അദാനി ഗ്രൂപ്പ് എബിറ്റ്ഡയിൽ ആദ്യ പകുതിയിൽ 47 ശതമാനം വർധന

  • എബിറ്റ്ഡയുടെ 86 ശതമാനവും സംഭാവന ചെയ്തത് ഇൻഫ്രാസ്ട്രക്ചർ ബിസിനസുകൾ
  • സെപ്‌റ്റംബർ 30 നു ഗ്രൂപ്പിന്‍റെ ക്യാഷ് ബാലൻസ് 45,895 കോടി രൂപ
  • ഊര്‍ജ്ജ ബിസിനസിന്റെ എബിറ്റ്ഡയിൽ 76 ശതമാനം വളർച്ച

Update: 2023-12-12 05:43 GMT

നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ, തങ്ങളുടെ പോർട്ട്‌ഫോളിയോ കമ്പനികളുടെ നികുതിക്ക് മുമ്പുള്ള ലാഭം അഥവാ എബിറ്റ്ഡ 47 ശതമാനം ഉയർന്ന് 43,688 കോടി രൂപയായെന്ന് അദാനി ഗ്രൂപ്പ്. കഴിഞ്ഞ അഞ്ച് വർഷത്തെ സംയുക്ത വാർഷിക വളർച്ചാ നിരക്കായ (സിഎജിആർ) 26.3 ശതമാനത്തെ മറികടക്കുന്ന പ്രകടനമാണിത്.

ആപ്പിൾ മുതൽ വിമാനത്താവളങ്ങൾ വരെ വ്യാപിച്ചുകിടക്കുന്ന വൈവിധ്യപൂര്‍ണമായ ബിസിനസാണ് അദാനി ഗ്രൂപ്പിനുള്ളത്. പ്രധാന ഇൻഫ്രാസ്ട്രക്ചർ ബിസിനസുകൾ മൊത്തം എബിറ്റ്ഡയുടെ 86 ശതമാനവും സംഭാവന ചെയ്തുവെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.  ഈ വിഭാഗത്തിലെ എബിറ്റ്ഡ 52 ശതമാനം വർധിച്ച് 37,379 കോടി രൂപയിലെത്തി.ഈ ബിസിനസുകളിൽ യൂട്ടിലിറ്റി (അദാനി ഗ്രീൻ എനർജി, അദാനി എനർജി സൊല്യൂഷൻസ്, അദാനി പവർ, അദാനി ടോട്ടൽ ഗ്യാസ്), ഗതാഗതം (അദാനി പോർട്ട്സ് & സെസ്), മറ്റ് ഇൻഫ്രാസ്ട്രക്ചർ ബിസിനസുകൾ (അദാനി എന്റർപ്രൈസസ് ഗ്രീൻ ഹൈഡ്രജൻ സംയോജിത ഉൽപ്പാദനം, വിമാനത്താവളങ്ങൾ, റോഡുകൾ) എന്നിവ ഉൾപ്പെടുന്നു.

ഗ്രൂപ്പിന്‍റെ ക്യാഷ് ബാലൻസ്

സെപ്‌റ്റംബർ അവസാനത്തോടെ ഗ്രൂപ്പിന്‍റെ ക്യാഷ് ബാലൻസ് 45,895 കോടി രൂപ (5.5 ബില്യൺ ഡോളർ) ആണ്.ഇത് എക്കാലത്തെയും ഉയർന്ന നിലയാണ്. 

ലോജിസ്റ്റിക്‌സ് (തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ലോജിസ്റ്റിക്‌സ്, ഷിപ്പിംഗ്, റെയിൽ), പ്രകൃതി വിഭവങ്ങൾ, വൈദ്യുതി ഉൽപ്പാദനം- വിതരണം, പുനരുപയോഗ ഊർജം, ഗ്യാസ്, ഇൻഫ്രാസ്ട്രക്ചർ, അഗ്രോ (ചരക്ക്, ഭക്ഷ്യ എണ്ണ, ഭക്ഷ്യ ഉൽപന്നങ്ങൾ, കോൾഡ് സ്റ്റോറേജ്, ഗ്രെയിൻ സിലോസ്), റിയൽ എസ്റ്റേറ്റ്, പൊതുഗതാഗത അടിസ്ഥാന സൗകര്യങ്ങൾ, ഉപഭോക്തൃ ധനകാര്യം, പ്രതിരോധം. എന്നിവയിലെല്ലാം ബിസിനസ് താല്‍പ്പര്യമുള്ള അതിവേഗം വളരുന്ന പോർട്ട്‌ഫോളിയോയാണ് അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അദാനി ഗ്രുപ്പിനുള്ളത്. 

എയർപോർട്ടുകളും ഗ്രീൻ ഹൈഡ്രജനും മറ്റ് ഇൻകുബേറ്റിംഗ് ആസ്തികളും ശക്തമായ വളര്‍ച്ച പ്രകടമാക്കുകയും ഇപ്പോൾ എബിറ്റ്ഡ-യുടെ 8% സംഭാവന നൽകുകയും ചെയ്യുന്നതായി ഗ്രൂപ്പ് സിഎഫ്ഒ ജുഗേഷിന്ദർ (റോബി) സിംഗ് പറഞ്ഞു.

കുറഞ്ഞ ചെലവിലുള്ള ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദനത്തിന്റെ ബിസിനസ്സ് 212 ശതമാനം വാർഷിക വരുമാന വളർച്ചയും 10 മടങ്ങ് എബിറ്റ്ഡ വളര്‍ച്ചയും കൈവരിച്ചു. അദാനി എന്റർപ്രൈസസിന് കീഴിലുള്ള എയർപോർട്ട് ബിസിനസ്സ് യാത്രക്കാരുടെ യാത്രക്കാരുടെ എണ്ണത്തില്‍ 29 ശതമാനം വളർച്ച ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ നേടി, അതുവഴി 42 ശതമാനം വരുമാന വളർച്ചയുണ്ടായി.

സിമന്റ് ബിസിനസ്സിന്‍റെ (അംബുജ & എസിസി) എബിറ്റ്ഡ വളര്‍ച്ച ഇരട്ടിയിലധികമാണ്. അദാനി ഗ്രീൻ എനർജിക്ക് കീഴിലുള്ള പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജത്തിന്‍റെ  ബിസിനസ്സ് എബിറ്റ്ഡ 76 ശതമാനം വളർച്ച രേഖപ്പെടുത്തി. പന്ത്രണ്ട് മാസ കാലയളവ് എടുക്കുകയാണെങ്കില്‍ 8,325 കോടി രൂപയുടെ (1 ബില്യൺ യുഎസ് ഡോളർ) എബിറ്റ്ഡ എന്ന നാഴികക്കല്ലും ഈ ബിസിനസ് കൈവരിച്ചു.

ആറ് മാസകാലയളവില്‍, അദാനി പോര്‍ട്‍സ് & സെസ് കൈകാര്യം ചെയ്ത ആഭ്യന്തര ചരക്കുകളുടെ അളവിലെ വളർച്ച ആദ്യമായി 200 ദശലക്ഷം ടൺ കവിഞ്ഞു.

Tags:    

Similar News