കുഞ്ഞുടുപ്പിന് ആലിയ ഭട്ടുമായി കൈകോര്‍ത്ത് റിലയന്‍സ് റീട്ടെയില്‍
- എഡ്-എ-മമ്മയിൽ 51 ശതമാനം ഓഹരി റിലയന്‍സ് എടുക്കും
- ലിസ്‍റ്റിംഗിന് മുന്നോടിയായി വന്‍ വിപുലീകരണം
ബോളിവുഡ് താരം ആലിയ ഭട്ടിന്‍റെ ഉടമസ്ഥതയിലുള്ള കിഡ്‍സ്‍വെയര്‍ ബ്രാൻഡായ എഡ്-എ-മമ്മയിൽ 51 ശതമാനം ഓഹരി എടുക്കുമെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്‌ലറായ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സ് പ്രഖ്യാപിച്ചു. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായി റിലയന്‍സ് റീട്ടെയില്‍ നടത്തുന്ന വന്‍ വിപുലീകരണത്തിന്‍റെ ഭാഗമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് കഴിഞ്ഞ മാസം 10000 കോടി ഡോളറിന്‍റെ മൂല്യനിർണയത്തിൽ ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയിൽ നിന്ന് 100 കോടി ഡോളർ സമാഹരിച്ചു, സെപ്റ്റംബർ അവസാനത്തോടെ ഏകദേശം 250 കോടി ഡോളർ സമാഹരിക്കാൻ ആഗോള നിക്ഷേപകരുമായി ചർച്ചകൾ നടത്തിവരികയാണ്.
റിലയൻസ് റീട്ടെയിലിന് നിലവില്‍ 18,000-ത്തിലധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ഉണ്ട്. പലചരക്ക് സാധനങ്ങൾ മുതൽ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ വരെയുള്ളവ വില്‍ക്കുന്നു. വസ്ത്രങ്ങളുടെ വിപണനത്തിന് ആഭ്യന്തര ബ്രാന്‍ഡുകളുമായും വിദേശ ബ്രാന്‍ഡുകളുമായും പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്.
എഡ്-എ-മമ്മയുടെ ഓഹരികള്‍ ഏറ്റെടുക്കുന്നതിന്‍റെ ഇടപാട് മൂല്യം ഇരു കമ്പനികളും വെളിപ്പെടുത്തിയിട്ടില്ല. മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയാണ് റീട്ടെയിൽ ബിസിനസിന് നേതൃത്വം നൽകുന്നത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ബോർഡിൽ കഴിഞ്ഞ മാസമാണ് ഇഷ നിയമിതയായത്.