ആശിര്‍വാദ് വിഭവ സമാഹരണം പ്രൈവറ്റ് ഇക്വിറ്റിയിലൂടെ ? ഐപിഒ ഉടനയില്ല

  • ആശിര്‍വാദിന്റെ ഡിസംബര്‍ അവസാനത്തെ കണക്കനുസരിച്ചു 6849.3 കോടിയാണ് കമ്പനിയുടെ കടം
  • അതേസമയം അതിന്റെ മിച്ചമൂല്യം 1441.3 കോടിയും

Update: 2023-02-07 13:23 GMT


കൊച്ചി:മണപ്പുറം ഗ്രൂപ്പിന്റെ മൈക്രോഫിനാന്‍സ് കമ്പനിയായ ആശിര്‍വാദ് വിഭവ സമാഹരണം നടത്താന്‍ സാധ്യത. വിപണിയുടെ നില മെച്ചപ്പെട്ടാല്‍ പ്രൈവറ്റ് ഇക്വിറ്റിയിലൂടെയായിരിക്കും വിഭവ സമാഹരണം നടത്തുക. മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയുന്നത് കൂടുതല്‍ വിഭവ സമാഹരണത്തിനു ആശിര്‍വാദ് ഇനിഷ്യല്‍ പബ്ലിക് ഓഫര്‍ ഐ പി ഓ മാര്‍ഗം തേടുമെന്നാണ്.

ആശിര്‍വാദിന്റെ 98 ശതമാനം ഓഹരികളും മണപ്പുറം ഫിനാന്‍സിന്റെ കൈവശമാണ്. മണപ്പുറം ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന ആസ്തി ഇടപാടുകളില്‍, സ്വര്‍ണ പണയ ഇടപാടുകള്‍ 60 ശതമാനത്തിനു താഴെ വരും. ക്രമേണ മറ്റു ആസ്തി ഇടപാടുകള്‍ കമ്പനി കൂട്ടികൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഗ്രൂപ്പ് അതിന്റെ മൈക്രോ ഫിനാന്‍സിന്റേയും ഇടപാടുകള്‍ വര്‍ധിപ്പിക്കാന്‍ നടപടികള്‍ എടുക്കുന്നത്.

``ഞങ്ങള്‍ വിഭവസമാഹരണം ഉദ്ദേശിക്കുന്നുണ്ട്. അത് ഐ പി ഓ യില്‍ കൂടി ആയിരിക്കണമെന്നില്ല. ഞങ്ങള്‍ക്ക്( ആശിര്‍വാദിന്) ന്യായമായ ഒരു മതിപ്പുവില വാല്യൂവേര്‍സ് നിശ്ചയിക്കുകയാണെങ്കില്‍, ഞങ്ങള്‍ വിഭവ സമാഹരണത്തിനു പ്രൈവറ്റ് ഇക്വിറ്റി മാര്‍ഗം തേടിയേക്കും. അത് കഴിഞ്ഞു ഒന്നോ, രണ്ടോ വര്‍ഷത്തിന് ശേഷം ഞങ്ങള്‍ ഓഹരി വിപണിയില്‍ ഇറങ്ങിയേക്കാം.'' ആശിര്‍വാദിന്റെ മാതൃസ്ഥാപനമായ മണപ്പുറം ഫിനാന്‍സിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ വി പി നന്ദകുമാര്‍ മാധ്യമങ്ങളില്‍ വരുന്ന ഐ പി ഓ വാര്‍ത്തകളെ പരാമര്‍ശിച്ചുകൊണ്ട് പറഞ്ഞു.

ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ ആശിര്‍വാദ് 705 കോടി അറ്റാദായം നേടി. രണ്ടാം പാദത്തില്‍ ഇത് 566 കോടി ആയിരുന്നു.

വായ്പകളുടെ ചെലവ് ഇനിയും കുറയ്ക്കാന്‍ കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. വരുന്ന പാദങ്ങളില്‍ പ്രൊവിഷനിങ് (തിരിച്ചടവ് മുടങ്ങിയ വായ്പ്പകളുടെ തിരിച്ചടവിനായി കമ്പനി മാറ്റിവെക്കുന്ന തുക) കോവിഡ് പൂര്‍വ കാലത്തേക്ക് എത്തുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.

മാതൃ കമ്പനിയായ മണപ്പുറം ഫിനാന്‍സ് കുറച്ചുനാളുകള്‍ക്ക് മുമ്പ് അവകാശ ഓഹരിയിലൂടെ ആശിര്‍വാദിന്റെ മൂലധനത്തില്‍ നിക്ഷേപിച്ച 250 കോടിയാണ,് കമ്പനിയുടെ മൂലധന പര്യാപതത (ക്യാപിറ്റല്‍ റ്റു റിസ്‌ക് വെയ്റ്റഡ് അസെറ്റ്‌സ്) അനുപാതം ഇപ്പോഴത്തെ 21.6 ശതമാനത്തില്‍ എത്തിക്കാന്‍ സഹായിച്ചത് .

ആശിര്‍വാദിന്റെ ഡിസംബര്‍ അവസാനത്തെ കണക്കനുസരിച്ചു 6849.3 കോടിയാണ് കമ്പനിയുടെ കടം. അതേസമയം അതിന്റെ മിച്ചമൂല്യം 1441.3 കോടിയും.

മണപ്പുറം സ്വര്‍ണവായ്പാ ഇടപാടുകള്‍ 50 ശതമാനം ആക്കുന്നു. മണപ്പുറത്തിന്റെ ആസ്തി (വായ്പ ) ഇടപാടുകളില്‍, സ്വര്‍ണ വായ്പാ ഇടപാടുകള്‍ 58 ശതമാനമാണ്. ഇത് രണ്ടു വര്‍ഷം കൊണ്ട് 50 ശതമാനമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സ്വര്‍ണേതര വായ്പകളിലുമായി തുല്യമായി വിഭജിക്കപ്പെടുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്

അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ് നന്ദകുമാര്‍ മണപുറത്തിന്റെ വൈവിദ്ധീകരണ പരിപാടികള്‍ പ്രഖ്യാപിക്കുന്നത്. കമ്പനി ഇപ്പോള്‍ അതിന്റെ വൈവിദ്ധീകരണ പരിപാടികള്‍ സാക്ഷാത്കരിക്കുന്നതിന്റെ പാതയിലാണെന്ന് അനലിസ്റ്റുകളുമായി സംസാരിക്കവെ നന്ദകുമാര്‍ പറഞ്ഞു.

ബാങ്കുകളുടെ വളരെ കണക്കുകൂട്ടിയുള്ള സ്വര്‍ണ വായ്പാ ഇടപാടുകളിലേക്കുള്ള പ്രവേശനം, അടുത്തകാലം വരെ സ്വര്‍ണ പണയ ഇടപാടുകള്‍ കയ്യടക്കി വെച്ചിരുന്ന വമ്പന്‍ കമ്പനികളായ മൂത്തൂറ്റും മണപ്പുറവും പോലെയുള്ള കമ്പിനികളുടേയും മറ്റു അസംഘടിത മേഖലയിലുള്ള പണയ ഇടപാടുകാരുടെയും ഇടപാടുകളെ കാര്യമായി ബാധിച്ചിച്ചുണ്ടന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു

Tags:    

Similar News