നിക്ഷേപ കമ്പനിയാകാന്‍ ആര്‍ബിഐ അനുമതി തേടി ജിയോ ഫിനാന്‍ഷ്യല്‍
- ബോണ്ട് പുറത്തിറക്കുമെന്ന വാര്‍ത്തകളെ കമ്പനി നിഷേധിച്ചിട്ടുണ്ട്
- ഗ്രൂപ്പ് കമ്പനികളിലെ നിയന്ത്രണം നിലനിർത്തുന്നതിന് വേണ്ടിയുള്ള നിഷ്ക്രിയ ഹോള്‍ഡിംഗ് കമ്പനികളാണ് സിഐസി-കള്‍
ജിയോ ഫിനാൻഷ്യൽ സർവീസസ് ഒരു നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി എന്ന നിലയില്‍ നിന്ന് ഒരു മുഖ്യ നിക്ഷേപ കമ്പനിയായി (സിഐസി) മാറുന്നതിന് റിസർവ് ബാങ്കില്‍ നിന്ന് അനുമതി നേടി അപേക്ഷ സമർപ്പിച്ചു. റിലയൻസ് ഇൻഡസ്ട്രീസിൽ നിന്നുള്ള വിഭജനത്തിന് ശേഷം, തങ്ങളുടെ ഓഹരി പങ്കാളിത്ത ഘടനയിലും നിയന്ത്രണാധികാരത്തിലും മാറ്റം വരുത്തുന്നതിനായാണ് ആര്‍ബിഐ മാനദണ്ഡം അനുസരിച്ച് ജിയോ ഫിനാന്‍ഷ്യല്‍ ഒരു കോര്‍ ഇന്‍വെസ്‍റ്റ്‍മെന്‍റ് കമ്പനി ആകുന്നത്.
ഇക്വിറ്റി, മുൻഗണനാ ഓഹരികൾ, കൺവെർട്ടിബിൾസ് ബോണ്ടുകൾ, വായ്പകൾ എന്നിവയുടെ രൂപത്തിൽ ആസ്തികൾ തങ്ങളുടെ ഗ്രൂപ്പ് കമ്പനികളിൽ നിക്ഷേപിച്ചിട്ടുള്ള കമ്പനികളെയാണ് ആര്‍ബിഐ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് സിഐസി ആയി കണക്കാക്കുന്നത്. ഗ്രൂപ്പ് കമ്പനികളിലെ നിയന്ത്രണം നിലനിർത്തുന്നതിന് വേണ്ടിയുള്ള നിഷ്ക്രിയ ഹോള്‍ഡിംഗ് കമ്പനികളായാണ് ഇവയെ കണക്കാക്കുന്നത്.
അടിസ്ഥാനപരമായി, നിരവധി വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഓഹരികളും സെക്യൂരിറ്റികളും ഏറ്റെടുക്കുന്ന ഒരു എന്‍ബിഎഫ്‍സി ആണിത്. വിവിധ കമ്പനികളിലെ അതിന്‍റെ നിക്ഷേപം ആ കമ്പനികളിലെ അറ്റ ആസ്തിയുടെ 90 ശതമാനത്തിൽ കുറയാത്തതാകണം എന്ന് വ്യവസ്ഥയുണ്ട്.
ഗ്രൂപ്പ് കമ്പനികളില്‍ വിവിധ രൂപങ്ങളില്‍ നടത്തിയിട്ടുള്ള നിക്ഷേപങ്ങളെ ബ്ലോക്ക് സെയിൽ വഴിയല്ലാതെ മറ്റൊരു തരത്തിലും വില്‍ക്കുന്നതിന് ഈ കമ്പനികള്‍ക്ക് സാധിക്കില്ല.ഗ്രൂപ്പ് കമ്പനികൾക്ക് വായ്പ അനുവദിക്കുക, ഗ്രൂപ്പ് കമ്പനികൾക്ക് വേണ്ടി ഗ്യാരന്റി നൽകൽ, ബാങ്ക് നിക്ഷേപങ്ങൾ, മണി മാർക്കറ്റ് ഉപകരണങ്ങൾ, സർക്കാർ സെക്യൂരിറ്റികൾ, ഗ്രൂപ്പ് കമ്പനികൾ നൽകുന്ന ബോണ്ടുകൾ അല്ലെങ്കിൽ കടപ്പത്രങ്ങൾ എന്നിവയിൽ നിക്ഷേപിക്കുക എന്നിവയല്ലാതെ മറ്റ് സാമ്പത്തിക പ്രവർത്തനങ്ങളില്‍ ഇത്തരം കമ്പനികള്‍ക്ക് ഏര്‍പ്പെടാനാകില്ല.
ബോണ്ട് ഇഷ്യു വഴി പണം സ്വരൂപിക്കുമെന്ന റിപ്പോർട്ടുകൾ ജിയോ ഫിനാൻഷ്യൽ സർവീസസ് നിഷേധിച്ചിട്ടുണ്ട്. ബോണ്ട് ഇഷ്യൂവിലൂടെ ജിയോ ഫിനാൻഷ്യല്‍ 10,000 കോടി രൂപ വരെ സമാഹരിക്കാൻ പദ്ധതിയിടുന്നതായാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തത്.