കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഗ്രേഡ് ഉയർത്തി, നവരത്ന പദവിയിലേക്കുള്ള ആദ്യ കാൽവെപ്പ്

  • ഷെഡ്യൂൾ ബി' വിഭാഗത്തിലായിരുന്നു ഇതുവരെ സി‌എസ്‌എൽ
  • വലിയ സീനിയർ മാനേജ്‌മെന്റ് ശേഷി സജ്ജമാക്കാന്‍ പദവി ഉയര്‍ത്തല്‍ സഹായിക്കും

Update: 2023-08-01 11:44 GMT

രാജ്യത്തെ ഏറ്റവും വലിയ കപ്പൽ നിർമ്മാതാക്കളായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിനെ (സി‌എസ്‌എൽ) 'ഷെഡ്യൂൾ എ' കേന്ദ്ര പൊതുമേഖലാ സംരംഭമായി (സി‌പി‌എസ്‌ഇ) കേന്ദ്ര സര്‍ക്കാര്‍ ഉയർത്തി . 'ഷെഡ്യൂൾ ബി' വിഭാഗത്തിലായിരുന്നു ഇതുവരെ സി‌എസ്‌എൽ. ജൂലൈ 31-ന് തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം ഇതുസംബന്ധിച്ച് അറിയിച്ചതായി കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു. സിഎസ്‍എല്‍-ന്റെ സുപ്രധാന നാഴികക്കല്ലായാണ് ഈ പദവി ഉയര്‍ത്തല്‍ വിലയിരുത്തപ്പെടുന്നത്.  

ഇപ്പോൾ  മിനി -നവരത്ന കമ്പിനിയായ കൊച്ചിൻ ഷിപ്പ്‌യാർഡിനു  നവരത്ന കമ്പനിയിലേക്കുള്ള ചുവടുവെപ്പാണിത്. പ്രവർത്തന-സാമ്പത്തിക മികവുകൾ കൂടുതൽ മെച്ചപ്പെടുത്തിയാലേ നവരത്ന പദവി ലഭിക്കൂ.  

“സി‌എസ്‌എലിന്റെ ശക്തമായ സാമ്പത്തിക പ്രകടനത്തിനും പ്രവർത്തന കാര്യക്ഷമതയ്ക്കും ദേശീയ സുരക്ഷയ്ക്കുള്ള സംഭാവനയ്ക്കും ലഭിച്ച അംഗീകാരമായി കണക്കാക്കുന്നു,” കമ്പനിയുടെ പ്രസ്താവനയിൽ പറയുന്നു. ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ 'ഐഎൻഎസ് വിക്രാന്ത്' സിഎസ്എൽ നിർമ്മിച്ചതാണ്, സങ്കീർണ്ണമായ പ്രതിരോധ കപ്പലുകൾ നിർമ്മിക്കാനുള്ള തങ്ങളുടെ വൈദഗ്ധ്യം വ്യക്തമാക്കിക്കൊണ്ട് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിക്ക് ഇതിന്‍റെ വിതരണം നിര്‍വഹിക്കാനായി

രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന ഏഴ് യൂണിറ്റുകൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ വലിയ സീനിയർ മാനേജ്‌മെന്റ് ശേഷി സജ്ജമാക്കാന്‍  'ഷെഡ്യൂൾ എ' ആയി ഉയർത്തുന്നത് സിഎസ്എല്‍-നെ സഹായിക്കും.

നാല് വിഭാഗങ്ങൾ

അളവും ഗുണമേന്‍മയും മറ്റ് ഘടകങ്ങളും അടിസ്ഥാനമാക്കി പൊതു സംരംഭങ്ങളെ 'എ', 'ബി', 'സി', 'ഡി' എന്നിങ്ങനെ നാല് ഷെഡ്യൂളുകളായി തിരിച്ചിരിക്കുന്നു.

ക്വാണ്ടിറ്റേറ്റീവ് ഘടകങ്ങൾ: നിക്ഷേപം, മൂലധനം, അറ്റ ​​വിൽപ്പന, നികുതിക്ക് മുമ്പുള്ള ലാഭം, ജീവനക്കാരുടെ എണ്ണം, യൂണിറ്റുകളുടെ എണ്ണം, ഒരു ജീവനക്കാരന്‍റെ ശരാശരി  മൂല്യവർദ്ധന എന്നിവയെല്ലാം ക്വാണ്ടിറ്റേറ്റീവ് ഘടകങ്ങളിൽ ഉൾപ്പെടുന്നു.

ഗുണപരമായ ഘടകങ്ങൾ: ദേശീയ പ്രാധാന്യം, സങ്കീർണതകൾ, സാങ്കേതികവിദ്യയുടെ നിലവാരം, പ്രവർത്തനങ്ങളുടെ വിപുലീകരണത്തിനും വൈവിധ്യവൽക്കരണത്തിനുമുള്ള സാധ്യതകൾ, മറ്റ് മേഖലകളിൽ നിന്നുള്ള മത്സരം, കോർപ്പറേഷന്റെ തന്ത്രപരമായ പ്രാധാന്യം തുടങ്ങിയവ..

Tags:    

Similar News