20 ശതമാനം പ്രീമിയത്തിൽ ഓഹരി തിരിച്ചു വാങ്ങാൻ ടിസിഎസ്

  • പദ്ധതി ഡിസംബര്‍ ഏഴിന് അവസാനിക്കും
  • ഒരു ഓഹരിക്ക് 4,150 രൂപയാണ് തിരിച്ചുവാങ്ങല്‍ വില.
  • ഇപിഎസ് 58.52 ല്‍ നിന്നും 59.18 രൂപയായി ഉയരുമെന്ന് പ്രതീക്ഷ

Update: 2023-11-29 09:48 GMT

ഓഹരികള്‍ തിരികെ വാങ്ങുന്നതിനുള്ള തീയ്യതി പ്രഖ്യാപിച്ച് ടിസിഎസ്. ഡിസംബര്‍ ഒന്നിന് ആരംഭിക്കുന്ന പദ്ധതി ഡിസംബര്‍ ഏഴിന് അവസാനിക്കും. നിക്ഷേപകര്‍ക്ക് ഒഹരി ഒന്നിന് 4,150 രൂപ നിരക്കില്‍ വില്‍പ്പന നടത്താം.

രണ്ട് ലക്ഷം രൂപയില്‍ താഴെ നിക്ഷേപമുള്ള ചെറുകിട ഓഹരി ഉടമകള്‍ക്ക് റെക്കോഡ് തീയതിയായ നംവബര്‍ 25 വരെ കൈവശമുള്ള ആറ് ഓഹരികള്‍ക്ക് ഒരു ഇക്വിറ്റി ഓഹരി എന്ന അനുപാതത്തില്‍ നല്‍കും. ഇത് ഏകദേശം 17 ശതമാനത്തോളം വരും.

മറ്റ് ഓഹരിയുടമകള്‍ക്ക് ഓരോ 209 ഓഹരികള്‍ക്കും രണ്ട് ഇക്വിറ്റി ഓഹരികളാണ് അവകാശ അനുപാതമായി നല്‍കുന്നത്.

ബിഎസ്ഇയിലെ വെള്ളിയാഴ്ച്ചത്തെ ടിസിഎസിന്റെ ക്ലോസിംഗ് വിലയായ 3,457.60 രൂപയേക്കാള്‍ 20 ശതമാനം പ്രീമിയത്തിലാണ് 4,150 രൂപ എന്ന തിരിച്ചുവാങ്ങല്‍ വില.

ഓഹരികള്‍ തിരിച്ചു വാങ്ങുന്നതിലൂടെ ടിസിഎസിന്റെ ഇപിഎസ് 58.52 ല്‍ നിന്നും 59.18 രൂപയായി ഉയരുമെന്നും അറ്റ ആസ്തി മൂല്യം 49.89 ശതമാനത്തില്‍ നിന്നും 62.56 ശതമാനമായി ഉയരുമെന്നുമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ടിസിഎസിന്റെ 72.27 ശതമാനത്തില്‍ 26.45 കോടി കൈവശമുള്ള ടാറ്റ സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് 2.96 കോടി ഇക്വിറ്റി ഓഹരികളാണ് ടെന്‍ഡര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ടാറ്റാ ഇന്‍വെസ്റ്റ്‌മെന്റ് കോര്പ്പറേഷന്‍ ലിമിറ്റഡിന്റെ കൈവശമുള്ള 10,14,172 കോടി ഓഹരികളില് 11,358 ഓഹരികളും ടെന്‍ഡര്‍ ചെയ്യാന്‍ കമ്പനി ലക്ഷ്യമിടുന്നു.

മൊത്തം തിരിച്ചുവാങ്ങുന്ന ഓഹരികള്‍ 4,09,63,855 ആണ്. ഓഹരികള്‍ തിരിച്ചു വാങ്ങുമ്പോള്‍ ഓഹരി ഉടമകള്‍ 100 ശതമാനം വിറ്റാല്‍ പ്രൊമോട്ടര്‍മാരുടെ മൊത്തം ഓഹരി പങ്കാളിത്തം ഇപ്പോഴത്തെ 72.3 ശതമാനത്തില്‍ നിന്ന് 72.41 ശതമാനമായി ഉയരും.

ഓഹരി തിരിച്ചു വാങ്ങല്‍ കാലയളവ് അവസാനിക്കുന്നത് മുതല്‍ ഒരു വര്‍ഷത്തേക്ക് കൂടുതല്‍ മൂലധനം സമാഹരിക്കില്ലെന്ന് ടിസിഎസ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ടിസിഎസ് 4,500 രൂപയ്ക്ക് ഓഹരികള്‍ തിരികെ വാങ്ങിയപ്പോള്‍ മൊത്തം 18,000 കോടി രൂപയുടെ ഓഹരികളാണ് തിരിച്ചുവാങ്ങിയത്. 2020, 2018, 2017 വര്‍ഷങ്ങളില്‍ 16,000 കോടി രൂപ വീതമാണ് ഇങ്ങനെ സമാഹരിച്ചത്.

നിലവിലുള്ള വിലയേക്കാള്‍ 18 ശതമാനം പ്രീമിയത്തിലാണ് 2017 ല്‍ ടിസിഎസ് ആദ്യമായി ഓഹരികള്‍ തിരികെ വാങ്ങിയത്. 2018 ജൂണിലും 2020 ഒക്ടോബറിലും യഥാക്രമം 18, 10 ശതമാനം പ്രീമിയത്തില്‍ 16,000 കോടി രൂപ വീതം തിരിച്ചുവാങ്ങി. 2022 ജനുവരിയില്‍ 17 ശതമാനം പ്രീമിയത്തില്‍ 18,000 കോടി രൂപയുടെ ഓഹരികള്‍ കമ്പനി വാങ്ങിയിരുന്നു.

Tags:    

Similar News