ഇന്ത്യയിൽ പിടിമുറുക്കി ആപ്പിൾ: 1,200 ജീവനക്കാരുമായ് ബെംഗളൂരുവിൽ പുതിയ ഓഫീസ്
- നഗരത്തിന്റെ മധ്യഭാഗത്തുള്ള മിൻസ്‌ക് സ്‌ക്വയറിലാണ് പുതിയ ആപ്പിൾ ഓഫീസ്.
- ആപ്പിളിന്റെ ബെംഗളൂരുവിലെ രണ്ടാമത്തെ ഓഫീസാണിത്.
- ബെംഗളൂരു യൂണിറ്റും കാർബൺ ന്യൂട്രൽ ആണ്
യുഎസ് ആസ്ഥാനമായുള്ള ടെക്‌നോളജി ഭീമനായ ആപ്പിൾ ഇന്ത്യയിൽ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി ബെംഗളൂരുവിൽ പുതിയ ഓഫീസ് ആരംഭിച്ചു.
15 നിലകളുള്ള പുതിയ ഓഫീസിൽ 1,200 ജീവനക്കാർ വരെ ഉണ്ടായിരിക്കും. കൂടാതെ പ്രത്യേക ലാബ് സ്ഥലവും സഹകരണത്തിനും ആരോഗ്യത്തിനുമുള്ള മേഖലകൾ, കഫേ മാക്‌സ് എന്നിവയും ഉൾപെടുന്നു.
ആപ്പിളിന്റെ ബെംഗളൂരുവിലെ രണ്ടാമത്തെ ഓഫീസാണിത്. മറ്റൊന്ന് യുബി സിറ്റിയിലാണുളളത്. പുതിയ ആപ്പിൾ ഓഫീസ് സ്ഥിതി ചെയ്യുന്നത് എം. ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിനും നഗരത്തിലെ ഏറ്റവും വലിയ ഗ്രീൻ ലംഗ് സ്പേസുകളിലൊന്നായ കബ്ബൺ പാർക്കിനും സമീപം മിൻസ്‌ക് സ്‌ക്വയറിലാണ്.
ബെംഗളൂരുവിന്റെ ഹൃദയഭാഗത്തുള്ള ഞങ്ങളുടെ പുതിയ ഓഫീസ് ഉപയോഗിച്ച് ഇന്ത്യയിൽ സാന്നിധ്യം വിപുലീകരിക്കാൻ ആപ്പിൾ ത്രില്ലിലാണ്. സോഫ്‌റ്റ്‌വെയർ എഞ്ചിനീയറിംഗ്, ഹാർഡ്‌വെയർ സാങ്കേതികവിദ്യകൾ, പ്രവർത്തനങ്ങൾ, ഉപഭോക്തൃ പിന്തുണ എന്നിവയുൾപ്പെടെ ഞങ്ങളുടെ നിരവധി ടീമുകൾക്ക് ഈ ചലനാത്മക നഗരം ഇതിനകം തന്നെ ആസ്ഥാനമാണെന്നും, ഞങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും പോലെ, ഈ വർക്ക്‌സ്‌പേസ് പുതുമ, സർഗ്ഗാത്മകത, കണക്ഷൻ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് സൃഷ്‌ടിച്ചതാണെന്നും കമ്പനി പറഞ്ഞു.
ആഗോളതലത്തിലുള്ള എല്ലാ ആപ്പിൾ കോർപ്പറേറ്റ് ഓഫീസുകളെയും പോലെ, ബെംഗളൂരു യൂണിറ്റും കാർബൺ ന്യൂട്രൽ ആണ് കൂടാതെ 100 ശതമാനം പുനരുപയോഗ ഊർജത്തിലാണ് പ്രവർത്തിക്കുന്നത്. പ്ലാറ്റിനം ഓഫീസിന്റെ ഇന്റീരിയറുകൾ കല്ലും മരവും തുണിയും ഉൾപ്പെടെ പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കളിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്.