ലുലു ഫിനാൻഷ്യൽ സർവീസസിന്റെ മൊത്തം ആസ്തി 140 ശതമാനം ഉയർന്ന് 18.5 കോടി രൂപയായി

  • സ്വര്‍ണ വായ്പാ ബിസിനസിലേക്ക് കടക്കാനും പദ്ധതി

Update: 2023-07-27 08:04 GMT

എംഎ  യൂസഫലി നേതൃത്വം നല്‍കുന്ന ലുലു ഗ്രൂപ്പില്‍ നിന്നുള്ള താരതമ്യേന പുതിയ സ്ഥാപനമായ ലുലു ഫിനാൻഷ്യൽ സർവീസസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന്‍റെ (എൽഎഫ്എസ്‍പിഎൽ) മൊത്തം ആസ്തി 140 ശതമാനം ഉയർന്ന് 18.5 കോടി രൂപയായി. എൽഎഫ്എസ്‍പിഎൽ-ന്‍റെ മൊത്തം ആസ്തി ഒരു വർഷം മുമ്പ് 7.7 കോടി രൂപയായിരുന്നു.

സ്വര്‍ണ വായ്പ ബിസിനസ്സ്

പ്രശസ്ത റേറ്റിംഗ് ഏജൻസിയായ ക്രിസിലിന്‍റെ റിപ്പോർട്ട് അനുസരിച്ച്, ദക്ഷിണേന്ത്യയിലെ അപാരമായ സാധ്യതകൾ കണക്കിലെടുത്ത് സ്വർണ്ണ വായ്പകൾ, പ്രവർത്തന മൂലധന വായ്പകൾ, വ്യക്തിഗത വായ്പകൾ, കണ്‍സ്യൂമര്‍ ഡ്യൂറബിൾ ലോണുകൾ, സപ്ലൈ ചെയിൻ ഫിനാൻസിങ് എന്നിങ്ങനെ ഒന്നിലധികം ബിസിനസ്സുകളിലേക്ക് കടക്കാൻ എൽഎഫ്എസ്‍പിഎൽ പദ്ധതിയിടുന്നുണ്ട്. 

ആദ്യ ഘട്ടത്തില്‍ കേരളത്തിലെ ശാഖകളുടെ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് എൽഎഫ്എസ്‍പിഎൽ പദ്ധതിയിടുന്നത്. അതിനുശേഷം കമ്പനി പതുക്കെ രാജ്യത്തിന്റെ മറ്റ് മേഖലകളിലേക്ക് വിപുലീകരിച്ചേക്കും. 2023 -24ന്‍റെ അവസാനം വരെ പോർട്ട്‌ഫോളിയോയുടെ 50 ശതമാനവും കേരളത്തിൽ കേന്ദ്രീകരിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍. 

സമാഹരണ പദ്ധതി

2018 ജനുവരിയിലാണ് എൽഎഫ്എസ്‍പിഎൽ സ്ഥാപിതമായത്. 2019 മാർച്ചിൽ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചു. ഹോൾഡിംഗ് കമ്പനിയായ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. 2023 മാർച്ച് 31 ലെ കണക്കനുസരിച്ച് എൽഎഫ്എസ്‍പി‍എല്‍-ന്‍റെ ആകെ മൂല്യം 13.1 കോടി രൂപയാണ്. 

സമീപ ഭാവിയില്‍ പ്രമോട്ടർമാരിൽ നിന്ന്  8.5 കോടി രൂപയുടെ പുതിയ ഇക്വിറ്റി നേടാന്‍ സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്ന്  ക്രിസില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനി കരകയറുന്ന ഘട്ടത്തില്‍ തുടര്‍ച്ചയായ പിന്തുണ പ്രൊമോട്ടര്‍മാരില്‍ നിന്ന് ഉണ്ടാകുന്നതിനാണ് സാധ്യത. 2022 മാർച്ച് 31 വരെ നടത്തിയ 8 കോടി രൂപയുടെ നിക്ഷേപത്തിന് പുറമേ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 8.5 കോടി രൂപയുടെ പുതിയ മൂലധന നിക്ഷേപം കൂടി നടത്തിയത് ഇതിന് തെളിവാണ്. 

Tags:    

Similar News