ലയനം പുനഃപരിശോധിച്ചേക്കും; സീ-യിലെ പ്രശ്‍നങ്ങള്‍ ഗൗരവമുള്ളതെന്ന് സോണി
- ലയനത്തെ ബാധിക്കുന്ന സംഭവ വികാസങ്ങളില്‍ നിരീക്ഷണം തുടരുന്നു
- ലയനത്തിന്‍റെ ഭാവി സംബന്ധിച്ച് വരുന്ന റിപ്പോര്‍ട്ടുകളില്‍ പലതും അവാസ്തവമെന്നും സോണി
- 2021 സെപ്റ്റംബറിലാണ്, ഇരു കമ്പനികളും ലയനത്തിനുള്ള ധാരണയിലെത്തിയത്
സീ എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ പ്രൊമോട്ടര്‍മാര്‍ക്കെതിരേ ഓഹരി വിപണി നിയന്ത്രകരായ സെബി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിനെ വളരേ ഗൗരവത്തോടെ കാണുന്നുവെന്ന് സോണി പിക്‌ചേഴ്‌സ് എന്റർടൈൻമെന്റ് (എസ്‍പിഇ). തങ്ങളുടെ ഇന്ത്യൻ ബിസിനസും സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡും തമ്മിലുള്ള ലയന കരാറിനെ ബാധിച്ചേക്കാവുന്ന സംഭവവികാസങ്ങളെ നിരീക്ഷിക്കുന്നത് തുടരുമെന്ന് സോണി പിക്ചേഴ്സ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. സോണി ലയന ഇടപാടില്‍ ഉറച്ചുനില്‍ക്കുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കൂടിയാണ് സോണി ഈ വിശദീകരണം നല്‍കിയിട്ടുള്ളത്.
എസ്സെൽ ഗ്രൂപ്പ് ചെയർമാൻ സുഭാഷ് ചന്ദ്രയെയും സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ് എംഡിയും സിഇഒയുമായ പുനിത് ഗോയങ്കയെയും ഏതെങ്കിലും ലിസ്റ്റഡ് കമ്പനിയുടെയും മുഖ്യ സ്ഥാനങ്ങളില്‍ വിലക്കിക്കൊണ്ടാണ് സെബി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെ ചോദ്യം ചെയ്‌ത് ചന്ദ്രയും ഗോയങ്കയും കഴിഞ്ഞ ആഴ്ച സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചു.
സെബിയുടെ ഇടക്കാല ഉത്തരവിനെത്തുടർന്ന്, ലയന കരാറിന്‍റെ ഭാവി സംബന്ധിച്ച് നിരവധി തെറ്റായ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളതെന്നും ഇടപാടിനെ ബാധിച്ചേക്കാവുന്ന സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നത് തുടരുമെന്നും സോണി പിക്ചേര്‍സിന്‍റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ലിസ്റ്റഡ് കമ്പനിയായ സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡിന്റെ (ZEEL) ഫണ്ട് വകമാറ്റി തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ കമ്പനികളിലൂടെ തിരിച്ചുവിട്ടുവെന്നും ക്രമരഹിതമായ ഇടപാടുകള്‍ നടത്തിയെന്നും തെറ്റായ വെളിപ്പെടുത്തലുകളും പ്രസ്താവനകളും സമര്‍പ്പിച്ചുവെന്നുമാണ് സീ പ്രൊമോട്ടര്‍മാര്‍ക്കെതിരായ നടപടിക്ക് കാരണമായി സെബി ചൂണ്ടിക്കാണിക്കുന്നത്. കമ്പനി മാനെജ്മെന്‍റിന്‍റെയും നിക്ഷേപകരുടെയും താല്‍പ്പര്യം സംരക്ഷിക്കുന്നതിന് അടിയന്തര നടപടി വേണമെന്നും എസ്എടി-യില്‍ സെബി വാദിക്കുന്നു.
2021 സെപ്റ്റംബറിലാണ്, സോണി പിക്ചേര്‍സ് നെറ്റ്‌വർക്ക്സ് ഇന്ത്യയും സീ ലിമിറ്റഡും തമ്മില്‍ തങ്ങളുടെ ലീനിയർ നെറ്റ്‌വർക്കുകൾ, ഡിജിറ്റൽ ആസ്‍തികള്‍, പ്രൊഡക്ഷൻ ഓപ്പറേഷനുകൾ, പ്രോഗ്രാം ലൈബ്രറികൾ എന്നിവ ലയിപ്പിക്കുന്നതിനുള്ള നോൺ-ബൈൻഡിംഗ് കരാറില്‍ എത്തിയത്.ലയന സ്ഥാപനത്തിന് 70-ലധികം ടിവി ചാനലുകളും രണ്ട് വീഡിയോ സ്ട്രീമിംഗ് സേവനങ്ങളും (ZEE5, Sony LIV) രണ്ട് ഫിലിം സ്റ്റുഡിയോകളും ഉണ്ടാകുമെന്നും ഇത് ഇന്ത്യയിലെ ഏറ്റവും വലിയ വിനോദ ശൃംഖലയായി മാറുമെന്നും കണക്കാക്കപ്പെടുന്നു.
കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ലയനത്തിന് ഉപാധികളോടെ അനുമതി നൽകിയതിന് പിന്നാലെ, കഴിഞ്ഞ വർഷം ഒക്ടോബറിൽ സീ ലിമിറ്റഡിന്‍റെ ഓഹരി ഉടമകളും ലയനത്തിന് അംഗീകാരം നല്‍കിയിരുന്നു. എങ്കിലും, ഒരു സീ ഗ്രൂപ്പ് സ്ഥാപനത്തിന്റെ വായ്പാ കുടിശ്ശിക സംബന്ധിച്ച നിയമപോരാട്ടവും ലയനത്തിനുള്ള അനുമതികൾ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾ പുനഃപരിശോധിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും ഉൾപ്പെടെയുള്ള കാരണങ്ങളാൽ ലയനം നടപ്പാക്കുന്നത് വൈകുകയാണ്.