പുനരുപയോഗ ഊർജ മേഖലയിൽ $7500 കോടി നിക്ഷേപവുമായി അദാനി എനർജി
- അദാനി ഗ്രീൻ എനർജി ലിമിറ്റഡ് വഴിയായിരിക്കും പദ്ധതി
- അദാനി ഗ്രീൻ എനെർജിക്ക് 12 സംസ്ഥാനങ്ങളിലായി 8.4 ജിഗാ വാട്ടിന്റെ ശേഷി
- അദാനി പോർട്സ് ബോർഡ് മീറ്റിംഗ് ഡിസംബർ 12-ന്
2030-ഓടെ 45 ജിഗാവാട്ട് പുനരുപയോഗ ഊർജ ശേഷിയിലെത്താനുള്ള പദ്ധതിയുടെ ഭാഗമായി ഊർജ്ജ പരിവർത്തന സംരംഭങ്ങളിൽ 7500 കോടി ഡോളറിന്റെ നിക്ഷേപത്തിനൊരുങ്ങിയതായി ഗ്രുപ്പ് ചെയർമാൻ ഗൗതം അദാനി അറിയിച്ചു. അദാനി ഗ്രീൻ എനർജി ലിമിറ്റഡ് (AGEL) വഴിയാരിക്കും ഈ പദ്ധതി നടപ്പാക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"അദാനി പോർട്ട്ഫോളിയോയിൽ, 2030 ഓടെ ഊർജ്ജ പരിവർത്തന സംരംഭങ്ങളിൽ 7500 കോടി യുഎസ് ഡോളറിന്റെ നിക്ഷേപത്തോടെ 45 ജിഗാവാട്ടിലെത്താനാണ് ഞങ്ങളുടെ ലക്‌ഷ്യം. ഡീകാർബണൈസേഷനിലേക്കുള്ള ഇന്ത്യയുടെ നീക്കത്തിൽ പങ്കാളികളാവാനും ഇതോടെ എജിഇഎൽ പ്രാപ്തമാകും" ഗ്രൂപ്പ് ചെയർമാൻ പറഞ്ഞു.
യുഎസ് ആസ്ഥാനമായുള്ള മെർകോം ക്യാപിറ്റൽ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ വാർഷിക ആഗോള റിപ്പോർട്ടിൽ രണ്ടാമത്തെ വലിയ ആഗോള സോളാർ പിവി (ഫോട്ടോവോൾട്ടെയ്ക് സിസ്റ്റം) ഡെവലപ്പറായി അദാനി ഗ്രീൻ എനർജി സ്ഥാനം പിടിച്ചു.
"കമ്പനിയുടെ മികച്ച പ്രകടനവും പുനരുപയോഗ ഊർജ്ജ മേഖലയ്ക്കുള്ള സംഭാവനയും ലോകത്തെ മുൻനിര സോളാർ പിവി ഡെവലപ്പർമാരിൽ ഒന്നാവാന്‍ സഹായകമായി," പ്രസ്താവനയിൽ അറിയിച്ചു.
2022-23 സാമ്പത്തിക വർഷത്തിൽ വൈദ്യുതി ആവശ്യകതയിൽ 9.5 ശതമാനം വർധനവാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്, ഈ കാരണങ്ങളാൽ പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജത്തിന്റെ ഡിമാൻഡ് വളരെ വലുതാണ്, ഈ അവസരം മുതലെടുക്കുക എന്നതാണ് കമ്പനിയുടെ പ്രധാന ലക്‌ഷ്യം.
" 2024-25 സാമ്പത്തിക വർഷത്തോടെ ഇലക്ട്രിക് യൂട്ടിലിറ്റി മേഖലയിലെ ഇഎസ്ജി ബെഞ്ച്മാർക്കിംഗിൽ ലോകത്തിലെ ഏറ്റവും മികച്ച 10 കമ്പനികളിൽ ഇടംപിടിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നു. " പ്രസ്താവനയിൽ അത് കൂട്ടിച്ചേർത്തു.
നിലവിൽ അദാനി ഗ്രീൻ എനെർജിക്ക് 12 സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 8.4 ജിഗാ വാട്ടിന്റെ പ്രവർത്തനക്ഷമമായ പുനരുപയോഗ ശേഷിയുണ്ട്. ഇത് ഇന്ത്യയിലെ ഏറ്റവും വലുതുമാണ്. ഇത് വഴി 41 ദശലക്ഷം ടണ്ണിന്റെ കാർബൺ ഡയോക്‌സൈഡ് പുറംതള്ളൽ കമ്പനി നികത്തുന്നുണ്ട്.
അദാനി പോർട്സ് ബോർഡ് മീറ്റിംഗ്
അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ഡിസംബർ 12 ന് തങ്ങളുടെ ബോർഡ് യോഗം ചേരുമെന്ന് ബുധനാഴ്ച അറിയിച്ചു. നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകളുടെ ഇഷ്യൂ വഴി ഫണ്ട് സ്വരൂപിക്കുന്നതിനോ സ്വകാര്യ പ്ലെയ്‌സ്‌മെന്റ് അല്ലെങ്കിൽ പ്രിഫറൻഷ്യൽ അടിസ്ഥാനത്തിൽ പ്രിഫറൻസ് ഷെയർ ഇഷ്യൂ ചെയ്യുന്നതിനോ പുതുക്കുന്നതിനോ ഉള്ള നിർദ്ദേശവും ഇതിലൂടെ നടപ്പാക്കും.