സീ- സോണി ലയനം നടന്നിരിക്കും: പുനീത് ഗോയങ്ക

  • ഗോയങ്കയുടെ അഭാവത്തില്‍ സോണി പ്രതിനിധി ലയന കമ്പനിയുടെ സിഇഒ ആയേക്കും
  • സെബിയുടെ നടപടി ഗൗരവമായി കാണുന്നുവെന്ന് സോണി വ്യക്തമാക്കിയിട്ടുണ്ട്
  • ലയനം അനിവാര്യമാണെന്ന് വിശദീകരിച്ച് ഗോയങ്ക

Update: 2023-06-22 09:31 GMT

സംയോജിത കമ്പനിയുടെ സിഇഒ സ്ഥാനത്ത് താന്‍ ഉണ്ടായാലും ഇല്ലെങ്കിലും സീ എന്‍റര്‍ടെയിന്‍മെന്‍റും സോണി പിക്ചേര്‍സിന്‍റെ ഇന്ത്യന്‍ ബിസിനസും തമ്മിലുള്ള ലയനം സംഭവിക്കുമെന്ന് പുനീത് ഗോയങ്ക. ഇക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സീ എന്റർടൈൻമെന്റ് ചെയർമാൻ സുഭാഷ് ചന്ദ്രയ്ക്കും സിഇഒ ആയ ഗോയങ്കയ്ക്കും എതിരായി ഓഹരി വിപണി റെഗുലേറ്ററായ സെബി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിനെ വളരേ ഗൗരവമായി കാണുന്നുവെന്നും നിര്‍ദിഷ്ട ലയനത്തെ ബാധിക്കാനിടയുള്ള സംഭവ വികാസങ്ങളില്‍ നിരീക്ഷണം തുടരുമെന്നും സോണി പിക്ചേര്‍സ് ഇന്നലെ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചിരുന്നു.ഈ പശ്ചാത്തലത്തിലാണ് ഗോയങ്കയുടെ അഭിമുഖം പുറത്തുവന്നിട്ടുള്ളത്.

ലയനത്തിനു ശേഷം രൂപംകൊള്ളുന്ന 10 ബില്യൺ ഡോളറിന്റെ ടിവി സംരംഭത്തിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയും ആകാൻ ഗോയങ്ക തയ്യാറെടുക്കവെയാണ് സെബി ഉത്തരവ് വന്നത്. അടുത്ത ഒരു വർഷക്കാലത്തേക്ക് ഒരു ലിസ്റ്റഡ് കമ്പനിയുടെയും നിര്‍ണായക മാനെജ്മെന്‍റ് പദവികളില്‍ സുഭാഷ് ചന്ദ്രയും ഗോയങ്കയും എത്തരുതെന്നാണ് സെബിയുടെ ഉത്തരവ്. ഇതിനെതിരേ ഇരുവരും സെക്യൂരിറ്റി അപ്പലെറ്റ് ട്രൈബ്യൂണലിനെ സമീപിച്ചിട്ടുണ്ട്.

"സിഇഒ എന്ന നിലയിലുള്ള എന്‍റെ സ്ഥാനം എന്തു തന്നെയായലും സീ-സോണി ലയനത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ലയനത്തിലൂടെ ഉണ്ടാകുന്ന സ്ഥാപനം സോണിയുടെ നിയന്ത്രണത്തിലായിരിക്കും, അവർ പ്രൊമോട്ടർ, എംഡി, സിഇഒ എന്നീ നിലകളിൽ എന്നെ നിലനിർത്താൻ തീരുമാനിക്കുകയായിരു്നനു," ഗോയങ്ക പറഞ്ഞു.  ആ പദവികൾ വഹിക്കുന്നതിൽ നിന്ന് നിയമം തന്നെ തടയുന്നുവെങ്കിലും, അതിന്‍റെ പേരില്‍ ലയനം ഇല്ലാതാകേണ്ടതില്ല. അങ്ങനെ സംഭവിക്കുന്നത് ഇതുമായി ബന്ധപ്പെട്ട എല്ലാവരെയും, അതുപോലെ തന്നെ ഈ മേഖലയെ മൊത്തമായും പ്രതികൂലമായി ബാധിക്കുമെന്നും ഗോയങ്ക ചൂണ്ടിക്കാണിക്കുന്നു. 

തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ കമ്പനികളിലൂടെ സീ എന്‍റര്‍പ്രൈസസിന്‍റെ വരുമാനം വകമാറ്റി ചെലവഴിക്കാന്‍ സുഭാഷ് ചന്ദ്രയും ഗോയങ്കയും നേതൃത്വം നല്‍കിയെന്നാണ് സെബി വിലയിരുത്തുന്നത്. സെബി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ഗോയങ്കയ്ക്ക് മാറിനില്‍ക്കേണ്ടി വന്നാല്‍ സോണിയുടെ പ്രതിനിധിയായ ആരെങ്കിലുമാകും ലയന സംരംഭത്തിന്‍റെ സിഇഒ ആയി എത്തുക. 

Tags:    

Similar News