റിലയന്‍സ് റീട്ടെയ്‌ലില്‍ വമ്പന്‍ നിക്ഷേപവുമായി ഖത്തര്‍ സോവറിന്‍ ഫണ്ട്; റിലയന്‍സ് ഓഹരികള്‍ കുതിച്ചുയര്‍ന്നു
- 2020-ല്‍ സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് 1.3 ബില്യന്‍ ഡോളര്‍ നിക്ഷേപിച്ചിരുന്നു
- ബിഎസ്ഇയില്‍ RIL ഓഹരികള്‍ 2 ശതമാനം ഉയര്‍ന്ന് 2,533.45 രൂപയിലെത്തി
- ഇഷ അംബാനിയുടെ നേതൃത്വത്തിലാണ് റിലയന്‍സ് റീട്ടെയ്ല്‍ ബിസിനസ്
ഖത്തര്‍ സോവറിന്‍ ഫണ്ടായ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി (ക്യുഐഎ) റിലയന്‍സ് റീട്ടെയ്‌ലില്‍ വമ്പന്‍ നിക്ഷേപം നടത്താനൊരുങ്ങുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (ആര്‍ഐഎല്‍) ഓഹരികള്‍ ജുലൈ 26 ബുധനാഴ്ച രാവിലെ വ്യാപാരത്തിനിടെ രണ്ട് ശതമാനം കുതിച്ചുയര്‍ന്നു.
റിലയന്‍സ് റീട്ടെയ്‌ലിലെ ഓഹരികള്‍ വാങ്ങാന്‍ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നു ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
വാര്‍ത്തയെത്തുടര്‍ന്ന്, ബിഎസ്ഇയില്‍ ആര്‍ഐഎല്‍ ഓഹരികള്‍ 2 ശതമാനം ഉയര്‍ന്ന് 2,533.45 രൂപയിലെത്തി. ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി 100 കോടി ഡോളര്‍ നിക്ഷേപിക്കുമെന്നാണ് റിപ്പോര്‍ട്ട്.
റിലയന്‍സ് റീട്ടെയ്‌ലിലെ 2.04 ശതമാനം ഓഹരികള്‍ക്കായി 2020-ല്‍ സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് 130 കോടി ഡോളര്‍ നിക്ഷേപിച്ചിരുന്നു.
റിലയന്‍സ് റീട്ടെയ്ല്‍ ലിമിറ്റഡില്‍ (RRL) നോണ്‍ പ്രൊമോട്ടര്‍മാര്‍ കൈവശം വച്ചിരിക്കുന്ന ഓഹരികള്‍ റദ്ദാക്കുമെന്നും ഓഹരി ഉടമകള്‍ക്ക് ഓരോ ഷെയറിനും 1,362 രൂപ നല്‍കുമെന്നും ജുലൈ മാസം ആദ്യം റിലയന്‍സ് പ്രഖ്യാപിച്ചിരുന്നു. ലക്ഷ്വറി ഫാഷനില്‍ നിന്ന് റിലയന്‍സ് റീട്ടെയ്ല്‍ അതിന്റെ കണ്‍സ്യൂമര്‍ ബിസിനസ്സ് പലചരക്ക് സാധനങ്ങളിലേക്കു വിപുലീകരിക്കുകയാണ്. മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ നേതൃത്വത്തിലാണ് റീട്ടെയ്ല്‍ ബിസിനസ് വിപുലീകരണത്തിനായി വന്‍ തുക ചെലവഴിക്കുന്നത്.