ഇന്ത്യന്‍ ബാങ്കുകളിൽ ഗ്രൂപ്പിൻറെ ബാധ്യത 32 ശതമാനമായി കുറഞ്ഞുവെന്ന് അദാനി

Update: 2023-01-02 10:39 GMT


ഇന്ത്യന്‍ ബാങ്കുകളില്‍ അദാനി ഗ്രൂപ്പിന്റെ വായ്പ ബാധ്യത 32 ശതമാനമായി കുറഞ്ഞുവെന്ന് ഗൗതം അദാനി. 'ഇന്ത്യ ടുഡേ'ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗ്രൂപ്പിന്റെ മൊത്ത വായ്പാ ബാധ്യതയില്‍ 86 ശതമാനവും ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് 32 ശതമാനമായി കുറഞ്ഞു.

നിലവില്‍ ഗ്രൂപ്പിന്റെ മൊത്ത വായ്പയില്‍ 50 ശതമാനവും അന്താരാഷ്ട്ര ബോണ്ടുകളില്‍ നിന്നാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ എയര്‍പോര്‍ട്ട്, ഡാറ്റ സെന്റര്‍, സിമന്റ്, അലുമിനിയം, സിറ്റി ഗ്യാസ് എന്നിവയിലെല്ലാം അദാനി ഗ്രൂപ്പിന്റെ സാനിധ്യം വിപുലീകരിച്ചു. പൊതു മേഖല ബാങ്കുകളിലടക്കം അദാനി ഗ്രൂപ്പിന് വലിയ തോതിലുള്ള ബാധ്യതയുണ്ടെന്ന് റേറ്റിംഗ് ഏജന്‍സിയായ 'ക്രെഡിറ്റ് സൈറ്റ്' റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2022 മാര്‍ച്ച് വരെയുള്ള കണക്കു പ്രകാരം അദാനി ഗ്രൂപ്പിന് 1.88 ലക്ഷം കോടി രൂപയുടെ മൊത്ത ബാധ്യതയാണ് ഉള്ളത്. ക്യാഷ് ബാലന്‍സ് ഉള്‍പ്പെടെ 1.61 ലക്ഷം കോടി രൂപയുടെ അറ്റബാധ്യതയും. 2015 -16 സാമ്പത്തിക വര്‍ഷത്തില്‍, മൊത്തം ബാധ്യതയുടെ 55 ശതമാനം പൊതു മേഖല ബാങ്കുകളില്‍ നിന്നുമായിരുന്നു. എന്നാല്‍ 2021 -22 സാമ്പത്തിക വര്‍ഷത്തില്‍ പൊതു മേഖല ബാങ്കുകളില്‍ നിന്ന് 21 ശതമാനം ബാധ്യതയാണ് ഉള്ളതെന്നും ഗൗതം അദാനി വ്യക്തമാക്കി.

2016 സാമ്പത്തിക വര്‍ഷത്തില്‍ 31 ശതമാനം വായ്പയും സ്വകാര്യ ബാങ്കുകളില്‍ നിന്നായിരുന്നു. എന്നാല്‍ അത് ഇപ്പോള്‍ 11 ശതമാനമായി കുറഞ്ഞു. അന്താരാഷ്ട്ര ബോണ്ടുകളില്‍ നിന്നും സമാഹരിച്ച വായ്പ 14 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഉയര്‍ന്നു.


Tags:    

Similar News