നാലാം പാദത്തില്‍ പെയിന്‍റ് ബിസിനസിലേക്ക് കടക്കുമെന്ന് ഗ്രാസിം

  • ഡെക്കൊറേറ്റിവ് പെയിന്‍റ് ബിസിനസിലെ മത്സരം കനക്കും
  • വരും വര്‍ഷങ്ങളില്‍ രണ്ടാം സ്ഥാനക്കാരാകുക ലക്ഷ്യമെന്ന് ഗ്രാസിം
  • ബിർള ഒപസ് എന്ന് പേരിലാണ് ഗ്രാസിമിന്‍റെ പെയിന്‍റ് ബിസിനസ്

Update: 2023-09-14 06:47 GMT

ആദിത്യ ബിർള ഗ്രൂപ്പിന്റെ ഫ്ളാഗ്ഷിപ്പ് കമ്പനിയായ ഗ്രാസിം ഇൻഡസ്ട്രീസ്, നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ നാലാം പാദത്തില്‍ പെയിന്‍റ് ബിസിനസിലേക്ക് കടക്കും. ബിർള ഒപസ് എന്ന് പേരിലായിരിക്കും പെയിന്‍റ് ബിസിനസെന്നും കമ്പനി അറിയിച്ചു. നിലവില്‍ ഏഷ്യൻ പെയിന്റ്‌സ്, ബെർഗർ തുടങ്ങിയ കമ്പനികള്‍ ആധിപത്യം പുലർത്തുന്ന ഡെക്കറേറ്റീവ് പെയിന്റ്‌സ് ബിസിനസിലെ മത്സരം വർദ്ധിപ്പിക്കുന്ന നീക്കമാണിത്. ജെഎസ്‍ഡബ്ല്യു പോലുള്ള ചില പുതിയ കമ്പനികളുടെ പെയിന്റ്‌സ് ആൻഡ് കോട്ടിംഗ് വ്യവസായത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്. 

അടുത്ത അഞ്ച് വർഷത്തിനുള്ളില്‍ 1 ലക്ഷം കോടി രൂപയുടെ വിപണി രാജ്യത്തെ പെയിന്‍റ്സ് ആന്‍ഡ് കോട്ടിംഗ് വ്യവസായത്തിന് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയുടെ അലങ്കാര പെയിന്റ് വ്യവസായത്തിന് നിലവിൽ 70,000 കോടി രൂപയുടെ മൂല്യമുണ്ട്.

"ഡെക്കൊറേറ്റിവ് പെയിന്റുകളിലേക്കുള്ള ഞങ്ങളുടെ കടന്നുവരവ് തന്ത്രപ്രധാനമായ പോർട്ട്ഫോളിയോ തിരഞ്ഞെടുപ്പാണ്, ഉയർന്ന വളർച്ചാ സാധ്യതയുള്ള വിപണിയിലേക്ക് പ്രവേശിക്കാനും ഉപഭോക്താക്കള്‍ക്കിടയില്‍ സാന്നിധ്യം വിപുലീകരിക്കാനും ഇത് ഞങ്ങളെ പ്രാപ്തരാക്കുന്നു" ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർള പറഞ്ഞു.

വരും വർഷങ്ങളിൽ തന്നെ ഈ മേഖലയില്‍ രണ്ടാം സ്ഥാനത്തേക്ക് എത്തുന്നതിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. പെയിന്റ് ബിസിനസ്സ് ആരംഭിക്കുന്നതിനായി ഗ്രാസിം 10,000 കോടി രൂപ നിക്ഷേപിക്കുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. അതേസമയം, പ്രധാന മെട്രോകളിൽ തങ്ങളുടെ പെയിന്റിംഗ് സേവനങ്ങൾ വിജയകരമായി പരീക്ഷിച്ചുവെന്നും ഇറക്കുമതി ചെയ്ത വുഡ് ഫിനിഷുകളുടെ ഒരു ശ്രേണി അവതരിപ്പിച്ചുവെന്നും കമ്പനി വ്യക്തമാക്കി.

ഹരിയാന, പഞ്ചാബ്, തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലായി മാനുഫാക്ചറിംഗ് പ്ലാന്‍റുകള്‍ സ്ഥാപിച്ച് 1,332 ദശലക്ഷം ലിറ്റര്‍ വാര്‍ഷിക ഉല്‍പ്പാദനം സാധ്യമാക്കുന്നതിനാണ് കമ്പനി ശ്രമിക്കുന്നത്. മഹാരാഷ്ട്രയില്‍ ഇപ്പോള്‍ തന്നെ ഗവേഷണ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. 

Tags:    

Similar News