പന്തയത്തില്‍ കുടുങ്ങി ഡാബറിന്‍റെ 140 വര്‍ഷത്തെ വ്യവസായ പാരമ്പര്യം
- ആര്‍ഇഎല്‍-ന്റെ സ്വതന്ത്ര ഡയറക്ടർമാർ ഗുരുതര ആരോപണങ്ങളാണ് ബര്‍മന്‍ കുടുബത്തിന് നേരേ ഉയര്‍ത്തിയിട്ടുള്ളത്
- വിദേശത്ത് ഡാബറിന്‍റെ അനുബന്ധ കമ്പനികള്‍ നേരിടുന്നത് 5000ല്‍ അധികം കേസുകള്‍
- മഹാദേവ് ബെറ്റിംഗ് ആപ്പ് കേസിലെ പ്രതിപ്പട്ടികയിലാണ് ഡാബര്‍ ഗ്രൂപ്പ് മേധാവികള്‍ ഉള്ളത്
രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന വ്യവസായ ഗ്രൂപ്പുകളിലൊന്നിന്‍റെ തലവന്‍മാര്‍ വാതുവെപ്പ് തട്ടിപ്പ് കേസിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടൂവെന്ന വാര്‍ത്തയാണ് കഴിഞ്ഞദിവസം ഇന്ത്യന്‍ വ്യവസായ സമൂഹത്തെ തേടിയെത്തിയത്. 140 വർഷം പഴക്കമുള്ള ഡാബര്‍ ഗ്രൂപ്പ് ആഭ്യന്തരമായി ചില വെല്ലുവിളികള്‍ നേരിടുന്ന ഘട്ടത്തിലാണ് ഇടിത്തീ പോലെ മഹാദേവ് ബെറ്റിംഗ് ആപ്പ് കേസിലെ എഫ്‍ഐആര്‍ വരുന്നത്.
ഗ്രൂപ്പിന്‍റെ സാമ്പത്തിക സേവന കമ്പനി പൂര്‍ണമായും ഏറ്റെടുക്കാനാണ് ബര്‍മന്‍ കുടുംബം ആഗ്രഹിക്കുന്നത്. എന്നാല്‍ ഡയറക്റ്റര്‍ ബോര്‍ഡില്‍ നിന്നും കടുത്ത എതിര്‍പ്പാണ് ഈ നിര്‍ദേശം നേരിടുന്നത്. വാതുവെപ്പ് കേസില്‍ ഗ്രുപ്പ് മേധാവികള്‍ പ്രതികളാക്കപ്പെട്ടതോടെ ഗ്രൂപ്പിനകത്തെ പ്രശ്നങ്ങള്‍ രൂക്ഷമാകുന്നതിനും ഇത് വഴിവെച്ചേക്കും.
1884-ൽ കൊൽക്കത്തയില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോ. എസ്.കെ. ബർമൻ കോളറ, മലേറിയ, പ്ലേഗ് തുടങ്ങിയ രോഗങ്ങൾ ഭേദമാക്കാൻ പ്രകൃതിദത്ത മരുന്നുകൾ നിർമ്മിക്കാൻ തുടങ്ങിയതോടെയാണ് ബര്‍മന്‍ കുടുംബത്തിന്‍റെ ബിസിനസ്സ് ആരംഭിച്ചത്. താന്‍ ജനങ്ങള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്ന 'ഡോക്റ്റര്‍ ബർമാൻ' എന്ന വിളിപ്പേരിനെ ചുരുക്കിയാണ് അദ്ദേഹം ഡാബർ എന്ന പേര് തന്‍റെ കമ്പനിക്ക് നല്‍കിയത്. വിദൂര ഗ്രാമങ്ങളിലെ ജനങ്ങൾക്ക് മിതമായ നിരക്കിൽ ഫലപ്രദമായ മരുന്നുകൾ ലഭ്യമാക്കുക എന്നതായിരുന്നു ഈ സംരംഭത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന്, ആയുർവേദ ഉൽപ്പന്നങ്ങളും എഫ്എംസിജി ഉല്‍പ്പന്നങ്ങളും വിപണിയിലെത്തിക്കുന്ന കമ്പനിക്ക് 11 ബില്യൺ ഡോളറിലധികം വിപണി മൂല്യമുണ്ട്.
മഹാദേവ് ബെറ്റിംഗ് ആപ്പ് കേസും ബര്‍മന്‍മാരും
ഡാബർ കുടുംബത്തിന്‍റെ അഞ്ചാം തലമുറയാണ് ഇപ്പോള്‍ ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യത്തിന്‍റെ പേരില്‍ ആരോപണം നേരിടുന്നത്. മഹാദേവ് ബെറ്റിംഗ് ആപ്പ് കേസില്‍ മുംബൈ പോലീസ് രജിസ്‍റ്റര്‍ ചെയ്ത എഫ്‌ഐആറിലെ 31 അംഗ ഡാബർ ചെയർമാൻ മോഹിത് ബർമന്റെയും ഡയറക്റ്റര്‍ ഗൗരവ് ബർമന്റെയും പേരുകൾ ഉണ്ട്. എന്നാൽ, അനധികൃത വാതുവെപ്പ് കേസുമായി ബന്ധമില്ലെന്നാണ് ഇരുവരും വാദിക്കുന്നത്.
ഈ വർഷം ഓഗസ്റ്റിൽ ബർമൻ കുടുംബം വിവിധ സ്ഥാപനങ്ങളിലൂടെ റെലിഗെയർ എന്റർപ്രൈസസ് ലിമിറ്റഡിൽ (ആര്‍ഇഎല്‍) 21.5 ശതമാനം ഓഹരികൾ നേടിയിരുന്നു. സെപ്റ്റംബറിൽ, വീണ്ടും 5.27 ശതമാനം ഓഹരികൾ കൂടി വാങ്ങി. 255 ദശലക്ഷം ഡോളർ നിക്ഷേപത്തിലൂടെ, പൊതുനിക്ഷേപകരുടെ കൈവശമുള്ള 26 ശതമാനം ഓഹരികൂടി വാങ്ങി ആര്‍ഇഎല്‍-ന്‍റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതായും ബര്‍മന്‍ കുടുംബം പ്രഖ്യാപിച്ചു.
എന്നാൽ ഏതാണ്ട് ഒരു മാസത്തിനു ശേഷം, ആര്‍ഇഎല്‍-ന്റെ സ്വതന്ത്ര ഡയറക്ടർമാർ ആര്‍ബിഐ, സെബി, ഐആര്‍ഡിഎഐ തുടങ്ങിയ റെഗുലേറ്റർമാർക്ക് കത്തെഴുതി. ആര്‍ഇഎല്‍-ന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന ഡാബര്‍ ഗ്രുപ്പിനെ കുറിച്ച് ഉചിതമായും കര്‍ക്കശമായും പരിശോധിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. കമ്പനിയെ ദോഷകരമായി ബാധിച്ചേക്കാവുന്ന തരത്തില്‍ റെഗുലേറ്ററി നിബന്ധനകള്‍ ബര്‍മന്‍ കുടുംബം ലംഘിച്ചതായി ഇവര്‍ ആരോപിച്ചു.
ബർമൻ ഗ്രൂപ്പ് വിവിധ "തട്ടിപ്പുകളിലും സാമ്പത്തിക ക്രമക്കേടുകളിലും" ഉൾപ്പെട്ടിട്ടുണ്ടെന്നും ഇത് വിവിധ നിയമ അധികാരികൾ അന്വേഷിക്കുന്നുവെന്നും ആര്‍ഇഎല്‍-ന്റെ സ്വതന്ത്ര ഡയറക്ടർമാർ കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതു കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് മഹാദേവ് ബെറ്റിംഗ് ആപ്പ് കേസില്‍ ബര്‍മന്‍ കുടുംബം കുടുങ്ങുന്നത്.
ചെറുകിട ബിസിനസ്സുകൾക്ക് വായ്പ നൽകുന്ന റെലിഗയര്‍ ഫിന്‍ഫെസ്‍റ്റ്, കെയർ ഹെൽത്ത് ഇൻഷുറൻസ്, ഭവന വായ്പകള്‍ നല്‍കുന്ന റെലിഗെയര്‍ ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ,ഒരു റീട്ടെയിൽ സ്റ്റോക്ക് ബ്രോക്കറേജായ റെലിഗെയര്‍ ബ്രോക്കിംഗ് എന്നിങ്ങനെ നാലു കമ്പനികളാണ് ആര്‍ഇഎല്‍-ന് ഉള്ളത്.
ആശ്വാസമായി യുഎസിലെ കോടതി വിധികള്‍
വിദേശ അനുബന്ധ സ്ഥാപനങ്ങളായ ഡാബർ ഇന്റർനാഷണൽ, ഡെർമോവിവ സ്കിൻ എസൻഷ്യൽസ് എന്നിവയുടെ ഹെയർ റിലാക്‌സർ ഉൽപ്പന്നങ്ങൾ അണ്ഡാശയ അർബുദം, ഗർഭാശയ അർബുദം, എന്നിവയ്ക്ക് കാരണമായെന്നാരോപിച്ച് യുഎസ് കോടതിയിൽ സമർപ്പിക്കപ്പെട്ട ഒന്നിലധികം കേസുകളിൽ അനുകൂല വിധി ലഭിച്ചത് ഡാബറിന് ആശ്വാസമായിട്ടുണ്ട്. എന്നിരുന്നാലും, തങ്ങലുടെ മൂന്നാമത്തെ അന്താരാഷ്ട്ര അനുബന്ധ സ്ഥാപനമായ നമസ്‌തേ ലബോറട്ടറീസ് എൽഎൽസിക്കെതിരെ ഫയൽ ചെയ്ത കേസുകൾ യുഎസിലെ ഒരു ജില്ലാ കോടതിയില്‍ തുടരുകയാണെന്നും കമ്പനി അറിയിച്ചു.
തങ്ങളുടെ മൂന്ന് വിദേശ ഉപസ്ഥാപനങ്ങളും യുഎസിലെ ഫെഡറൽ, സ്റ്റേറ്റ് കോടതികളിൽ നിന്നായി ഏകദേശം 5,400 കേസുകൾ നേരിടുന്നുവെന്ന് ഡാബര്‍ ഇന്ത്യ കഴിഞ്ഞ മാസം റെഗുലേറ്ററി ഫയലിംഗിൽ വെളിപ്പെടുത്തിയിരുന്നു. ഈ കേസുകളെല്ലാം പിന്നീട് ഇല്ലിനോയിസിലെ നോർത്തേൺ ഡിസ്ട്രിക്റ്റ് കോടതിയിലേക്ക് മാറ്റപ്പെടുകയായിരുന്നു.