ലാപ്‌ടോപ്പ് വില്‍പനയടക്കം ഇടിവില്‍; 6,650 പേരെ പിരിച്ചുവിടാന്‍ ഡെല്‍
- 2021 മുതലുള്ള കണക്കുകള്‍ നോക്കിയാല്‍ കമ്പ്യൂട്ടര്‍ വില്‍പനയില്‍ 37 ശതമാനം ഇടിവാണ് ഡെല്‍ നേരിട്ടിരിക്കുന്നത്.
;

പേഴ്‌സണല്‍ കംമ്പ്യൂട്ടറുകളുടെ വില്‍പനയില്‍ ഇടിവ് നേരിടുന്നതിനാല്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയാണെന്ന് പ്രഖ്യാപിച്ച് യുഎസ് ആസ്ഥാനമായ ടെക്ക് കമ്പനിയായ ഡെല്‍ ടെക്‌നോളജീസ്. 6,650 ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഭാവിയിലേക്ക് നോക്കുമ്പോള്‍ അനിശ്ചിതത്വം ഭീതിപ്പെടുത്തുന്നുണ്ടെന്നും കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ജെഫ് ക്ലാര്‍ക്ക് പറയുന്നു. ആഗോളതലത്തിലുള്ള ജീവനക്കാരില്‍ 5 ശതമാനം പേരെ വെട്ടിക്കുറയ്ക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.
2021 മുതലുള്ള കണക്കുകള്‍ നോക്കിയാല്‍ കമ്പ്യൂട്ടര്‍ വില്‍പനയില്‍ 37 ശതമാനം ഇടിവാണ് ഡെല്‍ നേരിട്ടിരിക്കുന്നത്. ഒട്ടേറെ ഉത്പന്നങ്ങള്‍ ഇറക്കുന്നുണ്ടെങ്കിലും കമ്പനിയുടെ ആകെ വരുമാനത്തിന്റെ 55 ശതമാനവും പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ വില്‍പനയില്‍ നിന്നുമാണ് ലഭിക്കുന്നത്. കമ്പനിയുടെ ചെലവ് ചുരുക്കലിന്റെ ഭാഗമായി പുതിയ നിയമനങ്ങള്‍ താല്‍ക്കാലികമായി നിറുത്തുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചുവെന്നും കമ്പനി ഇറക്കിയ അറിയിപ്പിലുണ്ട്.
ഏതാനും ആഴ്ച്ച മുന്‍പാണ് ടെക്ക് മേഖലയിലെ മുന്‍നിരക്കാരായ എച്ച് പിയും, സിസ്‌കോയും ഉള്‍പ്പടെയുള്ള കമ്പനികള്‍ കൂട്ടപ്പിരിച്ചുവിടല്‍ നടത്തും എന്ന് അറിയിച്ചിരുന്നത്. 2022ല്‍ മാത്രം ടെക്ക് മേഖലയില്‍ 97,171 ആളുകള്‍ക്കാണ് തൊഴില്‍ നഷ്ടമായത്. 2021നെ അപേക്ഷിച്ച് 649 ശതമാനം അധികമാണിത്. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന പണപ്പെരുപ്പം ഉള്‍പ്പടെയുള്ള പ്രതിസന്ധി രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ 2023ലും ടെക്ക് മേഖലയിലടക്കം ഒട്ടേറെ പിരിച്ചുവിടലുകള്‍ നടന്നേക്കും.