ലയന ശേഷം എച്ച്‍ഡിഎഫ്‍സി ബാങ്കിന്‍റെ മൊത്തം ബിസിനസ് 41 ലക്ഷം കോടിക്കു മുകളില്‍

  • എച്ച്ഡി‍എഫ്‍സി ഓഹരികള്‍ 13 മുതല്‍ എച്ച്ഡിഎഫ്‍സി ബാങ്ക് ഓഹരികള്‍
  • ഇരു സ്ഥാപനങ്ങളുടെയും ലയനം ഇന്നലെ പ്രാബല്യത്തില്‍ വന്നു
  • എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ മൂലധനം 1,190.61 കോടി രൂപയായി

Update: 2023-07-02 04:37 GMT

എച്ച്‌ഡിഎഫ്‌സിയുമായുള്ള ലയനം ശനിയാഴ്ച പ്രാബല്യത്തില്‍ വന്നതോടെ എച്ച്‌ഡിഎഫ്‌സി ബാങ്കിന്‍റെ മൊത്തം ബിസിനസ്സ് 41 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ബിസിനസിന്‍റെ കാര്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ സ്‍റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് എച്ച്ഡിഎഫ്‍സി ബാങ്ക്. 2023 മാർച്ച് 31 അവസാനത്തോടെ എസ്ബിഐ-യുടെ മൊത്തം ബിസിനസ് (നിക്ഷേപവും അഡ്വാൻസും) 70.30 ലക്ഷം കോടി രൂപയായിരുന്നു. എന്നിരുന്നാലും, 2023 സാമ്പത്തിക വർഷത്തിൽ എസ്ബിഐ രേഖപ്പെടുത്തിയ 50,232 കോടി രൂപയുടെ  ലാഭവുമായി താരതമ്യം ചെയ്യുമ്പോൾ ലയനത്തിലേക്ക് എത്തിയ ഇതു സ്ഥാപനങ്ങളുടെയും സംയുക്ത ലാഭം 60,000 കോടി രൂപയാണ്.

ലയനത്തിനു ശേഷം, എച്ച്‌ഡിഎഫ്‌സി ബാങ്ക് ലോകത്തിലെ ഏറ്റവും മൂല്യമുള്ള നാലാമത്തെ വായ്പാ ദാതാവായി മാറി. കൂടാതെ ആസ്തി വലുപ്പത്തില്‍ പൊതു ഉടമസ്ഥതയിലുള്ള എസ്‌ബിഐ-യുമായുള്ള വിടവ് കുറയ്ക്കുകയും ചെയ്തു.  ലയനത്തോടെ സ്ഥാപനത്തിന്റെ ആസ്തി 4.14 ലക്ഷം കോടി രൂപയിലധികമാകും. ലയനത്തെത്തുടർന്ന്, എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ മൂലധനം 1,190.61 കോടി രൂപയായി ഉയർന്നു. ഓഹരി മൂലധനം കൂട്ടാനോ കുറയ്ക്കാനോ ഉള്ള അധികാരം ബാങ്കിന് ഉണ്ട്.

എച്ച്‌ഡിഎഫ്‌സി ഇൻവെസ്റ്റ്‌മെന്‍റ്സും എച്ച്‌ഡിഎഫ്‌സി ഹോൾഡിംഗ്‌സും എച്ച്‌ഡിഎഫ്‌സി ലിമിറ്റഡുമായി സംയോജിപ്പിച്ചിരിക്കുന്നുവെന്നും അതിനാല്‍  2023 ജൂലൈ 1 ന് ആ കമ്പനികള്‍ പിരിച്ചുവിട്ടതായി കണക്കാക്കണമെന്നും എച്ച്ഡിഎഫ്‍സി ബാങ്ക് റെഗുലേറ്ററി ഫയലിംഗിൽ വ്യക്തമാക്കി. സമാനമായി എച്ച്‌ഡിഎഫ്‌സി ലിമിറ്റഡ്, എച്ച്‌ഡിഎഫ്‌സി ബാങ്കുമായി സംയോജിപ്പിച്ചുവെന്നും ഇത്, 2023 ജൂലായ് 1-ന്, ശനിയാഴ്‌ച മുതൽ പ്രാബല്യത്തിൽ വന്നുവെന്നും ബാങ്ക് വ്യക്തമാക്കി. 

ഏകദേശം 40 ബില്യൺ ഡോളര്‍ മൂല്യം കണക്കാക്കുന്ന ഇടപാടിലൂടെ രാജ്യത്തെ ഏറ്റവും വലിയ മോർട്ട്ഗേജ് ലെൻഡറായ ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷനെ (എച്ച്‌ഡിഎഫ്‌സി) ഏറ്റെടുക്കുമെന്ന് 2022 ഏപ്രിലിലാണ് എച്ച്ഡിഎഫ്‌സി ബാങ്ക് പ്രഖ്യാപിച്ചത്. അതേവര്‍ഷം തന്നെ ലയനത്തിന് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലില്‍ നിന്നുള്ള അംഗീകാരം ലഭിച്ചു. 

കരാർ പ്രാബല്യത്തിൽ വരുന്നതോടെ, എച്ച്‌ഡിഎഫ്‌സി ബാങ്ക് 100 ശതമാനം പൊതു ഓഹരി ഉടമകളുടെ ഉടമസ്ഥതയിലാവും, എച്ച്‌ഡിഎഫ്‌സിയുടെ നിലവിലുള്ള ഓഹരി ഉടമകൾക്ക് ബാങ്കിന്റെ 41 ശതമാനം ഓഹരി സ്വന്തമാകും. ഓരോ എച്ച്‌ഡിഎഫ്‌സി ഷെയർഹോൾഡർക്കും അവരുടെ കൈവശമുള്ള ഓരോ 25 ഓഹരികൾക്കും എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ 42 ഓഹരികൾ ലഭിക്കുമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്.

നേരത്തേ എച്ച്ഡിഎഫ്‍സി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടർമാരുമായി കൂടിയാലോചിച്ച് എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഡയറക്ടർ ബോർഡ്,  ജൂലൈ 13 മുതല്‍ എച്ച്‍ഡിഎഫ്‍സി ഓഹരികളുടെ വില്‍പ്പന അവസാനിപ്പിക്കാനും ഓഹരിയുടമകള്‍ക്ക്  എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഓഹരികൾ ഇഷ്യൂ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. 

എച്ച്ഡിഎഫ്‍സിയില്‍ നിലവില്‍ സ്ഥിര നിക്ഷേപമുള്ള നിക്ഷേപകര്‍ക്ക് തങ്ങളുടെ പണം പിന്‍വലിക്കുന്നതിനോ നിക്ഷേപം പുതുക്കുന്നതിനോ ഉള്ള അവസരം എച്ച്ഡിഎഫ്‍സി ബാങ്ക് നല്‍കും. ഇരു സ്ഥാപനങ്ങളും സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശയിലെ വ്യത്യാസം പരിഗണിച്ചാണ് ഇത്. 12 മാസം മുതൽ 120 മാസം വരെ കാലപരിധിയിലുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.56% മുതൽ 7.21% വരെയുള്ള പലിശ നിരക്കുകളാണ് എച്ച്‌ഡിഎഫ്‌സി നിലവില്‍ വാഗ്ദാനം ചെയ്യുന്നത്. ഈ നിരക്കുകൾ ജൂൺ 21 മുതലാണ് പ്രാബല്യത്തിൽ വന്നത്. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള എഫ്‍ഡി-കൾക്ക് 3% മുതൽ 7.25% വരെയുള്ള പലിശ നിരക്കാണ് എച്ച്ഡിഎഫ്‍സി ബാങ്ക് വാഗ്‍ദാനം ചെയ്യുന്നത്. മേയ് 29നാണ് ഈ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നത്. 

Tags:    

Similar News