ജി എസ് ടി നിരക്കുകളുടെ എണ്ണം കുറക്കാൻ നീക്കമില്ല: റവന്യു സെക്രട്ടറി
ചെറിയ മാറ്റങ്ങളും, ലഘൂകരണങ്ങളുമാണ് ഇപ്പോൾ ശ്രദ്ധിക്കുന്നത്
ഡൽഹി : ചരക്കു -സേവന നികുതിയിലെ നിരക്കുകളുടെ എണ്ണം കുറച്ചു, പുതിയ ഒരു നികുതി ഘടന കൊണ്ടുവരുന്ന കാര്യം ഇപ്പോൾ സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്ന് കേന്ദ്ര റവന്യു സെക്രട്ടറി സഞ്ജയ് മൽഹോത്ര സൂചിപ്പിച്ചു.
ജനങ്ങൾ ദീർഘകാലമായി പ്രതീക്ഷിക്കുന്ന ഒരു നടപടിയാണിത്.
ജി എസ് ടി കൗൺസിലിലെ അംഗങ്ങളായ മന്ത്രിമാരുടെ ഒരു സമിതിയെ ഇത് സംബന്ധിച്ചുള്ള ശുപാർശകൾ സമർപ്പിക്കാൻ നിയോഗിച്ചിട്ടുണ്ടെങ്കിലും , അവർ ഇപ്പോൾ നിലവിലെ നിരക്കുകളിലെ അപാകതകൾ പരിഹരിക്കുന്നതിലും, അസംസ്കൃത വസ്തുക്കൾക്ക്, അതുകൊണ്ടുണ്ടാക്കുന്ന ഉത്പന്നങ്ങളെക്കാൾ നികുതി ഈടാക്കുന്നു എന്ന പരാതികളിലും ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുകയാണ്.
``ജി എസ് ടി യെ യെ സംബന്ധിച്ചാണെങ്കിൽ, ഞങ്ങൾ വലിയൊരു ജോലി തീർത്തു കഴിഞ്ഞു. ഇനിയും ഉടനെ നിരക്കുകളുടെ എണ്ണം കുറക്കാനോ, ചില നികുതികൾ തമ്മിൽ ലയിപ്പിക്കാനോ ഉള്ള ഒരു നീക്കം പ്രതീക്ഷിക്കണ്ട. ചില ചരക്കുകളെയോ, സേവനങ്ങളെയോ ഒരു നിരക്കിൽ നിന്ന് മറ്റൊരു നിരക്കിലേക്കു മാറ്റുക തുടങ്ങിയ ലഘുവായ കാര്യങ്ങൾ ഞങ്ങൾ ഇപ്പോൾ തന്നെ ചെയ്യുന്നുണ്ട്. '' മൽഹോത്ര ഒരു അഭിമുഖത്തിൽ പറഞ്ഞു.
``ചെറിയ മാറ്റങ്ങളും, ലഘൂകരണങ്ങളുമാണ് ഞങ്ങൾ ഇപ്പോൾ ശ്രദ്ധിക്കുന്നത്. എവിടെയെങ്കിലും അപാകതയുണ്ടങ്കിൽ അത് ഞങ്ങൾ പരിഹരിക്കും.'' അദ്ദേഹം തുടർന്ന് പറഞ്ഞു.
ആസ്തി ലാഭ നികുതി ( ക്യാപിറ്റൽ ഗെയിൻസ് ടാക്സ് ) നിരക്കുകൾ അടിക്കടി മാറ്റുന്നതിൽ സർക്കാർ ഒട്ടും യോജിക്കുന്നില്ലെന്നു മൽഹോത്ര പറഞ്ഞു.