എഇസിടിപിഎലിലെ 49% ഓഹരികൾ മുന്‍ഡി ലിമിറ്റഡിന് വില്‍ക്കുമെന്ന് അദാനി പോര്‍ട്‍സ്
- എഇസിടിപിഎല്ലിന്റെ മൊത്തം എന്റർപ്രൈസ് മൂല്യം 1,211 കോടി രൂപ
- അദാനി പോര്‍ട്‍സിന്‍റെ ഓഹരികള്‍ വിപണിയില്‍ ഇടിവ് നേരിടുന്നു
- എപിസെസും ടിഐഎലും തമ്മിലുള്ള രണ്ടാമത്തെ തന്ത്രപരമായ പങ്കാളിത്തം
അദാനി എന്നോർ കണ്ടെയ്‌നർ ടെർമിനൽ പ്രൈവറ്റ് ലിമിറ്റഡിന്റെ (എഇസിടിപിഎൽ) 49 ശതമാനം ഓഹരികൾ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ അസോസിയേറ്റ് ആയ മുന്‍ഡി ലിമിറ്റഡ് 247 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്ണോമിക് സോണ്‍ (എപിസെസ്) അറിയിച്ചു. ഇതിനായി ഒരു ഓഹരി വാങ്ങൽ കരാർ 2023 ഡിസംബർ 14 ന് ഒപ്പുവെച്ചതായി അദാനി പോർട്ട്‌സ് പ്രസ്താവനയിൽ പറയുന്നു.
എഇസിടിപിഎല്ലിന്റെ മൊത്തം എന്റർപ്രൈസ് മൂല്യം 1,211 കോടി രൂപയാണ്. റെഗുലേറ്ററി അംഗീകാരങ്ങൾക്ക് വിധേയമായി 3-4 മാസത്തിനുള്ളിൽ ഇടപാട് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇടപാട് പൂർത്തിയാകുമ്പോൾ, എഇസിടിപിഎല്ലിൽ 51 ശതമാനം ഓഹരി എപിസെസ് കൈവശം വയ്ക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു.
ടെർമിനൽ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ (ടിഐഎസ്‍) ഒരു പരോക്ഷ ഉപസ്ഥാപനവും മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ അസോസിയേറ്റ് കമ്പനിയുമാണ് മുന്‍ഡി ലിമിറ്റഡ്.
മുന്ദ്ര തുറമുഖത്തെ സിടി3 കണ്ടെയ്‌നർ ടെർമിനലിനായുള്ള സംയുക്ത സംരംഭത്തിന് ശേഷം എപിസെസും ടിഐഎലും തമ്മിലുള്ള രണ്ടാമത്തെ തന്ത്രപരമായ പങ്കാളിത്തമാണ് ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടത്.
അദാനി പോര്‍ട്‍സ് ഓഹരികള്‍ ഇന്ന് എന്‍എസ്ഇ-യില്‍ ഇടിവ് നേരിടുകയാണ്. രാവിലെ 11.22 നുള്ള വിവരം അനുസരിച്ച് 0.16 ശതമാനം ഇടിവോടെ 1,072.95 രൂപയിലാണ് വില്‍പ്പന നടക്കുന്നത്.