പാപ്പരായെന്ന് സമ്മതിച്ച് ബൈജൂസിന്‍റെ യുഎസ് യൂണിറ്റ്
- നിലവില്‍ കമ്പനിയുടെ മൂല്യം 1 ബില്യൺ ഡോളറിനും 3 ബില്യൺ ഡോളറിനും ഇടയില്‍
- റൈറ്റ്സ് ഇഷ്യു വഴി 200 മില്യൺ ഡോളർ സമാഹരിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചു
- നൂറിനും ഇരുന്നൂറിനും ഇടയ്ക്ക് സ്ഥാപനങ്ങള്‍ക്കാണ് പണം നല്‍കാനുള്ളതെന്ന് ആല്‍ഫാ യൂണിറ്റ്
പ്രതിസന്ധിയില്‍ ഉഴലുന്ന എഡ്ടെക് വമ്പന്‍ ബൈജൂസിന്‍റെ യുഎസ് യൂണിറ്റ് പാപ്പരത്ത നടപടികള്‍ക്കായി യുഎസ് കോടതിയെ സമീപിച്ചു. യുഎസ് നിയമത്തിലെ ചാപ്റ്റര്‍ 11 പ്രകാരമുള്ള നടപടികള്‍ക്കായാണ് ദെലാവേറിലെ കോടതിയില്‍ ഫയലിംഗ് നടത്തിയിട്ടുള്ളത്. 1 ബില്യണ്‍ ഡോളറിനും 10 ബില്യണ്‍ ഡോളറിനും ഇടയിലുള്ള ബാധ്യതകളാണ് ഫയലിംഗില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്.
500 മില്യണ്‍ ഡോളറിനും 1 ബില്യണ്‍ ഡോളറിനും ഇടയിലാണ് ആസ്തികളുടെ മൂല്യമെന്ന് ബൈജൂസിന്‍റെ ആല്‍ഫ യൂണിറ്റ് പറയുന്നു. നൂറിനും ഇരുന്നൂറിനും ഇടയ്ക്ക് സ്ഥാപനങ്ങള്‍ക്കാണ് പണം നല്‍കാനുള്ളത്.
ബൈജു രവീന്ദ്രൻ സ്ഥാപിച്ച എഡ്-ടെക് കമ്പനി, 2022-ൽ 22 ബില്യൺ ഡോളർ മൂല്യത്തോടെ ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പുകളിൽ ഒന്നായിരുന്നു, എന്നാൽ വമ്പന്‍ വിപൂലീകരണ പദ്ധതികളും വലിയ വായ്പയെടുക്കലും കമ്പനിയെ പ്രതിസന്ധിയിലേക്ക് നയിച്ചു. കമ്പനിയുടെ മൂല്യം 1 ബില്യൺ ഡോളറിനും 3 ബില്യൺ ഡോളറിനും ഇടയിലേക്ക് കുറഞ്ഞതായി ഇപ്പോള്‍ ബൈജൂസിലെ വിവിധ നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നത്.
ബാധ്യതകൾ തീർക്കുന്നതിനും മറ്റ് പ്രവർത്തന ചെലവുകൾക്കുമായി ഓഹരികളുടെ റൈറ്റ്സ് ഇഷ്യു വഴി 200 മില്യൺ ഡോളർ സമാഹരിക്കുമെന്ന് ബൈജൂസ് തിങ്കളാഴ്ച പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി 1.2 ബില്യൺ ഡോളറിൻ്റെ ടേം ലോണിൻ്റെ തിരിച്ചടവ് സംബന്ധിച്ച് നിരവധി അനുനയ ചർച്ചകൾ ബൈജൂസ് നടത്തുന്നുണ്ട്. ഇതിനിടെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു.