ദശാബ്ദത്തിലെ ശക്തമായ മുന്നേറ്റം, അറിയാം ഈ സ്‌മോൾക്യാപ് കമ്പനിയെ
- ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബൈ മെറ്റൽ കമ്പനി
- ഇവി, സ്മാർട്ട് മീറ്റർ മേഖലയിലെ വളർച്ച കമ്പനിക്ക് ഗുണകരം
ഓഹരി വിപണിയിൽ ആയിരകണക്കിന് കമ്പനികളാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. അതിൽ ദീർഘ കാലത്തേക്ക് സുരക്ഷിതമായി നിക്ഷേപിക്കാൻ കഴിയുന്ന മികച്ച കമ്പനികളാണ് നിക്ഷേപകർക്ക് പ്രിയം. ലിസ്റ്റ് ചെയ്തിട്ടുള്ള എല്ലാ കമ്പനികളുടെയും വളർച്ച സാധ്യതകളെ മനസിലാക്കുക എന്നത് പ്രയാസകരമാണ്. വിപണിയിലെ പല ലാർജ്ക്യാപ് കമ്പനികളെയും നിക്ഷേപകർ സ്ഥിരമായി തിരഞ്ഞെടുക്കുന്നതിന് പിന്നിലുള്ള മനഃശാസ്ത്രവും ഇത് തന്നെയാണ്. ഒരു കമ്പനിയുടെ വളർച്ചയെ സ്വാധീനിക്കുന്ന ഏറ്റവും അടിസ്ഥാനം ഘടകം എന്നത് ആ കമ്പനി നൽകുന്ന ഉത്പന്നത്തിന്റെയോ, സേവനത്തിന്റെയോ ഭാവിയാണ്. എന്നാൽ പല സ്‌മോൾക്യാപ് കമ്പനികൾക്കുമുള്ള സാധ്യതകളെ നിക്ഷേപകർ അറിയാതെ പോകുന്നു. ഇത്തരത്തിൽ കഴിഞ്ഞ 10 വർഷത്തിൽ ഏകദേശം 10,000 ശതമാനത്തിലധികം റിട്ടേൺ നൽകിയ ഒരു സ്‌മോൾ ക്യാപ് കമ്പനിയുണ്ട്, ശിവാലിക്ക് ബൈ മെറ്റൽ കണ്ട്രോൾ ലിമിറ്റഡ് . തെർമോ സ്റ്റാറ്റിക് ബൈ മെറ്റൽ നിർമാണത്തിൽ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കമ്പനിയായ ശിവാലിക് ബൈമെറ്റൽലിമിറ്റഡിന് ഭാവിയിലേക്ക് അനന്ത സാധ്യതകളാണ് ഉള്ളത്.
കമ്പനിയെ കുറിച്ച്
തെർമോ സ്റ്റാറ്റിക്ക് ബൈമെറ്റൽ, ട്രൈമെറ്റൽ സ്ട്രിപ്സ്, കറന്റ് സെൻസ് മെറ്റൽ സ്ട്രിപ്പ്, ഇലക്ട്രോൺ ബീം വെൽഡഡ് ഉത്പന്നങ്ങൾ, ഷണ്ട് റെസിസ്റ്ററുകൾ എന്നിവ നിർമിക്കുന്ന കമ്പനിയാണ് ശിവാലിക് ബൈമെറ്റൽ. ബൈമെറ്റൽ ഉത്‌പാദനത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നായ ശിവലിക്കിന് തെർമോസ്റ്റാറ്റിക് ബൈമെറ്റൽ സ്ട്രിപ്പുകളുടെ വിപണിയിൽ 65 ശതമാനത്തിലധികം വിപണി വിഹിതമാണുള്ളത്. ഹിമാചൽ പ്രാദേശിലാണ് കമ്പനിയുടെ നിർമാണയുണിറ്റ് സ്ഥിതി ചെയുന്നത്. 1984 ൽ എസ്.എസ് സന്ധു, എൻ.എസ് ഗുമ്മൻ എന്നിവർ ചേർന്നാണ് കമ്പനി സ്ഥാപിച്ചത്. 1985 ഫെബ്രുവരിയിലാണ് വിപണിയിൽ ലിസ്റ്റ് ചെയ്തത്. ഡിഫ്യുഷൻ ബോണ്ടിങ്, ക്ലാഡിങ്, വെൽഡിങ്, റെസിസ്റ്റൻസ് വെൽഡിങ് എന്നി വിവിധ മാർഗങ്ങളിലൂടെയാണ് ഉത്പന്നങ്ങൾ നിർമിക്കുന്നത്. ഇലട്രിക്കൽ, ഇലക്ട്രോണിക്സ്, ഓട്ടോ മോട്ടീവ്, വ്യാവസായിക മേഖലകളിൽ കമ്പനിയുടെ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ട്. കൂടാതെ കാർഷിക, ആരോഗ്യ, പ്രതിരോധ മേഖലകളിലും ഉത്പന്നങ്ങളുടെ ഉപയോഗം പ്രകടമാണ്. കമ്പനിയുടെ ഉത്പന്നങ്ങൾക്ക് വൈവിധ്യമാർന്ന ഉപയോഗങ്ങളാണുള്ളത്. മാത്രമല്ല പല ഒഇഎം (Original Equipment Manufacturers) കമ്പനികൾക്കും സേവനങ്ങൾ നൽകുന്നുണ്ട്.
ബൈമെറ്റൽ വിഭാഗത്തിലെ പ്രധാനി
രണ്ടോ അതിലധികമോ മെറ്റലുകൾ വ്യത്യസ്ത താപം കടത്തിവിട്ട് ഒരുമിപ്പിച്ച് ഉണ്ടാക്കുന്നതാണ് ബൈമെറ്റൽ. ബൈമെറ്റൽ പാർട്ടുകൾ ഉത്‌പാദിപ്പിക്കുന്ന വളരെ കുറച്ചു കമ്പനികൾ മാത്രമേ ഇന്ത്യയിൽ ഉള്ളു. അതിനാൽ തന്നെ പല ഒഇഎം കമ്പനികൾക്കും കഴിഞ്ഞ 30 വർഷങ്ങളായി കമ്പനി സേവനങ്ങൾ നൽകുന്നുണ്ട്. സ്വിച്ച് ഗിയർ, എനർജി മീറ്റർ, ഇലട്രിക്കൽ ഉപകരണങ്ങൾ, ഓട്ടോമോട്ടീവ്, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയിൽ ബൈമെറ്റൽ ഉപയോഗം വരുന്നുണ്ട്. ഓഫീസുകൾ, റെഫ്രിജറേറ്ററുകൾ, എന്നിവയിൽ താപനില അളക്കുന്നതിനു ഉപയോഗിക്കുന്ന തെർമോമീറ്ററിൽ ഇത് ഉപയോഗിക്കുന്നു. താപനില നിയന്ത്രിക്കുന്ന ഉപകരണങ്ങളിലും ഇതിന്റെ ഉപയോഗം ഉണ്ട്. സർക്യുട്ട് ബ്രെക്കെർ, ഇലട്രിക്കൽ സ്റ്റൗ, ടോസ്‌റ്റർ ഓവൻ, ഇലട്രിക്കൽ ഗ്രിഡിൽസ് എന്നിവയിലും ഉപയോഗിക്കുന്നുണ്ട്. ആഭ്യന്തര വിപണിയിൽ ഈ മേഖലയിൽ കമ്പനിക്ക് 80 -85 % വിപണി വിഹിതമാണ് ഉള്ളത്.
ഷണ്ട് റെസിസ്റ്ററുകൾ
കമ്പനി നിർമിക്കുന്ന മറ്റൊരു പ്രധാന ഉത്പന്നമാണ് ബൈമെറ്റൽ ഷണ്ട് റെസിസ്റ്ററുകൾ. ഓട്ടോമോട്ടീവ്, വ്യാവസായിക ഉപകരണങ്ങളുടെ വിഭാഗത്തിൽ ഉപയോഗിക്കുന്ന ഉപകാരണമാണിത്. ഇലട്രിക് കറന്റ്, കുറഞ്ഞ റെസിസ്റ്റൻസിൽ കടത്തി വിടാൻ ഈ ഉപകരണം സഹായിക്കുന്നു. കറന്റ് തീവ്രത അളക്കാൻ ഉപയോഗിക്കുന്ന എനർജി മീറ്റർ, ഇന്റലിജന്റ് ബാറ്ററി സെൻസർ, എസി/ഡിസി കൺവെർട്ടർ, ഇൻവെർട്ടർ, യുപിഎസ്, ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം(BMS) എന്നിവയിലാണ് ഇതിന്റെ ഉപയോഗം വരുന്നത്.
ഇവിയിലെ സാധ്യതകൾ
ഇവി വാഹങ്ങളിലുള്ള ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റത്തിൽ(BMS ) ഷണ്ട് റെസിസ്റ്ററുകൾ ഉപയോഗിക്കുന്നുണ്ട്. ബാറ്ററി ചാർജ് ചെയ്യുമ്പോൾ ഹൈ വോൾടേജ് മൂലം ബാറ്ററി കേടുവരാനുള്ള സാധ്യത കൂടുതലാണ്. ഇതിനു പരിഹാരമായാണ് ഷണ്ട് റെസിസ്റ്ററുകൾ ഉപയോഗിക്കുന്നത്. ഇത് ഉത്പാദിപ്പിക്കുന്ന ധാരാളം കമ്പനികൾ ആഗോള തലത്തിൽ ഉണ്ടെങ്കിലും കുറഞ്ഞ ടെമ്പറേച്ചർ കോഎഫിഷ്യന്റിൽ ഷണ്ട് റെസിസ്റ്ററുകൾ നിർമിക്കുന്ന ചുരുക്കം ചില കമ്പനികളിലൊന്നാണ് ശിവാലിക് ബൈമെറ്റൽ. BMS ൽ ഉപയോഗിക്കുന്നതിനു പുറമെ ചാർജിങ് സ്റ്റേഷനുകളിലും ഇതിന്റെ ഉപയോഗമുണ്ട്. രാജ്യത്ത് ഇവി മേഖല പ്രോത്സാഹിപ്പിക്കുന്നതിനായി ധാരാളം നടപടികളാണ് സർക്കാർ ഭാഗത്തു നിന്നുണ്ടാകുന്നത്. കൂടുതൽ ഇലട്രിക് വാഹനങ്ങൾ ഉത്പാദിപ്പിക്കുന്നതിനും, രാജ്യത്തുടനീളം ഇവി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുമായി 'നാഷണൽ ഇലക്ട്രിക് മൊബിലിറ്റി മിഷൻ പ്ലാൻ' ഉൾപ്പെടയുള്ള പദ്ധതികൾ അതിനുദാഹരണമാണ്. ഇത് കമ്പനിക്കും ഏറെ ഗുണകരമാകും. കഴിഞ്ഞ രണ്ട് വർഷത്തെ കമ്പനിയുടെ വളർച്ചയിൽ പ്രധാന പങ്ക് വഹിച്ചതും ഷണ്ട് റെസിസ്റ്ററിൽ ഉണ്ടായ ഡിമാൻഡ് വർധനയാണ്. പുതിയ ഇവി വാഹനങ്ങളുടെ വില്പന 2028 ൽ 25 ശതമാനമായി വർധിക്കുമെന്നാണ് കരുതുന്നത്. ഇവികളുടെ BMS ൽ ഉപയോഗിക്കുന്നതിനു പുറമെ , വൈദ്യുതി വിതരണ കമ്പനികൾ ഉപയോഗിക്കുന്ന സ്മാർട്ട് മീറ്ററുകളിലും ഷണ്ട് റെസിസ്റ്ററുകൾ ഉപയോഗിക്കുന്നു. കാറുകളുടെ ഓട്ടോമേഷൻ വർദ്ധിക്കുന്നതോടെ, ഷണ്ട് റെസിസ്റ്ററിന്റെ ഉപയോഗം കൂടുതൽ വർധിക്കും.
ഹണിവെൽ ഓട്ടോമേഷൻ ഇന്ത്യ ലിമിറ്റഡ്, സീമെൻസ്, ലാർസെൻ ആൻഡ് റ്റ്യുബ്രോ, പ്രമുഖ എഫ്എംഇജി കമ്പനിയായ ഹാവെൽസ് എന്നിവർ കമ്പനിയുടെ പ്രധാന ക്ലയന്റുകളാണ്.
പാദഫലം
2023 സാമ്പത്തിക വർഷത്തിൽ മാർച്ചിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ വില്പന 23.31 % വർധിച്ച് 89.32 കോടി രൂപയായി. എബിറ്റെട 37.96 % വർധിച്ച് 28.64 കോടി രൂപയായി. അറ്റാദായത്തിൽ 42.39% വർധനവാണ് ഉണ്ടായത്. അറ്റാദായം 18.90 കോടി രൂപയായി. ഇപിഎസ് (Earning Per Share) 3.28 രൂപയായി. കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ 35.5% ത്തിന്റെ CAGR ( സംയുക്ത വാർഷിക വളർച്ച നിരക്ക് )ആണ് ലാഭത്തിൽ കമ്പനി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ 10 വർഷങ്ങളിലായി 18% ത്തിന്റെ വില്പന വളർച്ചയും കമ്പനിക്കുണ്ടായിട്ടുണ്ട്. 10 വർഷങ്ങൾക്കു മുൻപ് ഏകദേശം 6 രൂപ മാത്രമുണ്ടായിരുന്ന ഓഹരി ഇന്ന് 600 രൂപയിലാണ് വ്യാപാരം ചെയ്യുന്നത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ മികച്ച വളർച്ച കൈവരിച്ച ഒരു മൾട്ടിബാഗർ സ്മോൾക്യാപ് കമ്പനിയാണ് ശിവാലിക് ബൈമെറ്റൽ എന്നത് നിസംശയം പറയാം. മാത്രമല്ല ഇവി, സ്മാർട്ട് മീറ്റർ മേഖലയിലെ വളർച്ച കമ്പനിയുടെ വളർച്ചയ്ക്കും കാര്യമായി സഹായിക്കും.