അദാനി ഓഹരി എഫ്പിഒ : എല്‍ഐസി 5 ശതമാനം ഓഹരികളിൽ നിക്ഷേപിച്ചു

അദാനി പോര്‍ട്‌സില്‍ 9 ശതമാനവും, അദാനി ട്രാന്‍സ്മിഷനില്‍ 3.7 ശതമാനവും, അദാനി ഗ്രീന്‍ എനര്‍ജിയില്‍ 1.3 ശതമാനവും, അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡില്‍ 6 ശതമാനം ഓഹരികളുമാണ് എല്‍ഐസി കൈവശം വച്ചിരിക്കുന്നത്.

Update: 2023-01-30 05:30 GMT


സ്റ്റോക്ക് കൃത്രിമത്വം അടക്കമുള്ള തട്ടിപ്പ് ആരോപണങ്ങള്‍ ചൂണ്ടികാണിച്ചു കൊണ്ടുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് അദാനി ഓഹരികളില്‍ വലിയ ഇടിവാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ ഉണ്ടായത്. ഈ തകര്‍ച്ച വിപണിയെ തന്നെ പിടിച്ചുലച്ചിരുന്നു. എങ്കിലും അദാനിയുടെ മുഖ്യ കമ്പനിയായ അദാനി എന്റര്‍പ്രൈസിന്റെ (എഇഎല്‍ )എഫ് പി ഒ തുടരുമ്പോള്‍ അതില്‍ രാജ്യത്തെ തന്നെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ (എല്‍ഐസി ) നടത്തുന്ന നിക്ഷേപവും ഇപ്പോള്‍ ശ്രദ്ധേയമാകുകയാണ്.

20,000 കോടി രൂപ സമാഹരിക്കുന്നതിനുള്ള എഫ്പിഒയില്‍, എല്‍ഐസി 9,15,748 ഓഹരികള്‍ വാങ്ങി 300 കോടി രൂപയാണ് നിക്ഷേപിച്ചത്. ആങ്കര്‍ നിക്ഷേപകര്‍ക്കായി മാറ്റി വച്ച ഓഹരികളുടെ അഞ്ചു ശതമാനവും ഇതിലൂടെ എല്‍ഐസി സ്വന്തമാക്കി. 33 ഇന്‍സ്ടിടുഷണല്‍ നിക്ഷേപകരില്‍ നിന്നുമായി കമ്പനി 5,985 കോടി രൂപയാണ് സമാഹരിച്ചത്.

അദാനിയുടെ മറ്റു കമ്പനികളിലും നിക്ഷേപമുള്ള എല്‍ഐ സിയുടെ കൈവശം എഇഎല്ലിന്റെ 4.23 ശതമാനം ഓഹരികള്‍ ഇതിനകം ഉണ്ട്. സ്റ്റോക് എക്‌സ്‌ചേഞ്ച് പുറത്തു വിട്ട കണക്ക് പ്രകാരം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ കൊണ്ട് എല്‍ഐസി അദാനി ഓഹരികളില്‍ 28,400 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. യുഎസ് ഷോര്‍ട്ട് സെല്ലെര്‍ റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനു മുന്‍പ് ഈ ഓഹരികളുടെ മൂല്യം 72,200 കോടി രൂപയായിരുന്നു.

റിപ്പോര്‍ട്ട് വന്നതിനു ശേഷം ഇതിന്റെ മൂല്യം 55700 കോടി രൂപയായി കുറഞ്ഞു. എങ്കിലും 27,300 കോടി രൂപയുടെ നേട്ടം എല്‍ഐസിക്കുണ്ട്. അദാനി പോര്‍ട്‌സില്‍ 9 ശതമാനവും, അദാനി ട്രാന്‍സ്മിഷനില്‍ 3.7 ശതമാനവും, അദാനി ഗ്രീന്‍ എനര്‍ജിയില്‍ 1.3 ശതമാനവും, അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡില്‍ 6 ശതമാനം ഓഹരികളുമാണ് എല്‍ഐസി കൈവശം വച്ചിരിക്കുന്നത്.

അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, അല്‍ മെഹ്വര്‍ കൊമേര്‍ഷ്യല്‍ ഇന്‍വെസ്റ്റ്‌മെന്റ് എന്നിവരും എഇഎല്ലിന്റെ എഫ് പിഒയിലെ ആങ്കര്‍ നിക്ഷേപകരില്‍ ഉള്‍പ്പെടുന്നു. ഓഹരി ഒന്നിന് 3,276 രൂപ നിരക്കില്‍ 1.82 കോടി ഓഹരികളാണ് ആങ്കര്‍ നിക്ഷേപകര്‍ക്കായി എഫ് പി ഒയില്‍ മാറ്റി വച്ചിരുന്നത്.



Tags:    

Similar News