ഇഷ, ആകാശ്, അനന്ത് അംബാനിമാരുടെ നിയമനത്തിന് അംഗീകാരം
- മുകേഷ് അംബാനിയുടെ മൂത്ത മകനാണ് 32-കാരനായ ആകാശ്
- ഇഷ അംബാനിയുടെ നിയമനത്തിന് 98.21 ശതമാനം വോട്ടുകള്‍ ലഭിച്ചു
- ആകാശ് അംബാനിക്ക് 98.06 ശതമാനവും അനന്ത് അംബാനിക്ക് 92.75 ശതമാനം വോട്ടും ലഭിച്ചു
മുകേഷ് അംബാനിയുടെ മക്കളായ ഇഷ, അകാശ്, അനന്ത് എന്നിവരെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ നോണ്‍ എക്‌സിക്യുട്ടീവ് ഡയറക്‌ടേഴ്‌സായി നിയമിക്കാനുള്ള തീരുമാനത്തെ ഓഹരിയുടമകള്‍ അംഗീകരിച്ചു. ഈ വര്‍ഷം ഓഗസ്റ്റില്‍ ഇവരുടെ നിയമനത്തിന് ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാര്‍ അംഗീകാരം നല്‍കിയിരുന്നു.
കമ്പനി ഇന്ന് (ഒക്ടോബര്‍ 27) സെപ്റ്റംബര്‍ പാദഫലം പ്രഖ്യാപിക്കുന്നതിനു മുന്നോടിയായിട്ടാണു നിയമനത്തിന് അംഗീകാരം ലഭിച്ച വാര്‍ത്ത പുറത്തുവന്നത്.
ഇഷ അംബാനിയുടെ നിയമനത്തിന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരിയുടമകളുടെ 98.21 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ ആകാശ് അംബാനിക്ക് 98.06 ശതമാനവും അനന്ത് അംബാനിക്ക് 92.75 ശതമാനം വോട്ടും ലഭിച്ചു.
മുകേഷ് അംബാനിയുടെ മൂത്ത മകനാണ് 32-കാരനായ ആകാശ്. റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ ബോര്‍ഡ് ചെയര്‍മാനാണ് ആകാശ്. 32-കാരിയായ ഇഷ റിലയന്‍സ് റീട്ടെയ്‌ലിന്റെ ചുമതലയാണു വഹിക്കുന്നത്.
ഇഷയും, ആകാശും ഇരട്ടകളാണ്. മുകേഷ് അംബാനിയുടെ ഇളയ മകനും 28-കാരനുമായ അനന്ത്, ജിയോ പ്ലാറ്റ്‌ഫോമുകളുടെയും റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്‌സിന്റെയും റിലയന്‍സ് ന്യൂ എനര്‍ജി, ന്യൂ സോളാര്‍ എനര്‍ജി എന്നിവയുടെയും ബോര്‍ഡ് ഡയറക്ടറാണ്.