തമിഴ്നാട്ടില്‍ പുതിയ ഐഫോണ്‍ പ്ലാന്‍റ് ലക്ഷ്യമിട്ട് ടാറ്റ ഗ്രൂപ്പ്
- അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഏകദേശം 50,000 തൊഴിലാളികൾക്ക് ജോലി നൽകും
- മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിൽ പ്രതിവർഷം 50 ദശലക്ഷത്തിലധികം ഐഫോണുകൾ നിർമ്മിക്കുക ആപ്പിളിന്‍റെ ലക്ഷ്യം
ഇന്ത്യയിലെ ഏറ്റവും വലിയ ഐഫോൺ അസംബ്ലി പ്ലാന്റുകളിലൊന്ന് നിർമ്മിക്കാൻ ഒരുങ്ങുകയാണ് ടാറ്റ ഗ്രൂപ്പ്. തമിഴ്‌നാട്ടിലെ ഹൊസൂരിലാണ് ഫാക്ടറി നിർമ്മിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്ന് കമ്പനി വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നതായി ബ്ലൂംബെര്‍ഗിന്‍റെ റിപ്പോർട്ട്. ഇന്ത്യയില്‍ മാനുഫാക്ചറിംഗ് സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള ആപ്പിളിന്‍റെ ശ്രമങ്ങളുടെ കൂടി ഭാഗമാണ് ഇത്.
ഏകദേശം 20 അസംബ്ലി ലൈനുകൾ ഉൾക്കൊള്ളുന്ന പുതിയ പ്ലാന്‍റിലൂടെ അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഏകദേശം 50,000 തൊഴിലാളികൾക്ക് ജോലി നൽകാനാണ് ലക്ഷ്യമിടുന്നത്. 12-18 മാസത്തിനുള്ളിൽ സൈറ്റ് പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടാറ്റ ഗ്രൂപ്പ് വൃത്തങ്ങള്‍ പറയുന്നു. പുതിയ പ്ലാന്‍റിനെ കുറിച്ച് ആപ്പിളോ ടാറ്റ ഗ്രൂപ്പോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വിതരണ ശൃംഖലയെ പ്രാദേശികവൽക്കരിക്കാനും ടാറ്റയുമായുള്ള സഹകരണം വർദ്ധിപ്പിക്കാനുമുള്ള ആപ്പിളിന്റെ ശ്രമങ്ങൾക്ക് ഈ പ്ലാന്റ് കരുത്തേകുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ കർണാടകയിലെ വിസ്‌ട്രോൺ കോർപ്പറേഷനിൽ നിന്ന് ഏറ്റെടുത്ത ഐഫോൺ നിർമ്മാണ യൂണിറ്റിന് ടാറ്റ ഗ്രൂപ്പ് മേൽനോട്ടം വഹിക്കുന്നുണ്ട്.
ഇന്ത്യ, തായ്‌ലൻഡ്, മലേഷ്യ തുടങ്ങിയ പ്രദേശങ്ങളില്‍ പങ്കാളിത്തങ്ങള്‍ വളർത്തിയെടുക്കുന്നതിലൂടെ ചൈനയ്‌ക്ക് പുറത്തേക്ക് മാനുഫാക്ചറിംഗ് വിപുലീകരിക്കാനായി ആപ്പിള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആപ്പിളും അതിന്റെ വിതരണക്കാരും അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിൽ പ്രതിവർഷം 50 ദശലക്ഷത്തിലധികം ഐഫോണുകൾ നിർമ്മിക്കാൻ ലക്ഷ്യമിടുന്നതായി വാള്‍സ്ട്രീറ്റ് ജേണലില്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.