അധ്യാപക വേഷത്തില്‍ ജാക്ക് മാ; ഗുരുവര്യന്‍ പകര്‍ന്നത് സംരംഭകത്വത്തെ കുറിച്ചുള്ള അനുഭവങ്ങള്‍

  • വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇംഗ്ലീഷ് അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് ജാക്ക് മാ
  • രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന ജാക്ക് മായുടെ ക്ലാസില്‍ മാനേജ്‌മെന്റ് ഫിലോസഫി ചര്‍ച്ച ചെയ്തു
  • ചൈനയ്ക്ക് പുറത്ത് കുറഞ്ഞത് നാല് സ്‌കൂളുകളിലെങ്കിലും മാ പ്രൊഫസര്‍ഷിപ്പ് ഏറ്റെടുത്തിട്ടുണ്ട്

Update: 2023-06-19 11:31 GMT

യൂണിവേഴ്‌സിറ്റി ഓഫ് ടോക്യോയിലെ വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം സംരംഭകത്വത്തെ കുറിച്ച് ക്ലാസെടുക്കാനെത്തിയ അധ്യാപകനെ കണ്ടപ്പോള്‍ കുറച്ചുനേരത്തേയ്ക്ക് അമ്പരപ്പിലായിരുന്നു. കാരണം അവര്‍ക്ക് ക്ലാസെടുക്കാനെത്തിയ പ്രഫസര്‍ ലോകത്തെ തന്നെ ശതകോടീശ്വരനും അലിബാബയുടെ സ്ഥാപകനുമായ ജാക്ക് മാ ആയിരുന്നു.

ഈ മാസം 12-നായിരുന്നു ജാക്ക് മാ യൂണിവേഴ്‌സിറ്റി ഓഫ് ടോക്യോയിലെ വിദ്യാര്‍ഥികള്‍ക്ക് ' ഇന്നൊവേഷന്‍ ആന്‍ഡ് എന്‍ട്രിപ്രെണര്‍ഷിപ്പ് ' എന്ന വിഷയത്തില്‍ ക്ലാസെടുക്കാനെത്തിയത്. ടോക്യോ കോളേജും യൂണിവേഴ്‌സിറ്റി ഓഫ് ടോക്യോസ് ഗ്ലോബല്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാമും സംയുക്തമായി നടത്തിയ സെമിനാറിലായിരുന്നു 'ഇന്നൊവേഷന്‍ ആന്‍ഡ് എന്‍ട്രിപ്രെണര്‍ഷിപ്പ് ' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചത്. ഈ സെമിനാറിലാണ് ജാക്ക് മാ ക്ലാസെടുത്തത്.

രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന ജാക്ക് മായുടെ ക്ലാസില്‍ മാനേജ്‌മെന്റ് ഫിലോസഫി, എങ്ങനെ യുവതലമുറയ്ക്ക് ഭാവിയില്‍ വിജയം കരസ്ഥമാക്കാം എന്നിവ ചര്‍ച്ച ചെയ്തു. ജപ്പാന്‍, ചൈന, ഇന്ത്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളാണ് ജാക്ക് മായുടെ ക്ലാസിലുണ്ടായിരുന്നത്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇംഗ്ലീഷ് അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് ജാക്ക് മാ.

2020-ന്റെ അവസാനത്തില്‍ ഷാങ്ഹായില്‍ നടന്ന ഒരു പ്രസംഗത്തിനിടെ ചൈനീസ് റെഗുലേറ്റര്‍മാരെ വിമര്‍ശിച്ചതിനെത്തുടര്‍ന്ന് ജാക്ക് മാ പൊതുജീവിതത്തില്‍ നിന്ന് അപ്രത്യക്ഷനായിരുന്നു. പ്രസംഗത്തിന്റെ പേരില്‍ അലിബാബയുടെ ഉടമസ്ഥതയിലുള്ള ആന്റ് ഗ്രൂപ്പിന്റെ ഐപിഒ വരെ റദ്ദാക്കേണ്ടി വന്നു. മാത്രമല്ല, അലിബാബ ഗ്രൂപ്പിനെതിരെ ചൈന ആന്റിട്രസ്റ്റ് നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ച് 2.8 ബില്യന്‍ ഡോളര്‍ പിഴയും ചുമത്തുകയുണ്ടായി.

അതിനുശേഷമാണ് ജാക്ക് മാ പൊതുജീവിതത്തില്‍നിന്നും അപ്രത്യക്ഷനായത്. പിന്നീട് അലിബാബ എന്ന ബിസിനസ് സാമ്രാജ്യത്തെ ആറായി വിഭജിച്ചതിനു ശേഷം അലിബാബയുടെ തലപ്പത്ത് നിന്നും പടിയിറങ്ങുകയും ചെയ്തു.

ഇപ്പോള്‍ യൂണിവേഴ്‌സിറ്റി ഓഫ് ടോക്യോയില്‍ ക്ലാസെടുക്കാന്‍ എത്തിയതോടെ ജാക്ക് മാ പൊതുജീവിതത്തിലേക്ക് വീണ്ടും സജീവമാകാന്‍ പോകുന്നു എന്നതിന്റെ തെളിവായിട്ടാണ് കണക്കാക്കുന്നത്.

ചൈനയ്ക്ക് പുറത്ത് കുറഞ്ഞത് നാല് സ്‌കൂളുകളിലെങ്കിലും മാ പ്രൊഫസര്‍ഷിപ്പ് ഏറ്റെടുത്തിട്ടുണ്ട്. ഹോങ്കോങ് സര്‍വകലാശാലയില്‍ ഓണററി പ്രൊഫസറായി മൂന്ന് വര്‍ഷം സേവനം അനുഷ്ഠിക്കാന്‍ അദ്ദേഹം ഈയടുത്ത് സമ്മതിച്ചിരുന്നു.

ടോക്കിയോ സര്‍വകലാശാലയ്ക്ക് പുറമേ, റുവാണ്ടയിലെ ആഫ്രിക്കന്‍ ലീഡര്‍ഷിപ്പ് യൂണിവേഴ്‌സിറ്റിയിലും ഇസ്രായേലിലെ ടെല്‍ അവീവ് സര്‍വകലാശാലയിലും വിസിറ്റിംഗ് പ്രൊഫസറാണ് മാ.

Tags:    

Similar News