ഏഷ്യാനെറ്റും സ്‍റ്റാറും ഇനി റിലയന്‍സിന്; കളമൊരുങ്ങിയത് വമ്പന്‍ മാധ്യമ ഡീലിന്
- കരാറിന്‍റെ ഭാഗമായി റിലയന്‍സും ഡിസ്‍നിയും 1.5 ബില്യൺ ഡോളര്‍ വീതം നിക്ഷേപിക്കും
- ജിയോ സിനിമയും ഹോട്ട്‌സ്റ്റാറും കരാറിന്‍റെ ഭാഗം
- ജനുവരിയില്‍ തന്നെ കരാറിന് അന്തിമരൂപം നല്‍കാന്‍ റിലയന്‍സിന്‍റെ ശ്രമം
ഇന്ത്യന്‍ വിനോദ മാധ്യമ വ്യവസായ രംഗത്തെ ഏറ്റവും വലിയ ലയന ഇടപാടിന് കളമൊരുങ്ങി. ഇതുസംബന്ധിച്ച, നോൺ-ബൈൻഡിംഗ് കരാറിൽ റിലയൻസും ഡിസ്നി സ്റ്റാറും ഒപ്പുവച്ചു. ഈ കരാർ പ്രകാരം റിലയൻസിന്‍റെയും ഡിസ്‍നിയുടെയും ഇന്ത്യന്‍ മാധ്യമ ബിസിനസുകള്‍ തമ്മിലുള്ള മെഗാ ലയനം 2024 ഫെബ്രുവരിയിൽ പൂർത്തിയാകും. കഴിഞ്ഞ ആഴ്ച ലണ്ടനിൽ വെച്ചാണ് കരാര്‍ ഒപ്പിട്ടത്.
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ജനുവരിയിൽ തന്നെ ലയനത്തിന് അന്തിമരൂപം നൽകാനുള്ള ശ്രമങ്ങൾ തുടരുകയാണ്, പക്ഷേ ഇനിയും നിരവധി കാര്യങ്ങളില്‍ തീര്‍പ്പാക്കേണ്ടതുണ്ട്. അംബാനിയുടെ അടുത്ത സഹായിയായ മനോജ് മോദിയും ഡിസ്നിയുടെ മുൻ എക്സിക്യൂട്ടീവായ കെവിൻ മേയറും തമ്മിൽ മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് നോൺ-ബൈൻഡിംഗ് എഗ്രിമെന്റ് യാഥാര്‍ത്ഥ്യമായത്.
സംയുക്ത സംരംഭത്തില്‍ ഇരു കമ്പനികള്‍ക്കും തുല്യ നിയന്ത്രണമാണ് ഉണ്ടാകുക. റിലയന്‍സിനും ഡിസ്നിക്കും ഡയറക്റ്റര്‍മാരുടെ എണ്ണം തുല്യമാകും. എങ്കിലും 51 ശതമാനം ഓഹരി പങ്കാളിത്തം റിലയന്‍സിനും 49 ശതമാനം ഡിസ്നിക്കും ആയിരിക്കും. റിലയന്‍സിന്‍റെ ഉപകമ്പനിയായ വിയാകോം 18 വഴിയാണ് കരാര്‍ നടപ്പിലാക്കുന്നത്. കരാറിലൂടെ മലയാളത്തിലെ ഏഷ്യാനെറ്റ് വിനോദ ചാനലുകള്‍ ഉള്‍പ്പടെ റിലയന്‍സിന്‍റെ നിയന്ത്രണത്തിലേക്ക് വരികയാണ്.
റിലയൻസിന്റെ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ സിനിമയും ഡിസ്‌നിയുടെ ഹോട്ട്‌സ്റ്റാറും കരാറിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നു. റിലയൻസും ഡിസ്നി സ്റ്റാറും 1.5 ബില്യൺ ഡോളറിന്റെ നിക്ഷേപം കരാറിലൂടെ നടത്താനാണ് ശ്രമിക്കുന്നത്.
ക്രിക്കറ്റ് സ്ട്രീമിംഗ് അവകാശങ്ങള്‍ക്കായി നേരത്തേ റിലയൻസും ഡിസ്നിയും കടുത്ത മത്സരം നടത്തിയിരുന്നു. ഇതും ഇന്ത്യന്‍ ബിസിനസിനെ പുതിയ തലത്തിലേക്ക് മുന്നോട്ടുകൊണ്ടുപോകാനുള്ള ഡിസ്നിയുടെ ശ്രമവുമാണ് കരാറിലേക്ക് വഴിതെളിച്ചത്. മുകേഷ് അംബാനിയുടെ മൂത്തമകൻ ആകാശ് അംബാനിയും സംയുക്ത സംരംഭത്തിന്‍റെ ഡയറക്ടർ ബോർഡിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയുടെ സ്ട്രീമിംഗ് വ്യവസായത്തില്‍ ആമസോണ്‍ പ്രൈമിനും നെറ്റ്‍ഫ്ളിക്സിനും കടുത്ത മത്സരം ഉയര്‍ത്തി വലിയൊരു ഉടച്ചുവാര്‍ക്കല്‍ സൃഷ്ടിക്കാന്‍ ഈ കരാറിനായേക്കും.