ബി-ടെക് ബിരുദക്കാരെ തേടി റിലയന്‍സ്, അപേക്ഷിക്കാം 19 വരെ

  • അവസരം അവസാന വർഷ വിദ്യാർത്ഥികള്‍ക്ക്
  • ജനുവരി 11 മുതല്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു
  • ക്യാംപസ് റിക്രൂട്ട്മെന്‍റിലെ പരിമിതികള്‍ മറികടക്കുക ലക്ഷ്യം

Update: 2024-01-12 09:05 GMT

ഗ്രാജുവേറ്റ് എൻജിനീയർ ട്രെയിനി 2024 എന്ന പേരിലാണ് യുവ എഞ്ചിനീയർമാർക്കു വേണ്ടിയുള്ള എൻട്രി ലെവൽ റിക്രൂട്ട്‌മെന്റ് ഡ്രൈവിന് റിലയന്‍സ് തുടക്കമിട്ടിട്ടുള്ളത്. രാജ്യവ്യാപകമായി നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ തങ്ങളുടെ വിവിധ ബിസിനസ് മേഖലകളില്‍ മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിനും വൈദഗ്ധ്യം പരിപോഷിപ്പിക്കുന്നതിനും കമ്പനി ലക്ഷ്യമിടുന്നു.

പദ്ധതിക്കുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ജനുവരി 11 മുതൽ ജനുവരി 19 വരെ രാജ്യത്തെ യുവ എന്‍ജിനീയര്‍മാര്‍ക്ക് ഈ ട്രെയിനിംഗ് പ്രോഗ്രാമിനായി രജിസ്‍റ്റര്‍ ചെയ്യാന്‍ അവസരമുണ്ടെന്ന് റിലയന്‍സിന്‍റെ വെബ്‌സൈറ്റിൽ പറയുന്നു.

സാധാരണയായി നടത്താറുള്ള ക്യാമ്പസ് റിക്രൂട്ട്‌മെന്‍റുകളില്‍ ചില കാംപസുകളിലെയും മേഖലകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് അവസരം ലഭിക്കാറുള്ളത്. പുതിയ പദ്ധതിയിലൂടെ ഈ പരിമിതി മറികടക്കുന്നതിനാണ് റിലയന്‍സ് ശ്രമിക്കുന്നത്. ഇന്ത്യയിലെ എല്ലാ യുവ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കും തുല്യ അവസരം നൽകാന് ഓണ്‍ലൈനിലൂടെയുള്ള പ്രക്രിയയിലൂടെ സാധിക്കും.

2024 ബാച്ചിലുള്ള ബി ടെക്, ബിഇ ബിരുദധാരികളില്‍ നിന്നാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. കെമിക്കൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ തുടങ്ങിയ വിവിധ മേഖലകളില്‍ അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. ഷോർട്ട്‌ലിസ്റ്റ് ചെയ്ത വിദ്യാർത്ഥികൾക്കായുള്ള ഓൺലൈൻ മൂല്യനിർണ്ണയം ഫെബ്രുവരി 5 നും 8 നും ഇടയിൽ നടത്തും. ഇതില്‍ നിന്ന് ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ ഫെബ്രുവരി 23 മുതൽ മാർച്ച് 1 വരെ വ്യക്തിഗത അഭിമുഖത്തിന് വിളിക്കുമെന്നും അന്തിമ തിരഞ്ഞെടുപ്പ് മാര്‍ച്ച് അവസാനത്തോടെ നടക്കുമെന്നും റിലയൻസ് പറഞ്ഞു.

യോഗ്യതാ മാനദണ്ഡങ്ങളും മുഴുവൻ പ്രക്രിയയെക്കുറിച്ചുള്ള വിവരങ്ങളും നല്‍കുന്നതിനും ഓൺലൈൻ രജിസ്ട്രേഷനുകൾ സ്വീകരിക്കാനും റിലയൻസ് ഒരു ഡെഡിക്കേറ്റഡ് വെബ്സൈറ്റ് സൃഷ്ടിച്ചിട്ടുണ്ട്.

Tags:    

Similar News