ജീവനക്കാര്‍ക്ക് ടാറ്റ സ്‍റ്റീലിന്‍റെ ബോണസ് 42,000 മുതല്‍ 4.6 ലക്ഷം വരെ
യൂണിയനൈസ്ഡ് വിഭാഗത്തിലെ എല്ലാ ജീവനക്കാർക്കും ബോണസ് നല്‍കും;

2022-2023 വർഷത്തെ വാർഷിക ബോണസായി ജീവനക്കാർക്ക് മൊത്തം 314.70 കോടി രൂപ നല്‍കുമെന്ന് ടാറ്റ സ്റ്റീൽ പ്രഖ്യാപിച്ചു. ടാറ്റ വർക്കേഴ്‌സ് യൂണിയനുമായി ധാരണാപത്രം ഒപ്പിട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഈ പ്രഖ്യാപനം. ഈ കാലയളവില്‍ ഒരു ജീവനക്കാരന് നൽകേണ്ട ഏറ്റവും കുറഞ്ഞ ബോണസ് 42,561 രൂപയും കൂടിയ ബോണസ് 4,61,019 രൂപയും ആയിരിക്കും.
കമ്പനിയിലെ ഭൂരിഭാഗം ജീവനക്കാരും 2015-ലെ ബോണസ് (ഭേദഗതി) നിയമത്തിൽ പറഞ്ഞിരിക്കുന്ന പരിധിയേക്കാൾ ഉയർന്ന ശമ്പളം വാങ്ങുന്നതിനാൽ, അവർക്ക് ഈ നിയമപ്രകാരം ബോണസിന് അർഹതയില്ല. എന്നാല്‍ കമ്പനിയുടെ പാരമ്പര്യങ്ങളെ മാനിച്ച്, യൂണിയനൈസ്ഡ് വിഭാഗത്തിലെ എല്ലാ ജീവനക്കാർക്കും കമ്പനി ബോണസ് നൽകാൻ പോകുകയാണെന്ന് ടാറ്റ സ്‍റ്റീല്‍ അറിയിച്ചു.
മാനേജ്‌മെന്റിന് വേണ്ടി സിഇഒയും എംഡിയുമായ ടി വി നരേന്ദ്രൻ, വൈസ് പ്രസിഡന്റ് (എച്ച്ആർഎം) ആത്രയി സന്യാൽ, മറ്റ് സീനിയർ എക്‌സിക്യൂട്ടീവുകൾ എന്നിവരും യൂണിയനെ പ്രതിനിധീകരിച്ച് ടിഡബ്ല്യുയു പ്രസിഡന്റുമായ സഞ്ജീവ് കുമാർ ചൗധരിയും ജനറൽ സെക്രട്ടറി സതീഷ് കുമാർ സിംഗും മറ്റ് ഭാരവാഹികളും ഒപ്പുവച്ചു. ജംഷഡ്പൂർ ഡെപ്യൂട്ടി ലേബർ കമ്മീഷണർ, രാകേഷ് പ്രസാദിന്‍റെ സാന്നിധ്യത്തിലാണ് ഒപ്പുവെക്കല്‍ നടന്നത്.