കഷ്ടകാലം ഒഴിയാതെ ബൈജൂസ്; മൂല്യം ഗണ്യമായി കുറക്കുമെന്ന് പീക്ക് XV പാര്‍ട്‍ണേര്‍സ്

  • ഇന്‍സ്റ്റിറ്റ്യൂഷ്‍ണല്‍ നിക്ഷേപകരുടെ പ്രതിനിധികള്‍ ബോര്‍ഡില്‍ നിന്ന് രാജിവെച്ചു
  • കോര്‍‍പ്പറേറ്റ് ഭരണത്തിന് സുതാര്യതയില്ലെന്ന് നിരീക്ഷണം
  • ഉപദേശങ്ങളും നിര്‍ദേശങ്ങളും എക്സിക്യൂട്ടിവ് നേതൃത്വം ചെവികൊള്ളുന്നില്ല

Update: 2023-07-26 08:25 GMT

തുടര്‍ പ്രതിസന്ധികളില്‍ ഉഴലുന്ന ബൈജൂസിന്‍റെ മൂല്യം വെട്ടിക്കുറയ്ക്കുമെന്ന് നിക്ഷേപ സ്ഥാപനമായ പീക്ക് XV പാർട്‌ണേഴ്‌സ് (മുമ്പ് സീക്വോയ ക്യാപിറ്റൽ ഇന്ത്യ) തങ്ങളുടെ ചില പ്രധാന പങ്കാളികളെ അറിയിച്ചതായി റിപ്പോര്‍ട്ട്. വരാനിരിക്കുന്ന റിപ്പോർട്ടിംഗ് സൈക്കിളിൽ ബൈജുസിന്‍റെ മൂല്യനിർണ്ണയത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് ബൈജൂസിലെ നിക്ഷേപകര്‍ കൂടിയായ പീക്ക് XV പാർട്‌ണേഴ്‌സ് വ്യക്തമാക്കുന്നത്. ബൈജൂസിന്‍റെ കാലികമായ ഫിനാന്‍ഷ്യല്‍ സ്‍റ്റേറ്റ്‍മെന്‍റുകള്‍ ലഭ്യമല്ലാത്തതും തിരുത്തല്‍ നടപടികള്‍ക്ക് സാധിക്കാത്തതുമാണ് മൂല്യം വെട്ടിക്കുറയ്ക്കുന്നതിന് കാരണമായി നിക്ഷേപ സ്ഥാപനം ചൂണ്ടിക്കാണിക്കുന്നത്. 

എന്നാല്‍ മൂല്യത്തില്‍ എത്രത്തോളം കുറവാണ് വരുത്തുക എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി സാമ്പത്തികവും ഭരണപരവുമായ നിരവധി വെല്ലുവിളികള്‍ ബൈജൂസ് അഭിമുഖീകരിക്കുകയാണ്.  ബൈജൂസിലെ സാഹചര്യം ഇപ്പോഴും ഉരുത്തിരിഞ്ഞു കൊണ്ടിരിക്കുകയാണെന്നും സാധ്യമായ എല്ലാ മാര്‍ഗത്തിലൂടെയും നിഗമനങ്ങളിലെത്തുമെന്നും പീക്ക് XV പാർട്‌ണേഴ്‌സ് വ്യക്തമാക്കി. 

ബൈജൂസിന്‍റെ ബോര്‍ഡില്‍ തങ്ങളുടെ പ്രതിനിധിയായി ഉണ്ടായിരുന്ന ജി വി രവിശങ്കര്‍ രാജിവെച്ചിറങ്ങിയ സാഹചര്യവും പീക്ക് XV പാർട്‌ണേഴ്‌സ് വിശദീകരിച്ചിട്ടുണ്ട്.  കോർപ്പറേറ്റ് ഭരണത്തിലെ സുതാര്യത ഇല്ലായ്മയാണ് പ്രധാന പ്രശ്നം, നിയമപരവും പ്രവർത്തനപരവുമായ കാര്യങ്ങളില്‍ രവിശങ്കര്‍ നല്‍കിയ നിർദ്ദേശങ്ങളും പാലിക്കാൻ ബൈജൂസിന്‍റെ നേതൃത്വവും തയ്യാറായില്ല. ഒരു നിക്ഷേപകൻ എന്ന നിലയിലും ബോർഡ് അംഗമെന്ന നിലയിലും തന്റെ വിശ്വസ്ത ചുമതലകൾ നിർവഹിക്കാൻ രവിശങ്കറിന് കഴിയുന്നില്ലെന്ന് ബൈജൂസിന്റെ ഏറ്റവും വലിയ രണ്ടാമത്തെ ഇന്‍സ്റ്റിറ്റ്യൂഷ്‍ണല്‍ ഓഹരിയുടമയായ പീക്ക് XV പാർട്‌ണേഴ്‌സ് തങ്ങളുടെ പങ്കാളികളെ അറിയിച്ചു. 

പ്രതിസന്ധി ഒരു തുടര്‍ക്കഥ

ബൈജൂസിന്‍റെ ഏറ്റവും വലിയ ഇന്‍സ്റ്റിറ്റ്യൂഷ്‍ണല്‍ ഓഹരിയുടമയായ പ്രോസസിന്‍റെ പ്രതിനിധിയും ബൈജൂസിന്‍റെ ബോര്‍ഡില്‍ നിന്ന് പടിയിറങ്ങിയിട്ടുണ്ട്. കമ്പനിയുടെ എക്സിക്യൂട്ടിവ് നേതൃത്വവുമായുള്ള വിയോജിപ്പുകളാണ് രാജിക്ക് പിന്നിലെന്നാണ് പ്രോസസ്സും വിശദമാക്കിയിട്ടുള്ളത്. പ്രോസസ് രണ്ടു തവണ ബൈജൂസിന്‍റെ മൂല്യം കുറച്ചിട്ടുണ്ട്. ജനറല്‍ അറ്റ്‌ലാന്റിക്, ബ്ലാക്‌റോക്ക് തുടങ്ങിയ വന്‍കിട സ്ഥാപനങ്ങള്‍ ബൈജൂസില്‍ നിക്ഷേപകരാണ്. യുഎസ് ആസ്ഥാനമായ ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് സ്ഥാപനമായ ബ്ലാക്ക്‌റോക്ക് ഒന്നിലധികം തവണ ബൈജൂസിന്റെ മൂല്യം വെട്ടിച്ചുരുക്കിയിട്ടുണ്ട്.

1.2 ബില്യൺ ഡോളറിന്‍റെ വായ്പയുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രതിസന്ധിയില്‍ അയവു വരുത്തുന്നതിനായി ബൈജൂസ് വായ്പാദാതാക്കളുമായി നടത്തിയ ചര്‍ച്ച ഫലപ്രാപ്തിയില്‍ എത്തിയെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതുപ്രകാരം തിരിച്ചടവ് വേഗത്തിലാക്കണമെന്ന ആവശ്യത്തില്‍ നിന്ന് വായ്പാദാതാക്കള്‍ പുറകോട്ടുപോയേക്കും. എങ്കിലും സാമ്പത്തികവും ഭരണപരവുമായ പ്രതിസന്ധികളെ രൂക്ഷമായി തന്നെ കമ്പനി അഭിമുഖീകരിക്കുയാണ്. 

ചെലവ് ചുരുക്കലിന്റെ ഭാഗമായി ബെംഗളുരുവിലെ കമ്പനിയുടെ ഏറ്റവും വലിയ ഓഫീസ് അടുത്തിടെ ഒഴിഞ്ഞു. ആയിരത്തോളം ജീവനക്കാരുടെ പിരിച്ചുവിടലാണ് ബൈജൂസ് ഈ വര്‍ഷം നടപ്പാക്കിയത്. കഴിഞ്ഞ വര്‍ഷം 2500ഓളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. നിരവധി മാസങ്ങളില്‍ ജീവനക്കാര്‍ക്കായുള്ള പിഎഫ് തിരിച്ചടവ് ബൈജൂസ് മുടക്കിയെന്നും ഇപിഎഫ് ഡാറ്റകളെ അടിസ്ഥാനമാക്കി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.  ഇതിനിടെ ബോളിവുഡ് സൂപ്പര്‍താരം ഷാറൂഖ് ഖാനുമായുള്ള പരസ്യ കരാര്‍ പുതുക്കേണ്ടെന്ന തീരുമാനവും ബൈജൂസ് എടുത്തു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ സ്പോണ്‍സര്‍ എന്ന സ്ഥാനവും ബൈജൂസ് നഷ്ടപ്പെടുത്തിയിട്ടുണ്ട്. 

കഴിഞ്ഞ രണ്ട് സാമ്പത്തിക  വര്‍ഷങ്ങളിലെ ഫിനാന്‍ഷ്യല്‍ സ്‍റ്റേറ്റ്‍മെന്‍റുകള്‍ ഇതുവരെ സമര്‍പ്പിക്കാന്‍ ബൈജൂസിന് സാധിച്ചിട്ടില്ല. ഇതിന്‍റെ കൂടി അടിസ്ഥാനത്തില്‍  കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയം കമ്പനിയുടെ ബുക്കുകള്‍ പരിശോധിക്കുന്നതിലേക്ക് നീങ്ങിയിട്ടുണ്ട്.ജൂണില്‍ മൂന്ന് പ്രധാന അംഗങ്ങള്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും രാജിവെച്ചിരുന്നു.  ബൈജൂസിന്റെ ഓഡിറ്റര്‍ സ്ഥാനത്തു നിന്ന് ഡിലോയിറ്റ് പിന്‍മാറിയതും സാമ്പത്തിക കാര്യങ്ങളിലെ സുതാര്യത ഇല്ലായ്മ ചൂണ്ടിക്കാണിച്ചാണ്

Tags:    

Similar News