ഡെലോയ്റ്റ് രാജിവെച്ചു; ഓഡിറ്റിന് ബിഡിഒ-യെ നിയമിച്ച് ബൈജൂസ്

  • ബോര്‍ഡംഗങ്ങള്‍ രാജിവെച്ചതായ വാര്‍ത്ത കമ്പനി നിഷേധിക്കുന്നു
  • ഡെലോയ്റ്റിന്‍റെ രാജി സ്‍റ്റേറ്റ്‍മെന്‍റുകള്‍ നല്‍കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി
  • കമ്പനിയിലെ പിരിച്ചുവിടല്‍ തുടരുന്നു

Update: 2023-06-23 05:20 GMT

ഫിനാന്‍ഷ്യല്‍ സ്‍റ്റേറ്റ്‍മെന്‍റുകള്‍ സമർപ്പിക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി, എഡ്ടെക് വമ്പന്‍ ബൈജൂസിന്‍റെ ഓഡിറ്റര്‍ സ്ഥാനത്തു നിന്ന് ഡെലോയ്റ്റ് രാജിവെച്ചു. നേരത്തേ 2025 വരെയുള്ള കാലയളവിലേക്കാണ് ഓഡിറ്റ് സ്ഥാപനമായ ഡെലോയ്റ്റിനെ ബൈജൂസ് തങ്ങളുടെ ഓഡിറ്റിംഗിനായി നിയോഗിച്ചിരുന്നത്. സ്‍റ്റേറ്റ്‍മെന്‍റുകള്‍ ലഭിക്കുന്നതിലെ കാലതാമസം കാരണം തങ്ങള്‍ക്ക് ഓഡിറ്റ് ആരംഭിക്കാന്‍ സാധിച്ചിട്ടില്ലെന്നും ഇത് ഓഡിറ്റ് ആസൂത്രണം ചെയ്യുന്നതിനും സ്‍റ്റാന്‍ഡേര്‍ഡ് മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് അത് പൂര്‍ത്തിയാക്കുന്നതിനുമുള്ള തങ്ങളുടെ പ്രാപ്‍തിയെ ബാധിക്കുന്നതാണെന്നും ബൈജൂസ് എന്ന ബ്രാന്‍ഡ് നാമത്തില്‍ ബിസിനസ് നടത്തുന്ന തിങ്ക് & ലേൺ പ്രൈവറ്റ് ലിമിറ്റഡിന്റെ ( എന്നറിയപ്പെടുന്നത്) ബോർഡിന് അയച്ച കത്തിൽ ഡെലോയ്റ്റ് വിശദീകരിക്കുന്നു.

അതേസമയം തങ്ങളുടെ പുതിയ ഓഡിറ്ററായി ബിഡിഒയെ നിയമിച്ചതായി ബൈജൂസ് പ്രസ്താവനയിൽ പറഞ്ഞു. ഇത് സാമ്പത്തികമായ സൂക്ഷ്മപരിശോധനയിലും ഉത്തരവാദിത്വത്തിലും ഉയര്‍ന്ന നിലവാരം പുലര്‍ത്താന്‍ സഹായിക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു. 3 ബോര്‍ഡംഗങ്ങള്‍ രാജിവച്ചതായ റിപ്പോര്‍ട്ടുകളും ബൈജൂസ് നിഷേധിച്ചിട്ടുണ്ട്. സെക്വയ ക്യാപിറ്റല്‍ ഇന്ത്യ(Sequoia Capital India) എന്ന് അറിയപ്പെട്ടിരുന്ന പീക്ക് എക്‌സ്‌വി പാര്‍ട്‌ണേഴ്‌സിന്റെ (Peak XV Partners) ജി വി രവിശങ്കര്‍, വിവിയന്‍ വു (ചാന്‍ സുക്കര്‍ബെര്‍ഗ് ഇനിഷ്യേറ്റീവ്), റസല്‍ ഡ്രെയിന്‍സെന്‍സ്റ്റോക്ക് (പ്രോസസ്)എന്നിവര്‍ ഡയറക്റ്റര്‍ ബോര്‍ഡില്‍ നിന്നു രാജിവെക്കുന്നതായി അറിയിച്ചുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

"ബൈജൂസ് ഈ അവകാശവാദങ്ങളെ ശക്തമായി നിഷേധിക്കുകയാണ്. സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്നും അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും വിട്ടുനിൽക്കാൻ മാധ്യമ പ്രസിദ്ധീകരണങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഞങ്ങളുടെ സ്ഥാപനത്തിനുള്ളിലെ എന്തെങ്കിലും സുപ്രധാന സംഭവവികാസങ്ങളോ മാറ്റങ്ങളോ ഔദ്യോഗിക ചാനലുകളിലൂടെയും അറിയിപ്പുകളിലൂടെയും ഞങ്ങള്‍ അറിയിക്കുന്നതാണ്. കമ്പനിയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾക്കായി പരിശോധിച്ചുറപ്പിച്ച സ്രോതസ്സുകളെയും ഔദ്യോഗിക പ്രസ്താവനകളെയും ആശ്രയിക്കാൻ ഞങ്ങൾ മാധ്യമങ്ങളോട് അഭ്യർത്ഥിക്കുന്നു," ബൈജൂസ് വക്താവ് വിശദീകരിച്ചു. 

ബൈജൂസിലെ നോണ്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍മാരാണ് രാജിവെച്ചതായി പറയപ്പെടുന്ന മൂന്നുപേരും. ഇവരുടെ രാജി പിന്‍വലിക്കാന്‍ കമ്പനി ശ്രമം നടത്തുന്നുവെന്നാണ് സൂചന. ഇവര്‍ മൂന്ന് പേര്‍ക്കൊപ്പം റിജു രവീന്ദ്രന്‍, ബൈജു രവീന്ദ്രന്‍, ദിവ്യ ഗോകുല്‍നാഥ് എന്നിവരായിരുന്നു ബൈജൂസിന്റെ ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ളത്. 1.2 ബില്യണ്‍ ഡോളറിന്റെ ടേം ലോണുമായി ബന്ധപ്പെട്ട് പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഘട്ടത്തിലാണ് കമ്പനിയെ സംബന്ധിച്ച് തുടര്‍ച്ചയായി ശുഭകരമല്ലാത്ത വാര്‍ത്തകള്‍ വരുന്നത് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം 2500 ജീവനക്കാരെ പിരിച്ചുവിട്ട കമ്പനി നിലവില്‍ ആയിരം പേരെ പിരിച്ചുവിടുന്നതിനുള്ള പദ്ധതി നടപ്പാക്കുകയാണ്. 

ടേം ലോണ്‍ ബി-യിലെ തിരിച്ചടവ് വേഗത്തിലാക്കണമെന്ന ആവശ്യത്തിനെതിരേ കമ്പനി ഇപ്പോള്‍ ന്യൂയോര്‍ക്ക് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. വായ്പയുടെ തിരിച്ചടവുമായി ബന്ധപ്പെട്ട് മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് വായ്പാദാതാക്കളും ബൈജൂസും നിലപാട് കടുപ്പിച്ചത്. എന്നാല്‍ മറുപക്ഷം കരാറിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ തയാറാകാത്തതാണ് യഥാര്‍ത്ഥ പ്രശ്‌നമെന്ന ഇരുപക്ഷവും വാദിക്കുന്നു. ഗണ്യമായ ക്യാഷ് റിസര്‍വുകളോടെ സാമ്പത്തികമായി ശക്തമായ നിലയിലാണ് കമ്പനി മുന്നോട്ടു പോകുന്നതെന്നും വായ്പദാതാക്കള്‍ അവരുടെ തെറ്റായ നടപടികള്‍ പിന്‍വലിക്കുകയും കരാറിന്റെ നിബന്ധനകള്‍ പാലിക്കുകയും ചെയ്താല്‍, ടിഎല്‍ബി-ക്ക് കീഴില്‍ പേയ്മെന്റുകള്‍ തുടരാന്‍ തയ്യാറാണെന്നും, തങ്ങള്‍ അതിന് സജ്ജമാണെന്നും കമ്പനി അവകാശപ്പെടുന്നു. 

Tags:    

Similar News