അധിക നിയമനം തിരിച്ചടിയായി, 18,000 പേരെ പിരിച്ചുവിടാന്‍ ആമസോണ്‍: സെയില്‍സ് ഫോഴ്‌സും ആളെ കുറയ്ക്കുന്നു

  • 2022 സെപ്റ്റംബര്‍ അവസാനം വരെയുള്ള കണക്ക് പ്രകാരം ആമസോണില്‍ 1.5 ദശലക്ഷത്തിലധികം ജീവനക്കാരാണുണ്ടായിരുന്നത്.

Update: 2023-01-05 05:46 GMT

ചെലവ് ചുരുക്കലിന്റെ ഭാഗമായി ആമസോണില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. ഇത്തവണ 18,000 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം കമ്പനി 10,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പുതിയ വര്‍ഷത്തില്‍ കൂടുതല്‍ ആള്‍ക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഇ-കൊമേഴ്സ്, ഹ്യൂമന്‍ റിസോഴ്സ് വിഭാഗങ്ങളിലെ ജീവനക്കാരെയാണ് നീക്കം കൂടുതലായും ബാധിക്കുക. പിരിച്ചുവിടല്‍ സംബന്ധിച്ച് ജീവനക്കാര്‍ക്ക് ബുധനാഴ്ച്ച അറിയിപ്പ് നല്‍കിയെന്നും, വാര്‍ഷിക പദ്ധതികളുടെ ഭാഗമായാണിതെന്നും കമ്പനിയുടെ സിഇഒ ആന്‍ഡി ജാസി വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ സൂചിപ്പിച്ചതായി റിപ്പോര്‍ട്ട് വന്നിരുന്നു. കോവിഡ് കാലത്ത് കമ്പനി വളരെയധികം ആളുകളെ നിയമിച്ചിരുന്നുവെന്ന് കമ്പനി അധികൃതര്‍ സമ്മതിക്കുന്നുണ്ട്. ആമസോണിന്റെ ഏറ്റവും പുതിയ നടപടികളോട് നിക്ഷേപകരുടെ സമീപനം പോസ്റ്റീവാണെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. ബുധനാഴ്ച്ച ഇത് സംബന്ധിച്ച വാര്‍ത്തകള്‍ വന്നതിനു പിന്നാലെ ആമസോണ്‍ ഓഹരികള്‍ ഏകദേശം രണ്ട് ശതമാനമാണ് ഉയര്‍ന്നത്.

2022 സെപ്റ്റംബര്‍ അവസാനം വരെയുള്ള കണക്ക് പ്രകാരം ആമസോണില്‍ 1.5 ദശലക്ഷത്തിലധികം ജീവനക്കാരാണുണ്ടായിരുന്നത്. ഈ മാന്ദ്യകാലത്ത് 18,000 തൊഴിലാളികളെ പിരിച്ചുവിടുന്നത് ടെക് കമ്പനികള്‍ നടത്തുന്ന പിരിച്ചുവിടലുകളില്‍ ഏറ്റവും വലിയതാകാനാണ് സാധ്യത. സിലിക്കണ്‍ വാലിയിലെ മറ്റു കമ്പനികളെക്കാള്‍ തൊഴില്‍ ശക്തി ആമസോണിനുണ്ട്. ഏറ്റവും പുതിയ വെട്ടിക്കുറയ്ക്കല്‍ കമ്പനിയിലെ ഒരു ശതമാനം ജീവനക്കാരെയാണ് ബാധിക്കുന്നത്. നവംബറില്‍ കമ്പനി ജീവനക്കാരെ വെട്ടിക്കുറയ്ക്കാന്‍ പദ്ധതിയിടുമ്പോള്‍ ആമസോണിന് ലോകമെമ്പാടുമായി ഏകദേശം 350,000 കോര്‍പ്പറേറ്റ് ജീവനക്കാരുണ്ടായിരുന്നുവെന്നാണ് പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഉപഭോക്താക്കള്‍ ലോക്ക് ഡൗണ്‍ സമയത്ത് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളെ അധികമായി ആശ്രയിച്ചിരുന്നുവെങ്കിവും കോവിഡ് കാലത്തിനുശേഷം വിപണിയില്‍ വലിയ ഇടിവ് സംഭവിച്ചു. അതോടെ ആമസോണ്‍ വെയര്‍ഹൗസുകള്‍ തുറക്കുന്നത് വൈകിക്കുകയും റീട്ടെയില്‍ ഗ്രൂപ്പിലേക്കുള്ള നിയമനങ്ങള്‍  നിറുത്തിവെയ്ക്കുകയും ചെയ്തിരുന്നു. ഇത് കമ്പനിയുടെ കോര്‍പ്പറേറ്റ് സ്റ്റാഫിലേക്കുള്ള നിയമനങ്ങള്‍ മരവിപ്പിക്കുന്നതിലേക്കും, പിന്നീട് ജീവനക്കാരേ വെട്ടിക്കുറയ്ക്കുന്നതിലേക്കും നീങ്ങി. ടെലിഹെല്‍ത്ത് സേവനം, ഡെലിവറി റോബോട്ട്, കുട്ടികളുടെ വീഡിയോ കോളിംഗ് ഉപകരണം എന്നിങ്ങനെയുള്ള പരീക്ഷണാടിസ്ഥാനത്തിലുള്ളതും, ലാഭകരമല്ലാത്തതുമായ ബിസിനസുകള്‍ കമ്പനി നിര്‍ത്തലാക്കുകയോ, ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്.

സെയില്‍സ് ഫോഴ്‌സും 10% ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു

ക്ലൗഡ് അധിഷ്ഠിത കമ്പനിയായ സെയില്‍സ് ഫോഴ്‌സ് 10 ശതമാനം ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. പണപ്പെരുപ്പം ഉള്‍പ്പടെയുള്ള സാമ്പത്തിക പ്രതിസന്ധികള്‍ ഉടലെടുക്കുന്നതിന് മുന്‍പ് ഒട്ടേറെ ജീവനക്കാരെ സെയില്‍സ് ഫോഴ്‌സ് ജോലിയ്‌ക്കെടുത്തിരുന്നു. എന്നാലിപ്പോള്‍ കമ്പനിയുടെ വരുമാനത്തില്‍ സാരമായ ഇടിവുണ്ടെന്നും ചെലവ് കൈവിട്ട് പോകുന്ന സ്ഥിതിയുമാണ് ഉള്ളതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു.

1999ല്‍ യുഎസ് ആസ്ഥാനമായി ആരംഭിച്ച കമ്പനിയാണ് സെയില്‍സ് ഫോഴ്‌സ്. 2024നകം കമ്പനിയിലെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുകയാണ് ലക്ഷ്യമെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ കമ്പനി കൈവശം വെച്ചിരിക്കുന്ന റിയല്‍ എസ്റ്റേറ്റ് ആസ്തികളുടെ അളവ് 2026 ആകുമ്പോഴേയ്ക്കും കുറയ്ക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഞങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും വാങ്ങുന്ന ഉപഭോക്താക്കള്‍ ഇപ്പോള്‍ വളരെ പരിമിതമായ അളവിലാണ് പണമിറക്കുന്നതെന്നും, നിലവിലെ സാഹചര്യം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണെന്നും സെയില്‍സ് ഫോഴ്‌സ് സിഇഒ മാര്‍ക്ക് ബെനിയോഫ് പറഞ്ഞു. തൊഴില്‍ നഷ്ടമാകുന്നവര്‍ക്ക് കുറഞ്ഞത് അഞ്ച് മാസത്തെ ശമ്പളം, ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News