പേടിഎം ബാങ്കിനെതിരേ ഇഡി പ്രാഥമിക അന്വേഷണം തുടങ്ങി

വിദേശ വിനിമയ നിയമങ്ങളിലെ ലംഘനങ്ങളാണ് ഇഡി അന്വേഷിക്കുന്നത്;

Update: 2024-02-14 09:32 GMT
ED has started preliminary investigation against Paytm Bank
  • whatsapp icon

 പേടിഎം പേയ്‌മെൻ്റ് ബാങ്കിനെക്കുറിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഫെബ്രുവരി അവസാനത്തോടെ നിക്ഷേപങ്ങൾ, ക്രെഡിറ്റ് ഉൽപ്പന്നങ്ങൾ, ജനപ്രിയ ഡിജിറ്റൽ വാലറ്റുകൾ എന്നിവയുൾപ്പെടെയുള്ള മിക്ക ബിസിനസുകളും അടച്ചുപൂട്ടാൻ പേടിഎമ്മിനോട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ  രണ്ടാഴ്ച മുമ്പ് ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇഡി അന്വേഷണം ആരംഭിച്ചിട്ടുള്ളതെന്ന് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നാണ് പേടിഎം വ്യക്തമാക്കിയിട്ടുള്ളത്. കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങള്‍ക്കായി പേടിഎം പ്ലാറ്റ്ഫോമും പേടിഎം പേമെന്‍റ്സ് ബാങ്കും ഉപയോഗിക്കപ്പെട്ടുവെന്നാണ് ആര്‍ബിഐ വിലയിരുത്തുന്നത്. വിദേശവിനിമയവുമായി ബന്ധപ്പെട്ട നിയമനങ്ങളിലെ ലംഘനമാണ് പ്രധാനമായും ഇഡി പരിശോധിക്കുന്നത്. 

ഫെബ്രുവരി 29 വരെ ഉപഭോക്താക്കൾക്ക് അവരുടെ നിലവിലുള്ള നിക്ഷേപങ്ങൾ ആക്‌സസ് ചെയ്യാനും അവരുടെ വാലറ്റിൽ സൂക്ഷിച്ചിരിക്കുന്ന പണം ഉപയോഗിച്ച് സേവനങ്ങൾക്കായി പണമടയ്‌ക്കാനും കഴിയും. ആർബിഐ വഴങ്ങിയില്ലെങ്കിൽ, പേടിഎം വാലറ്റ് വഴിയുള്ള ഇടപാടുകള്‍ തുടര്‍ന്ന് സാധ്യമാകില്ല.

കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാത്ത ലക്ഷക്കണക്കിന് ഇടപാടുകള്‍ വിജയ് ശേഖര്‍ വര്‍മ നേതൃത്വം നല്‍കുന്ന പേമെന്‍റ് ബാങ്കില്‍ കണ്ടെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് കേസുകളിൽ ഒന്നിലധികം അക്കൗണ്ടുകൾ തുറക്കുന്നതിന് ഒറ്റ പാൻ ഉപയോഗിച്ചിട്ടുണ്ടെന്നും ആര്‍ബിഐ വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.

പിപിബിഎലിന് ഏകദേശം 35 കോടി ഇ-വാലറ്റുകൾ ഉണ്ട്. ഇതിൽ 31 കോടിയും പ്രവർത്തനരഹിതമാണെന്ന് ചില അനലിസ്‍റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഏകദേശം 4 കോടി അക്കൗണ്ടുകൾ പ്രവര്‍ത്തനക്ഷമമായിരിക്കുന്നത് ചെറിയ ബാലൻസോടെയോ ബാലൻസില്ലാതെയോ ആണ്. പ്രവർത്തനരഹിതമായ അക്കൗണ്ടുകളുടെ എണ്ണം അസാധാരണമാംവിധം ഉയർന്നിരിക്കുന്നത് വന്‍തട്ടിപ്പിന്‍റെ സൂചനയായാണ് കണക്കാക്കപ്പെടുന്നത്. 

Tags:    

Similar News