എല്‍ഐസി അല്ല, അദാനി കമ്പനികളിലെ വലിയ നിക്ഷേപകര്‍ ഇനി ജിക്യുജി പാര്‍ട്‌ണേഴ്‌സ്
- അദാനി ഗ്രൂപ്പ് കമ്പനികളിലുള്ള എല്‍ഐസി ഓഹരി പങ്കാളിത്തം 63,100 കോടി രൂപയുടേത്
- ആറ് മാസത്തിനിടെ അദാനി ഗ്രീന്‍ എനര്‍ജി ഓഹരികളുടെ റിട്ടേണ്‍ ഇരട്ടിയായി
- അദാനി ഗ്രൂപ്പിന്റെ 10 കമ്പനികളില്‍ ഏഴിലും ജിക്യുജി പാര്‍ട്‌ണേഴ്‌സിനും എല്‍ഐസിക്കും ഓഹരി പങ്കാളിത്തമുണ്ട്
അദാനി ഗ്രൂപ്പ് കമ്പനികളിലെ ഏറ്റവും വലിയ നിക്ഷേപകരായി ജിക്യുജി പാര്‍ട്‌ണേഴ്‌സ് മാറി. ഏകദേശം 900 കോടി ഡോളറിന്റെ മൂല്യമുള്ള ഓഹരികളാണ് ജിക്യുജി പാര്‍ട്‌ണേഴ്‌സിന് ഇപ്പോള്‍ അദാനി ഗ്രൂപ്പിലുള്ളത്. യുഎസ്സിലെ ഫ്‌ളോറിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് കമ്പനിയാണ് ജിക്യുജി പാര്‍ട്‌ണേഴ്‌സ്.
പൊതുമേഖലാ സ്ഥാപനമായ എല്‍ഐസിയെ മറികടന്നാണ് ജിക്യുജി പാര്‍ട്‌ണേഴ്‌സ് ഈ സ്ഥാനത്തേയ്ക്ക് എത്തിയത്.
കഴിഞ്ഞ ആറ് മാസമായി അദാനി ഗ്രൂപ്പ് കമ്പനികളില്‍ ജിക്യുജി പാര്‍ട്‌ണേഴ്‌സ് ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചു വരികയാണ്. മറുവശത്ത് എല്‍ഐസിയാകട്ടെ, അദാനി ഗ്രൂപ്പുകളിലെ മൂന്ന് കമ്പനികളായ അദാനി എന്റര്‍പ്രൈസസ്, അദാനി എനര്‍ജി സൊല്യൂഷന്‍സ്, അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ എന്നിവയിലെ ഓഹരി പങ്കാളിത്തം കുറയ്ക്കുകയും ചെയ്തു.
2023-24 സാമ്പത്തിക വര്‍ഷത്തിലെ ഡിസംബര്‍ പാദത്തില്‍ എല്‍ഐസി അദാനി പോര്‍ട്‌സിലെ പങ്കാളിത്തം കുറച്ച് 7.86 ശതമാനത്തിലാക്കി. അദാനി എനര്‍ജി സൊല്യൂഷന്‍സില്‍ 3.68 ശതമാനമാക്കി കുറച്ചു.
ഫെബ്രുവരി 27 വരെയുള്ള കണക്ക്പ്രകാരം, അദാനി ഗ്രൂപ്പ് കമ്പനികളിലുള്ള എല്‍ഐസി ഓഹരി പങ്കാളിത്തം 63,100 കോടി രൂപയുടേതായിരുന്നു.
അദാനി പവറില്‍ 7.73 ശതമാനവും അദാനി ഗ്രീന്‍ എനര്‍ജിയില്‍ 7.1 ശതമാനവുമാണ് ജിക്യുജി പാര്‍ട്‌ണേഴ്‌സിന്റെ ഓഹരി പങ്കാളിത്തം. ഇതിന്റെ മൂല്യം ഏകദേശം 39,000 കോടി രൂപയോളം വരും.
അതുപോലെ അദാനി എനര്‍ജി സൊല്യൂഷന്‍സില്‍ 6.5 ശതമാനവും അദാനി പോര്‍ട്‌സില്‍ 3.8 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.
അദാനി ഗ്രൂപ്പ് കമ്പനികളില്‍ വച്ച് ജിക്യുജി പാര്‍ട്‌ണേഴ്‌സിന് ഏറ്റവുമധികം ഓഹരി പങ്കാളിത്തമുള്ളത് അദാനി പവറിലും അദാനി ഗ്രീന്‍ എനര്‍ജിയിലുമാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ ഈ രണ്ട് കമ്പനികളുമാണ് അദാനി ഗ്രൂപ്പ് കമ്പനികളില്‍ വച്ച് മികച്ച റിട്ടേണ്‍ ഉണ്ടാക്കിയതും.
കഴിഞ്ഞ ആറ് മാസത്തിനിടെ അദാനി ഗ്രീന്‍ എനര്‍ജി ഓഹരികളുടെ റിട്ടേണ്‍ ഇരട്ടിയോളമാണ് രേഖപ്പെടുത്തിയത്. ഇതേ കാലയളവില്‍ അദാനി പവറിന്റെ ഓഹരികള്‍ 74 ശതമാനത്തോളവും ഉയര്‍ന്നു.
അദാനി ഗ്രൂപ്പിന്റെ 10 കമ്പനികളില്‍ ഏഴിലും ജിക്യുജി പാര്‍ട്‌ണേഴ്‌സിനും എല്‍ഐസിക്കും ഓഹരി പങ്കാളിത്തമുണ്ട്.
ഇതില്‍ അദാനി പവറിലാണ് ജിക്യുജി പാര്‍ട്‌ണേഴ്‌സിന് ഏറ്റവും ഉയര്‍ന്ന നിക്ഷേപമുള്ളത്. എന്നാല്‍ എല്‍ഐസിക്ക് ഇൗ കമ്പനിയില്‍ നിക്ഷേപമില്ലെന്നതും ശ്രദ്ധേയമാണ്.