17-18 % വായ്പാ വളര്‍ച്ച ലക്ഷ്യമിട്ട് എച്ച്ഡിഎഫ്‍സി ബാങ്ക്
- മികച്ച ക്രെഡിറ്റ് ഡിമാന്‍ഡ് നിലനില്‍ക്കുന്നുവെന്ന് നിരീക്ഷണം
- വായ്പാ ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ സെലക്റ്റിവ് സമീപനം
- ആദ്യ പാദത്തില്‍ കൂട്ടിച്ചേര്‍ത്തത് 39 ശാഖകള്‍
രാജ്യത്തെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ വായ്പാ ദാതാവായ എച്ച്‌ഡിഎഫ്‌സി ബാങ്ക് ഈ സാമ്പത്തിക വർഷത്തിൽ 17-18 ശതമാനം വായ്പാ വളർച്ച പ്രതീക്ഷിക്കുന്നു.
ജൂലൈ 1 മുതൽ, മാതൃ സ്ഥാപനമായ എച്ച്ഡിഎഫ്‍സി ലിമിറ്റഡുമായുള്ള ലയനം പൂര്‍ത്തിയായതോടെ, സ്‍റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കു പിന്നില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കായി മാറാന്‍ എച്ച്ഡിഎഫ്‍സി ബാങ്കിനായി. ആദ്യ പാദത്തിൽ ബാങ്കിന്റെ മൊത്തം അഡ്വാൻസ് 15.8 ശതമാനം ഉയർന്ന് 16.15 ലക്ഷം കോടി രൂപയായിരുന്നു.
"മൊത്തത്തിൽ, ആവശ്യത്തിന് ക്രെഡിറ്റ് ഡിമാൻഡ് വിപണിയില്‍ ഉണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്," എച്ച്ഡിഎഫ്‌സി ബാങ്ക് ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സിഎഫ്‌ഒ) ശ്രീനിവാസൻ വൈദ്യനാഥൻ വിശകലന വിദഗ്ധരുമായി അടുത്തിടെ നടത്തിയ മീറ്റിംഗില്‍ പറഞ്ഞു. ക്രെഡിറ്റിന്റെ കാര്യത്തിൽ ബാങ്ക് സെലക്ടീവ് ആയിരിക്കും, ചില വായ്പകളിൽ ഭാഗമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇപ്പോൾ ലയിപ്പിച്ച സ്ഥാപനമായ എച്ച്‌ഡിഎഫ്‌സി ലിമിറ്റഡിന്റെ വൈസ് ചെയർമാൻ കെക്കി മിസ്ത്രി എച്ച്ഡിഎഫ്‍സി ബാങ്കിന്‍റെ ഏറ്റവും മൂല്യമുള്ള സ്വതന്ത്ര ഡയറക്ടറായി മാറി. എച്ച്‌ഡിഎഫ്‌സി ബാങ്ക് ഉൾപ്പടെ, അദ്ദേഹം സ്വതന്ത്ര ഡയറക്ടറായിട്ടുള്ള ലിസ്റ്റഡ് കമ്പനികളുടെ മൊത്തം വിപണി മൂല്യം 27 ലക്ഷം കോടി രൂപയിലധികമാണ്. എച്ച്‌ഡിഎഫ്‌സി ബാങ്കിന് പുറമെ, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), എച്ച്‌ഡിഎഫ് ലൈഫ്, ടോറന്റ് പവർ, ഫ്ലിപ്കാർട്ട് എന്നിവയുടെ ബോർഡുകളിലും മിസ്ത്രിയുണ്ട്.
for ആദ്യ പാദത്തിൽ എച്ച്ഡിഎഫ്‍സി ബാങ്ക് 39 ശാഖകൾ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 12 മാസത്തിനിടെ 1,482 ശാഖകൾ കൂട്ടിച്ചേർക്കപ്പെട്ടുവെന്നും വൈദ്യനാഥൻ പറഞ്ഞു. ഇപ്പോൾ ആകെ ശാഖകളുടെ എണ്ണം 7,860 ആണ്.