലക്ഷത്തോളം പേരുടെ പരിശീലനം പൂര്‍ത്തിയാക്കി
മുഴുവന്‍ ജീവനക്കാര്‍ക്കും ജെന്‍ എഐ പരിശീലനം നല്‍കാനൊരുങ്ങുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ്‍ വെയര്‍ കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്. അഞ്ച് ലക്ഷത്തിലധികം വരുന്ന സോഫ്‌റ്റ്‌വെയർ എഞ്ചിനീയർമാർക്കാണ് ടിസിഎസിലൂടെ ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസില്‍ പരിശീലനം ലഭിക്കുന്നത്. ഒരു ബിസിനസ്സ് അവസരമെന്ന നിലയിൽ, ജെന്‍ എഐ അതിന്റെ പ്രാരംഭ ദിശയിലാണെന്നും ഉപയോഗ സാധ്യതകള്‍ നിലവില്‍ പരിമിതമാണെന്നും ടിസിഎസിന്‍റെ എഐ ക്ലൗഡ് യൂണിറ്റ് മേധാവി ശിവ ഗണേശൻ പറയുന്നു.
അടുത്തിടെയാണ് തങ്ങള്‍ 250 ജനറേറ്റീവ് എഐ പവർ പ്രോജക്റ്റുകളിൽ ഏർപ്പെട്ടിരിക്കുന്നുവെന്ന് കമ്പനി വ്യക്തമാക്കിയത്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ജോലികൾ വേഗത്തിലാക്കാൻ ജെൻ എഐ വൈദഗ്ധ്യവും കമ്പനി പ്രയോജനപ്പെടുത്തുന്നുണ്ട്. ഭാവിയില്‍ വലിയ സാധ്യതകളിലേക്ക് ജെന്‍ എഐ നയിക്കുമെന്നാണ് ടിസിഎസ് വിശ്വസിക്കുന്നത്.
ഭാവിയില്‍ എഐ ഓഫറുകൾ ഉയര്‍ന്ന ആവശ്യകതയ്ക്ക് സാക്ഷ്യം വഹിക്കും എന്ന കണക്കുകൂട്ടലിലുള്ള നിക്ഷേപങ്ങള്‍ ടിസിഎസ് നടത്തുകയാണ്. തൊഴില്‍ശക്തിയുടെ വൈദഗ്ധ്യം ഉറപ്പാക്കുകയും മികച്ച പങ്കാളികളെ കണ്ടെത്തുകയുമാണ് പ്രാഥമികമായി ചെയ്യുന്നതെന്ന് ശിവ ഗണേശൻ വ്യക്തമാക്കി. ഏഴു മാസത്തിനുള്ളില്‍ ഒന്നര ലക്ഷം ജീവനക്കാര്‍ക്ക് ജെന്‍ എഐ ട്രെയിനിംഗ് നല്‍കാന്‍ സാധിച്ചിട്ടുണ്ട്. മുഴുവന്‍ ജീവനക്കാരുടെയും പരിശീലനം പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
സാങ്കേതിക ഇതര മേഖലകളിലും കമ്പനി വൈദഗ്ധ്യ പരിശീലനം നല്‍കുന്നുണ്ട്. ഇത് വിശാലമായ ബിസിനസ് ലക്ഷ്യങ്ങലുടെ അടിസ്ഥാനത്തിലാണെന്ന് ശിവ ഗണേശന്‍ പറയുന്നു. ശരിയായ സുരക്ഷയും മാനദണ്ഡങ്ങളും ഉറപ്പാക്കിയാണ് ജെന്‍ എഐ സൊലൂഷനുകള്‍ നല്‍കുകയെന്നും വാർത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.