ഐഡിഎഫ്‍സി-ഐഡിഎഫ്‍സി ഫസ്റ്റ് ബാങ്ക് ലയനം പ്രഖ്യാപിച്ചു
- ലയന ശേഷം മൂല്യനിർണ്ണയം 71,767 കോടി രൂപയാകുമെന്ന് നിരീക്ഷണം
- ലയനത്തിന് ഇരു കമ്പനികളുടെയും ബോര്‍ഡുകളുടെ അംഗീകാരം
ഐഡിഎഫ്‌സി ലിമിറ്റഡിനെ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കുമായി ലയിപ്പിക്കുന്നതിനുള്ള തീരുമാനം പ്രഖ്യാപിച്ചു. ഒരു ഓൾ-സ്റ്റോക്ക് ഇടപാടിലൂടെ തങ്ങളുടെ മാതൃസ്ഥാപനത്തിന്‍റെ ലയനം നടപ്പാക്കുമെന്നാണ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് പ്രഖ്യാപിച്ചിട്ടുള്ളത്. എച്ച്‌ഡിഎഫ്‌സി ബാങ്കില്‍ എച്ച്‍ഡിഎഫ്‍സി-യുടെ ലയനം പ്രാബല്യത്തില്‍ വന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് സമാനമായ ഒരു ലയന പദ്ധതി ഇന്ത്യൻ ബാങ്കിംഗ് സ്‌പെയ്‌സില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. ഐഡിഎഫ്‍സി ഫസ്റ്റ് ബാങ്കിന്റെയും ഐഡിഎഫ്‍സി-യുടെയും ബോർഡുകൾ ഈ റിവേഴ്സ് ലയനത്തിന് അംഗീകാരം നൽകിയിട്ടുണ്ട്.
ലയനത്തിന് ശേഷം ഐഡിഎഫ്‍സി ഫസ്റ്റ് ബാങ്കിന്‍റെ മൂല്യം എന്തായിരിക്കും എന്നതു സംബന്ധിച്ച് കമ്പനി വിശദീകരണമൊന്നും നല്‍കിയിട്ടില്ല. എങ്കിലും ബിഎസ്ഇയിലെ രണ്ട് കമ്പനികളുടെയും തിങ്കളാഴ്ചത്തെ ക്ലോസിംഗ് വിലയെ അടിസ്ഥാനമാക്കി കണക്കാക്കുമ്പോഴുള്ള മൂല്യനിർണ്ണയം 71,767 കോടി രൂപയാണ്. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ വിപണി മൂലധനം ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ 54,311.48 കോടി രൂപയാണ്. അതേസമയം ഐഡിഎഫ്‌സിയുടെ മൂല്യം 17,456 കോടി രൂപയാണ്.
ലയന പദ്ധതി പ്രകാരം, ഒരു ഐഡിഎഫ്‌സി ഓഹരിയുടമയ്ക്ക് തങ്ങളുടെ കൈവശമുള്ള ഓരോ 100 ഓഹരിക്കും പകരമായി 155 ഓഹരികള്‍ ലഭിക്കുമെന്ന് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു. . രണ്ട് സ്ഥാപനങ്ങളുടെയും ഓഹരികൾക്ക് 10 രൂപ വീതമാണ് മുഖവില.
ഓഹരി വിനിമയ അനുപാതം 2023 ജൂൺ 30 വരെയുള്ള, ഐഡിഎഫ്‌സി ഓഹരികളുടെ ക്ലോസിംഗ് മാർക്കറ്റ് വിലയിൽ ഏകദേശം 20 ശതമാനം പ്രീമിയത്തിന് കാരണമാകും.
ലയനം ഐഡിഎഫ്‌സിയുടെ കോർപ്പറേറ്റ് പുനഃസംഘടനയുടെ അവസാന ഘട്ടമാണെന്നും ഉപഭോക്താക്കൾക്ക് തടസ്സങ്ങളില്ലാതെ സേവനങ്ങൾ ലഭ്യമാക്കുന്ന ഒരു സാമ്പത്തിക സേവന ദാതാവിനെ സൃഷ്ടിക്കാൻ ലയനം സഹായിക്കുമെന്നും ഐഡിഎഫ്‌സി ചെയർമാൻ അനിൽ സിംഗ്‍വി പറഞ്ഞു. ലയനം സ്ഥാപനത്തിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുകയും ഓഹരിയുടമകള്‍ക്ക് പ്രതിഫലം സൃഷ്ടിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2023 മാർച്ചിലെ ഓഡിറ്റഡ് ഫിനാൻഷ്യൽ കണക്കനുസരിച്ച്, ലയനത്തിനുശേഷം ബാങ്കിന്റെ ഓരോ ഓഹരിയുടെയും സ്റ്റാൻഡ്‌ലോൺ ബുക്ക് മൂല്യം 4.9 ശതമാനം വർദ്ധിക്കും. ജൂണ്‍ അവസാനത്തിലെ കണക്കുപ്രകാരം ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിൽ 39.93 ശതമാനം ഓഹരിയാണ് ഐഡിഎഫ്‍സിക്കുള്ളത്.
പശ്ചാത്തല സൌകര്യ വികസന പദ്ധതികള്‍ക്ക് ഫണ്ട് ലഭ്യമാക്കുന്ന ഒരു സ്വകാര്യ മേഖലാ വായ്പാ ദാതാവാണ് ഐഡിഎഫ്‍സി. ഐസിഐസിഐ, ഐഡിബിഐ പോലുള്ള വലിയ എതിരാളികളെ പിന്തുടർന്ന്, 2015-ലാണ് ഐഡിഎഫ്‌സി ഒരു ബാങ്കിംഗ് ഉപകമ്പനിക്ക് തുടക്കമിട്ടത്. എന്നാൽ മറ്റ് രണ്ട് വമ്പന്‍മാര്‍ക്കും സാധ്യമായ തരത്തില്‍ വിപണിയില്‍ കാര്യമായ മുദ്ര പതിപ്പിക്കാനായില്ല.
ജൂലൈ 1 മുതലാണ് എച്ച്ഡിഎഫ്‍സി-യും അതിന്‍റെ ബാങ്കിംഗ് വിഭാഗവും തമ്മിലുള്ള ലയനം പ്രാബല്യത്തില്‍ വന്നത്. ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകത്തെ ഏറ്റവും വലിയ ലയനമായാണ് ഇത് കണക്കാക്കപ്പെടുന്നത്.ലയന ശേഷം ലോകത്തിലെ നാലാമത്തെ ഏറ്റവും മൂല്യമുള്ള ബാങ്കായി HDFC ബാങ്ക് മാറിയിട്ടുണ്ട്. ഒരു പ്രൊമോട്ടർ സ്ഥാപനവുമില്ലാത്ത പൂര്‍ണമായും പൊതു ഓഹരി ഉടമസ്ഥതയിലാണ് ലയന ശേഷം എച്ച്ഡിഎഫ്‍സി ബാങ്ക് നിലകൊള്ളുന്നത്.
രണ്ട് സ്ഥാപനങ്ങളെന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോഴുള്ള കോർപ്പറേറ്റ് ഘടനയെ ലഘൂകരിക്കുന്നതിന് ലയനം സഹായകമാകും. രണ്ട് കമ്പനികളും മറ്റ് അനുബന്ധ സ്ഥാപനങ്ങളും ഒരൊറ്റ സ്ഥാപനം എന്ന നിലയിലേക്ക് ഏകീകരിക്കുമ്പോള്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കുന്നത് കൂടുതല്‍ കാര്യക്ഷമമാകുകയും ചെയ്യുമെന്നും ഇരു കമ്പനികളും പ്രത്യേകമായി പുറത്തിറക്കിയ എന്നാൽ സമാനമായ പ്രസ്താവനകളിൽ പറയുന്നു
എച്ച്‌ഡിഎഫ്‌സി ബാങ്കിനെപ്പോലെ, ലയിപ്പിച്ച ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിനും ലയന ശേഷം പ്രൊമോട്ടർ എന്‍റിറ്റി ഉണ്ടായിരിക്കില്ല. പൊതു ഓഹരി ഉടമകളും സ്ഥാപന ഓഹരി ഉടമകളും ചേര്‍ന്നായിരിക്കും കമ്പനിയുടെ പൂര്‍ണ ഉടമസ്ഥത കൈയാളുക.