സീ-സോണി ലയനത്തിന് എതിരേ ആക്സിസിന്‍റെ അപ്പീല്‍
ഐഡിബിഐ ബാങ്കും ലയന അനുമതിക്കെതിരേ അപ്പീല്‍ നല്‍കി;

മുമ്പ് സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്ക്സ് ഇന്ത്യ എന്നറിയപ്പെട്ടിരുന്ന കൽവർ മാക്‌സ് എന്റർടെയ്‌ൻമെന്റുമായി സീ എന്റർടൈൻമെന്റ് ലയിക്കുന്നതിന് എൻസിഎൽടി നല്‍കിയ അനുമതിക്കെതിരേ ആക്സിസ് ഫിനാന്‍സ് അപ്പീല്‍ നല്‍കി. സീ, സോണി, സോണിയുടെ അനുബന്ധ സ്ഥാപനമായ ബംഗ്ലാ എന്റർടൈൻമെന്റ് എന്നിവയുടെ സംയുക്ത പദ്ധതിക്ക് ഓഗസ്റ്റ് 10-നാണ് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ മുംബൈ ബെഞ്ച് അനുമതി നൽകിയത്. സീ ലിമിറ്റഡിന്‍റെ, ആക്സിസ് ഫിനാന്‍സ് ഉള്‍പ്പടെയുള്ള വായ്പാദാതാക്കളുടെ എതിര്‍പ്പ് തള്ളിയായിരുന്നു ഈ അനുമതി.
നേരത്തേ ഐഡിബിഐ ബാങ്കും ലയനത്തിന് അനുമതി നല്‍കിയതിനെതിരെ ഡെല്‍ഹിയിലെ അപ്പീല്‍ സംവിധാനത്തെ സമീപിച്ചിരുന്നു. സീ പ്രൊമോട്ടർ സുഭാഷ് ചന്ദ്ര ഗോയങ്കയ്ക്കും മറ്റുള്ളവർക്കുമെതിരേ സമര്‍പ്പിച്ച ഹര്‍ജിയില്‍ സീ, എസ്സല്‍ മൗറീഷ്യസ്, സോണി എന്നിവരെ പ്രതിയാക്കാൻ ആക്സിസ് ഫിനാൻസ് സമർപ്പിച്ച അപേക്ഷ ബോംബെ ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. സുഭാഷ് ചന്ദ്ര ഗോയങ്കയിൽ നിന്ന് 146 കോടി രൂപ വീണ്ടെടുത്തു കിട്ടണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
2021 ഡിസംബറിലാണ്, സീ എന്റർടെയ്ൻമെന്റും സോണി പിക്ചേഴ്സും തങ്ങളുടെ ബിസിനസുകൾ ലയിപ്പിക്കാൻ ധാരണയായത് ബന്ധപ്പെട്ട ഏജൻസികളിൽ നിന്ന് അനുമതി ലഭിച്ചിട്ടും, ഈ ലയന പദ്ധതി പലകുറി കാലതാമസം നേരിട്ടു.