സമയം നീട്ടാന്‍ സോണി തയാറായേക്കില്ല; സീ ഓഹരികള്‍ക്ക് വന്‍ ഇടിവ്

  • ഡിസംബര്‍ 21നാണ് ലയനം പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ചിട്ടുള്ളത്
  • കമ്പനികള്‍ക്കിടയിലെ പ്രധാന തര്‍ക്കം സിഇഒ നിയമനത്തെച്ചൊല്ലി
  • ലയന കരാറിന്‍റെ മൂല്യം 10 ബില്യണ്‍ ഡോളര്‍
;

Update: 2023-12-19 07:42 GMT
sony may not be ready to extend the time, zee shares fell sharply
  • whatsapp icon

ലയനത്തിന്‍റെ സമയപരിധി നീട്ടണമെന്ന സീ (ZEE) എന്റർടൈൻമെന്റ് എന്റർപ്രൈസസിന്റെ ആവശ്യം സോണി പിക്ചേര്‍സ് നെറ്റ്‍വര്‍ക്ക് ഇന്ത്യ അംഗീകരിക്കാനിടയില്ലെന്ന് സൂചന. സമയ പരിധി നീട്ടുന്നതിന് തീരുമാനമെടുത്തിട്ടില്ലെന്നും ഇക്കാര്യത്തിലെ തീരുമാനത്തിന് മുമ്പ് സീ മുന്നോട്ടുവെക്കുന്ന നിര്‍ദേശം എന്താണെന്ന് പരിശോദിക്കേണ്ടതുണ്ടെന്നും സോണി പിക്ചേര്‍സ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് സീ ഓഹരികള്‍  ഇൻട്രാഡേ വ്യാപാരത്തില്‍ 5 ശതമാനത്തോളം നഷ്ടം നേരിട്ടു.

രാജ്യത്തെ വിനോദ വ്യവസായ മേഖലയിലെ ഏറ്റവും വലിയ ഇടപാടായാണ് നിര്‍ദിഷ്ട ലയനം വിലയിരുത്തപ്പെടുന്നത്. എന്നാല്‍, നീണ്ട ചർച്ചകൾക്ക് ശേഷവും  ഈ കരാര്‍ പ്രതിസന്ധിയില്‍ തുടരുകയാണ്.  സംയുക്ത സ്ഥാപനത്തിന്‍റെ സിഇഒ നിയമനം, ലയനത്തിന്റെ സാധ്യതയെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം എന്നിവയെല്ലാം 10 ബില്യൺ ഡോളറിന്റെ ലയനത്തെ പ്രതിസന്ധിയിലാക്കുന്നു. 

സോണി ഇന്ത്യയുമായുള്ള ലയനത്തിന് അന്തിമരൂപം നൽകാൻ കൂടുതല്‍ സമയം വേണമെന്ന് ഞായറാഴ്ചയാണ് സീ ഔദ്യോഗികമായി ആവശ്യപ്പെട്ടത്. ലയന നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് നിലവില്‍ നിശ്ചയിച്ചിട്ടുള്ള അവസാന തീയതി ഡിസംബർ 21 ആണ്. രണ്ട് മീഡിയ കമ്പനികളും ലയന ഉടമ്പടി ഒപ്പുവെച്ച് രണ്ട് വർഷം തികയുന്ന ദിവസം കൂടിയാണ് ഇത്. ലയനത്തിന് ആവശ്യമായ അനുമതികൾ ലഭിച്ചെങ്കിലും, സിഇഒ നിയമനവുമായി ബന്ധപ്പെട്ടും മറ്റ് ചില വിഷയങ്ങളിലും ഇരു കമ്പനികള്‍ക്കും ഇടയില്‍ വിയോജിപ്പുകള്‍ തുടരുകയാണ്. 

സീയുടെ സ്ഥാപകരായ സുഭാഷ് ചന്ദ്ര കുടുംബം, ലയിപ്പിച്ച സ്ഥാപനത്തിന്റെ സിഇഒ ആയി പുനിത് ഗോയങ്കയെ നിയമിക്കുന്നതിന് താല്‍പ്പര്യപ്പെടുന്നു. എന്നാല്‍ ഗോയങ്കക്കെതിരേ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ നടത്തുന്ന അന്വേഷണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇതി അംഗീകരിക്കാന്‍ സോണി ഇന്ത്യ തയാറായിട്ടില്ല. 

ഇടപാട് നടക്കുകയാണെങ്കിൽ, സംയുക്ത സ്ഥാപനത്തില്‍ സോണി ഓഹരിയുടമകൾക്ക് 50.86 ശതമാനവും സീയുടെ പ്രമോട്ടർമാർക്ക് 3.99 ശതമാനവും പങ്കാളിത്തം ഉണ്ടാകും. ശേഷിക്കുന്ന 45.15 ശതമാനം ഓഹരി സീയുടെ ഓഹരിയുടമകൾക്കാണ്. 

ഉച്ചയ്ക്ക് 1.10നുള്ള നില അനുസരിച്ച് 3.46 ശതമാനം ഇടിവോടെ 270.80 രൂപയിലാണ് സീ-യുടെ ഓഹരികള്‍. 

Tags:    

Similar News