സിസ്‌കോ 4,000 പേരെ പിരിച്ചുവിടും, ടെക് ലോകത്ത് 'ഫയറിംഗ്' കടുക്കുന്നു

  • ആമസോണ്‍ മുതല്‍ അഡോബില്‍ വരെ ഇപ്പോള്‍ ആളുകളെ വെട്ടിക്കുറയ്ക്കുകയാണ്.

Update: 2022-12-14 05:59 GMT

ഡെല്‍ഹി: പിരിച്ചുവിടല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി ആഗോള ടെക്ക് കമ്പനിയായ സിസ്‌കോ. ഒട്ടേറെ പേരെ പിരിച്ചുവിടും എന്ന് നേരത്തെ സൂചനകള്‍ വന്നിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത ഇല്ലായിരുന്നു. എന്നാലിപ്പോള്‍ ഈ മാസം അവസാനത്തോടെ 4,000 പേരെ പിരിച്ചുവിടുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ടെക്ക് ഭീമനായ സിസ്‌കോ സിസ്റ്റംസ്. ജീവനക്കാര്‍ക്ക് കമ്പനി അധികൃതര്‍ സൂചന നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പണപ്പെരുപ്പം ഉള്‍പ്പടെ ആഗോളരംഗത്ത് നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ കോര്‍പ്പറേറ്റുകളെ സാരമായി ബാധിക്കുന്നുണ്ട്. ആമസോണ്‍ മുതല്‍ അഡോബില്‍ വരെ ഇപ്പോള്‍ ആളുകളെ വെട്ടിക്കുറയ്ക്കുകയാണ്. ഇന്ത്യയിലെ കണക്കുകള്‍ നോക്കിയാല്‍ എഡ്ടെക്ക് പ്ലാറ്റ്ഫോമായ വേദാന്തു ഏതാനും ദിവസം മുന്‍പ് 385 ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചിരുന്നു.

കോവിഡ് കാലത്തുള്‍പ്പടെ ഫണ്ടിംഗ് ലഭിച്ച കമ്പനികളില്‍ നിന്നാണ് പിരിച്ചു വിടലുകള്‍ രൂക്ഷമാകുന്നത് എന്നാണ് ആശങ്കയുളവാക്കുന്ന മറ്റൊരു ഘടകം. കോവിഡ് വ്യാപനം മൂലം ഓഫീസുകള്‍ അടച്ചിട്ടെങ്കിലും അക്കാലത്തും ഒട്ടേറെ ആളുകള്‍ക്ക് ജോലി നല്‍കിയ കോര്‍പ്പറേറ്റായിരുന്നു ആമസോണ്‍.

എന്നാല്‍ മൂന്നാഴ്ച്ച മുന്‍പ് 10,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ച ആമസോണ്‍ പിരിച്ചുവിടുന്ന ജീവനക്കാരുടെ എണ്ണം 20,000 ആയേക്കും എന്ന് ഏതാനും ദിവസം മുന്‍പ് വ്യക്തമാക്കി കഴിഞ്ഞു.

ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ്, മൈക്രോസോഫ്റ്റ്, മെറ്റ, ട്വിറ്റര്‍ തുടങ്ങിയ കോര്‍പ്പറേറ്റുകള്‍ എല്ലാം തന്നെ ആയിരക്കണക്കിന് ജീവനക്കാരെയാണ് ഇതിനോടകം പിരിച്ചുവിട്ടത്.

മാത്രമല്ല മിക്ക കോര്‍പ്പറേറ്റുകളും ഇപ്പോള്‍ ആളുകളെ ജോലിക്കെടുക്കുന്നത് നിറുത്തി വെച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ ആഗോളതലത്തില്‍ വേരുറപ്പിച്ച സ്ഥാപനങ്ങളിലാണ് പിരിച്ചുവിടലുകള്‍ വര്‍ധിച്ചിരിക്കുന്നതെന്ന് വ്യക്തമാകും.

യുഎസ് ആസ്ഥാനമായ മള്‍ട്ടിനാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് കമ്പനിയായ മോര്‍ഗന്‍ സ്റ്റാന്‍ലി 1,600 ജീവനക്കാരെ പിരിച്ചുവിട്ടേക്കും എന്ന് അറിയിച്ചുകഴിഞ്ഞു. കമ്പനിയില്‍ ഇപ്പോഴുള്ള ചെലവ് താങ്ങാനാവുന്നില്ലെന്നാണ് ഇക്കാര്യത്തില്‍ അധികൃതരുടെ വിശദീകരണം. ആഗോളതലത്തിലുള്ള ജീവനക്കാരിലെ 2 ശതമാനം ആളുകളെ പരിച്ചു വിടാനാണ് കമ്പനി ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

ഇന്ത്യന്‍ എഡ്ടെക്ക് സ്റ്റാര്‍ട്ടപ്പായ വേദാന്തു ഈ വര്‍ഷം ഇത് നാലാം തവണയാണ് പിരിച്ചുവിടലുകള്‍ നടത്തുന്നത്. നാലാം റൗണ്ടില്‍ 385 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നും ചില സീനിയര്‍ ജീവനക്കാരുടെ ശമ്പളം 50 ശതമാനം വെട്ടിച്ചുരുക്കിയെന്നുമാണ് സൂചന.

ഇക്കഴിഞ്ഞ മെയ് മാസം 624 ജീവനക്കാരെയും ജൂലൈയില്‍ സെയില്‍സ് ടീമില്‍ നിന്നുള്ള 100 പേരെയും കമ്പനി പിരിച്ചുവിട്ടിരുന്നു. ഈ വര്‍ഷം ഇതുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ ഏകദേശം 1,100 ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. നിലവിലെ കണക്ക് പ്രകാരം ഇനി 3,300 മുഴുവന്‍ സമയ ജീവനക്കാരാണ് വേദാന്തുവില്‍ അവശേഷിക്കുന്നത്.

Tags:    

Similar News