സീ -സോണി ലയനത്തിന് ഒരു മാസം കൂടി സമയം
- ലയന ഉടമ്പടിക്ക് ഇന്ന് രണ്ട് വര്‍ഷം
- ഇന്ന് ലയനം പൂര്‍ത്തിയാക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്
- സിഇഒ ആര് എന്നതു സംബന്ധിച്ചാണ് ഇപ്പോള്‍ പ്രധാന തര്‍ക്കം
;

സോണി പിക്ചേര്‍സ് നെറ്റ്‍വര്‍ക്ക് ഇന്ത്യയും സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡും തമ്മിലുള്ള ലയനം പൂര്‍ത്തിയാക്കാന്‍ ജനുവരി അവസാനം വരെ സമയം. 10 ബില്യൺ ഡോളറിന്റെ ഇടപാട് പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സീ ആവശ്യം ഉന്നയിച്ചിരുന്നു. ലയനം പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ച തീയതി ഇന്ന് അവസാനിക്കാനിരിക്കെ ആണ് സീ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. ഏതെങ്കിലും കക്ഷി കൂടുതൽ സമയം ആവശ്യപ്പെട്ടാൽ 30 ദിവസത്തെ ഗ്രേസ് പിരീഡ് അനുവദിക്കാമെന്ന് ലയന ഉടമ്പടിയിലുണ്ട്.
2021 ഡിസംബര്‍ 21നാണ് ഇന്ത്യന്‍ മാധ്യമ ലോകത്തെ ഏറ്റവും വലിയ ഉടമ്പടിയില്‍ ഇരുകമ്പനികളും ഒപ്പുവെച്ചത്. ഇതിനകം തന്നെ ഒട്ടേറെ പ്രതിസന്ധികള്‍ ഈ ലയന ഉടമ്പടി അഭിമുഖീകരിച്ചിട്ടുണ്ട്. സംയുക്ത സംരംഭത്തിന്‍റെ സിഇഒ ആര് എന്നതു സംബന്ധിച്ചാണ് ഇപ്പോള്‍ പ്രധാന തര്‍ക്കം. 2021 ലെ കരാറിൽ സമ്മതിച്ചതുപോലെ, പുനീത് ഗോയങ്കയെ തന്നെ സിഇഒ ആയി നിയമിക്കണമെന്നാണ് സീ വാദിക്കുന്നത്. എന്നാല്‍ ഗോയങ്കക്കെതിരെ സെബി അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ സോണി ഇതിന് സമ്മതം മൂളിയിട്ടില്ല.
ഗ്രേസ് പിരീഡിന് ശേഷവും കാത്തിരിക്കാന്‍ തയാറായേക്കില്ലെന്ന സൂചനയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോണിയില്‍ നിന്ന് ഉണ്ടായിട്ടുള്ളത്. സീയില്‍ നിന്ന് വിശദമായ പ്രപ്പോസല്‍ ലഭിച്ചശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്ന് സോണി പിക്ചേര്‍സ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഇടപാട് നടക്കുകയാണെങ്കിൽ, സംയുക്ത സ്ഥാപനത്തില്‍ സോണി ഓഹരിയുടമകൾക്ക് 50.86 ശതമാനവും സീയുടെ പ്രമോട്ടർമാർക്ക് 3.99 ശതമാനവും പങ്കാളിത്തം ഉണ്ടാകും. ശേഷിക്കുന്ന 45.15 ശതമാനം സീയുടെ ഓഹരിയുടമകൾക്കാണ്.