ഡൽഹിയിൽ "ഡിജിറ്റൽ രൂപ" ഉപയോഗിക്കാൻ ഐജിഎൽ ഉപഭോക്താക്കൾക്ക് അവസരം
തിരഞ്ഞെടുത്ത ഐജിഎൽ സ്റ്റേഷനുകളിൽ മാത്രമാണ് നിലവിൽ ഈ സംവിധാനം ലഭ്യമാവുക
ഡൽഹി എൻസിആറിൽ ( നാഷണൽ ക്യാപിറ്റൽ റീജിയൻ) ഡിജിറ്റൽ രൂപ ഇടപാടുകൾ അവതരിപ്പിക്കുന്നതിനായി ഇൻഡസ്ഇൻഡ് ബാങ്ക് ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡുമായി (ഐജിഎൽ) സഹകരിച്ച് പ്രവർത്തിക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2022-ൽ ആരംഭിച്ച സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയായ (സിബിഡിസി) "ഡിജിറ്റൽ രൂപ" ഉപയോഗിച്ച് പേയ്‌മെന്റുകൾ നടത്താൻ തിരഞ്ഞെടുത്ത ഐജിഎൽ സ്റ്റേഷനുകളിൽ ഉപഭോക്താക്കളെ ഈ പങ്കാളിത്തം സഹായിക്കും.
കൂടാതെ, യുപിഐ വഴിയും ഉപഭോക്താക്കൾക്ക് അവരുടെ ഡിജിറ്റൽ റുപ്പി ആപ്പ് ഉപയോഗിച്ച് എല്ലാ ഐജിഎൽ സ്റ്റേഷനുകളിലുമുള്ള യുപിഐ ക്യുആർ സ്കാൻ ചെയ്ത് പണമടക്കാം. ഡിജിറ്റൽ രൂപയുടെ വിപുലമായ സ്വീകാര്യതയ്ക്കും ‘പണരഹിത’ സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ബാങ്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
“ഞങ്ങളുടെ പ്രധാന ഉപഭോക്താക്കളിലൊരാളായ ഐജിഎല്ലുമായുള്ള പങ്കാളിത്തം ഡിജിറ്റൽ രൂപയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങളിലെ സുപ്രധാന നാഴികക്കല്ലാണ്. ബാങ്കിംഗ് ഇക്കോ സിസ്റ്റത്തിലെ ഉപഭോക്താക്കൾക്കും പങ്കാളികൾക്കും ബാങ്കിംഗ് അനുഭവം ലളിതമാക്കാനുള്ള ഞങ്ങളുടെ നിരന്തര ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം" എന്ന് ഇൻഡസ്ഇൻഡ് ബാങ്ക് ഡെപ്യൂട്ടി സിഇഒ അരുൺ ഖുറാന പറഞ്ഞു.
ഇൻഡസ്ഇൻഡ് ബാങ്ക് ഓഹരികൾ വ്യാപാരവസാനം എൻഎസ്ഇ യിൽ 0.68 ശതമാനം താഴ്ന്ന് 1,476 രൂപയിലെത്തി.