കമ്പനിയെ നയിക്കാന്‍ ബൈജു യോഗ്യനല്ലെന്നു നിക്ഷേപകര്‍
- ബൈജു രവീന്ദ്രന്‍, ഭാര്യ ദിവ്യ ഗോകുല്‍നാഥ്, സഹോദരന്‍ റിജു രവീന്ദ്രന്‍ എന്നിവര്‍ ബോര്‍ഡിലുണ്ട്
- ഇന്ന് നടന്ന പൊതുയോഗത്തില്‍ നിന്നു ബൈജു രവീന്ദ്രന്‍, ഭാര്യ, സഹോദരന്‍ എന്നിവര്‍ വിട്ടുനിന്നു
- കമ്പനിയില്‍ ബൈജു, ഭാര്യ, സഹോദരന്‍ എന്നിവര്‍ക്ക് മൊത്തം 26.3% ഓഹരി പങ്കാളിത്തമുണ്ട്
ബൈജൂസ് ആപ്പിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും ഉടമയും സിഇഒയുമായ ബൈജു രവീന്ദ്രനെ പുറത്താക്കണമെന്ന് നിക്ഷേപകര്‍.
ഇന്ന് ചേര്‍ന്ന അസാധാരണ പൊതുയോഗത്തിലാണു തീരുമാനം.
കമ്പനിയില്‍ ഫോറന്‍സിക് ഓഡിറ്റിംഗ് നടത്തണമെന്നും സമീപദിവസം അവകാശ ഓഹരി ഇറക്കിയത് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടും നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എന്‍സിഎല്‍ടി) ബെംഗളുരു ബെഞ്ചിനെ സമീപിച്ചു.
ആഗോള ടെക് നിക്ഷേപകരായ പ്രോസസ്, ജിഎ, സോഫിന, പീക്ക് xv എന്നിവരടങ്ങിയ നിക്ഷേപകരാണു ബൈജുവിനെ നീക്കണമെന്നാവശ്യപ്പെട്ട് ട്രൈബ്യൂണലിനെ സമീപിച്ചത്.
ബൈജു രവീന്ദ്രന്‍ കമ്പനി നടത്തിപ്പിന് യോഗ്യനല്ലെന്നും കമ്പനിക്ക് പുതിയ ബോര്‍ഡിനെ നിയമിക്കണമെന്നുമാണു നിക്ഷേപകരുടെ ആവശ്യം. അടുത്ത ഹിയറിങ് തീയതി വരെ അസാധാരണ പൊതുയോഗത്തില്‍ എടുത്ത ഏതെങ്കിലും തീരുമാനങ്ങള്‍ ബൈജൂസ് കമ്പനിയില്‍ നടപ്പിലാക്കുന്നതില്‍ നിന്ന് ബോര്‍ഡിനെ കര്‍ണാടക ഹൈക്കോടതി തടഞ്ഞിട്ടുണ്ട്.
അസാധാരണ പൊതുയോഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബൈജു രവീന്ദ്രന്‍ ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം ഹര്‍ജി നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് കോടതി ഉത്തരവിറക്കിയത്. അതേസമയം യോഗം ഹൈക്കോടതി വിലക്കിയതുമില്ല. മാര്‍ച്ച് 13 നാണ് ഈ വിഷയം വീണ്ടും കോടതി പരിഗണിക്കുന്നത്.