ഏറ്റവും വലിയ മാധ്യമക്കമ്പനിയുടെ അധ്യക്ഷയാകാന്‍ നിത അംബാനി
- റിലയന്‍സ്-ഡിസ്‌നി ലയന ശേഷം രൂപപ്പെടുന്ന കമ്പനി ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമക്കമ്പനിയായി മാറും
- പുതിയ കമ്പനിയില്‍ റിലയന്‍സിന് 51-54 ശതമാനം ഓഹരികളാണ് ഉണ്ടാവുക
- ലയന ശേഷം രൂപപ്പെടുന്ന കമ്പനിയില്‍ 40 ശതമാനം ഓഹരികള്‍ ഡിസ്‌നി സ്വന്തമാക്കും
റിലയന്‍സ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയര്‍മാനുമായ നിത അംബാനി റിലയന്‍സ്-ഡിസ്‌നി ലയന ശേഷം രൂപീകരിക്കുന്ന പുതിയ കമ്പനിയുടെ അധ്യക്ഷയാകുമെന്നു സൂചന.
അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് അടുത്തിടെ നിത അംബാനി ഒഴിവായിരുന്നു. ഇപ്പോള്‍ റിലയന്‍സ് ഫൗണ്ടേഷന്റെ ഫൗണ്ടര്‍, ചെയര്‍പേഴ്‌സണ്‍ എന്നീ പദവികളാണു വഹിക്കുന്നത്.
റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള വയാകോം 18-ും അമേരിക്കന്‍ കമ്പനിയായ വാള്‍ട്ട് ഡിസ്‌നിയുടെ ഡിസ്‌നി സ്റ്റാറും (പഴയ സ്റ്റാര്‍ ഇന്ത്യ) ലയിപ്പിക്കുന്നതിനുള്ള പ്രാഥമിക കരാറില്‍ കഴിഞ്ഞ ദിവസം ഇരുകൂട്ടരും ഒപ്പുവച്ചതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് ഇരു കമ്പനികളും ധാരണയിലെത്തിയതും തുടര്‍ന്ന് പ്രാഥമിക കരാറില്‍ ഒപ്പുവച്ചതും. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈയാഴ്ചയില്‍ തന്നെയുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.
പുതിയ കമ്പനിയില്‍ റിലയന്‍സിന് 51-54 ശതമാനം ഓഹരികളാണ് ഉണ്ടാവുകയെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
40 ശതമാനം ഓഹരികള്‍ ഡിസ്‌നിയും സ്വന്തമാക്കും. 9 ശതമാനം ഓഹരികള്‍ ബോധി ട്രീ സ്വന്തമാക്കും.
ജെയിംസ് മര്‍ഡോക്കും ഉദയ് ശങ്കറും തമ്മിലുള്ള സംയുക്ത സംരംഭമാണ് ബോധി ട്രീ.