ഡിഎഫ്‍സിയില്‍ നിന്ന് $425 മില്യണ്‍ സമാഹരിച്ച് ടാറ്റ പവര്‍ റിന്യൂവബിള്‍ എനര്‍ജി
- നിക്ഷേപം തിരുന്നെല്‍വേലി പ്ലാന്‍റിനായി
- 20,000 തൊഴിലവസരങ്ങള്‍ സാധ്യമാക്കും
ടാറ്റ പവർ റിന്യൂവബിൾ എനർജിയുടെ (ടിപിആർഇഎൽ) അനുബന്ധ സ്ഥാപനമായ ടിപി സോളാർ, യുഎസ് ഇന്റർനാഷണൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷനില്‍ (ഡിഎഫ്‌സി) നിന്ന് 425 ദശലക്ഷം ഡോളർ സമാഹരിക്കുന്നു. തമിഴ്‌നാട്ടിൽ വരാനിരിക്കുന്ന, ഗ്രീൻഫീൽഡ് സോളാർ സെല്ലുകളുടെയും മൊഡ്യൂളുകളുടെയും നിര്‍മാണ പ്ലാന്‍റിനായാണ് നിക്ഷേപം സമാഹരണം. തിരുനെൽവേലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന 4.3 ജിഗാവാട്ട് പ്ലാന്റിലെ ആദ്യ മൊഡ്യൂൾ ഉൽപ്പാദനം ഈ വർഷാവസാനത്തോടെയും ആദ്യ സെൽ ഉൽപ്പാദനം 2024 ഏപ്രിലിനും ജൂണിനും ഇടയിലും നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യു.എസ്. കോൺഗ്രസിന്റെ അനുമതിക്ക് വിധേയമായിട്ടായിരിക്കും ഡിഎഫ്‍സി-യുടെ നിക്ഷേപം. ഡിഎഫ്‌സിയുടെ സാമ്പത്തിക പിന്തുണ,പുനരുപയോഗ ഊര്‍ജ്ജമേഖലയിലെ രാജ്യത്തിന്‍റെ മുന്നേറ്റത്തിനും വിതരണ ശൃംഖലയെ ശക്തമാക്കാനും സഹായിക്കുമെന്ന് ടാറ്റ പവര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗിൽ വ്യക്തമാക്കി. 2030-ഓടെ 500 ജിഗാവാട്ടിന്‍റെ പുനരുപയോഗ ഊര്‍ജ്ജ ശേഷി കൈവരിക്കുന്നതിനാണ് ശ്രമിക്കുന്നത്.
തിരുനെൽവേലി മാനുഫാക്ചറിംഗ് പ്ലാന്റ് ഉയർന്ന വാട്ടേജ് സോളാർ മൊഡ്യൂളുകളുടെയും സെല്ലുകളുടെയും ഉല്‍പ്പാദനം സാധ്യമാക്കുന്നതിനായി നൂതന സാങ്കേതികവിദ്യകൾ സമന്വയിപ്പിക്കും. പ്ലാന്റ് പ്രത്യക്ഷമായോ പരോക്ഷമായോ 2,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇവയില്‍ ഭൂരിഭാഗവും സമീപ പ്രദേശങ്ങളില്‍ നിന്നുള്ള വനിതകള്‍ ആയിരിക്കുമെന്നും കമ്പനി പറയുന്നു.
ടാറ്റ പവർ തങ്ങളുടെ പുനരുപയോഗ ഊര്‍ജ്ജ ശേഷി നിലവിലെ 38 ശതമാനത്തില്‍ നിന്ന് 2030-ഓടെ 70 ശതമാനത്തിലേക്ക് വർധിപ്പിക്കാൻ ലക്ഷ്യമിടുന്നു. നിലവിൽ, ടാറ്റ പവറിന്റെ റിന്യൂവബിള്‍ പോർട്ട്‌ഫോളിയോ ഏകദേശം 7.8 ജിഗാവാട്ട് ആണ്. കമ്പനി ഇതിനകം ബെംഗളൂരുവിൽ 500 മെഗാവാട്ട് ശേഷിയുള്ള സോളാർ സെല്‍- മൊഡ്യൂൾ നിർമ്മാണ പ്ലാന്‍റ് പ്രവർത്തിപ്പിക്കുന്നുണ്ട്.