പ്രീമിയം ഹോട്ടലുകള്‍ക്കായി 'പാലറ്റ്' ബ്രാന്‍ഡ് അവതരിപ്പിച്ച് ഒയോ
- നടപ്പു പാദത്തില്‍ 'പാലറ്റ്' ബ്രാന്‍ഡിനു കീഴിലെ പ്രോപ്പര്‍ട്ടികളുടെ എണ്ണം 50ല്‍ എത്തും
- കൊച്ചിയിലും വിപുലീകരണത്തിന് നീക്കം നടക്കുന്നു
- നിലവില്‍ ബ്രാന്‍ഡിനു കീഴില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 10 പ്രോപ്പര്‍ട്ടികള്‍
;

പ്രീമിയം റിസോർട്ടുകളുടെയും ഹോട്ടലുകളുടെയും വിഭാഗത്തിലേക്ക് പ്രവേശിക്കുന്നതായി ഹോസ്പിറ്റാലിറ്റി ടെക്‌നോളജി പ്ലാറ്റ്‌ഫോമായ ഒയോ പ്രഖ്യാപിച്ചു. പാലറ്റ് (Palette) എന്ന പുതിയ ബ്രാന്‍ഡിലൂടെയാണ് പുതിയ ബിസിനസിലേക്ക് ഒയോ കടക്കുന്നത്. നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തില്‍ മൊത്തം 50 പ്രോപ്പർട്ടികള്‍ പാലറ്റ് ബ്രാന്‍ഡിനു കീഴില്‍ എത്തിക്കുന്നതിനാണ് കമ്പനിയുടെ ശ്രമം. ജയ്പൂർ, ഹൈദരാബാദ്, ദിഘ, മുംബൈ, ചെന്നൈ, മനേസർ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തില്‍ 10 പാലറ്റ് റിസോർട്ടുകൾ കമ്പനി ആരംഭിച്ചിട്ടുണ്ട്.
ഡെൽഹി-എൻസിആർ, കൊൽക്കത്ത, അമൃത്സർ, ഷിംല, ഗോവ, ഉദയ്പൂർ, പൂനെ, മുസ്സൂറി, ശ്രീനഗർ, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലാണ് ആദ്യ ഘട്ട വിപുലീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്."ഇന്ന്, യാത്രക്കാർ ഒരു താമസസ്ഥലം മാത്രമല്ല ആവശ്യപ്പെടുന്നത്, സവിശേഷമായതും അവിസ്മരണീയമായകുമായ അനുഭവങ്ങൾ കൂടി അവര്‍ക്ക് വേണ്ടതുണ്ട്. ഈ മാറ്റമാണ് ഞങ്ങളുടെ പോർട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കാനും പാലറ്റ് ബ്രാൻഡ് അവതരിപ്പിക്കാനും ഞങ്ങളെ പ്രേരിപ്പിച്ചത്." ഒയോ ചീഫ് മർച്ചന്റ് ഓഫീസർ അനുജ് തേജ്പാൽ പറഞ്ഞു,
പാലറ്റ് ബ്രാന്‍ഡിനു കീഴില്‍ നിലവിലുള്ള 10 പ്രോപ്പർട്ടികൾക്ക് വളരേ പ്രോത്സാഹജനകമായ പ്രതികരണങ്ങളാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ടൗൺഹൗസ് ഓക്ക്, ഒയോ ടൗൺഹൗസ്, കളക്ഷൻ ഒ, ക്യാപിറ്റൽ ഒ എന്നിവയാണ് ഒയോക്ക് കീഴിലുള്ള മറ്റ് ബ്രാന്‍ഡുകള്‍ .