12,400 കോടി രൂപയുടെ നിക്ഷേപം: തെലങ്കാനക്ക് കൈകൊടുത്ത് അദാനി

  • ഗൗതം അദാനിയുടെ കമ്പനി നാല് ധാരണാപത്രങ്ങൾ ഒപ്പുവെച്ചു.
  • സംസ്ഥാനത്ത് 100 മെഗാവാട്ട് ഡാറ്റാ സെന്ററിൽ 5,000 കോടി രൂപ നിക്ഷേപിക്കും.
  • ഏകദേശം 600 പേർക്ക് തൊഴിൽ നൽകാനാകുമെന്ന് കമ്പനി.

Update: 2024-01-17 09:49 GMT

12,400 കോടി രൂപയുടെ നിക്ഷേപത്തിനായി തെലങ്കാന സർക്കാരുമായി ഗൗതം അദാനിയുടെ കമ്പനി നാല് ധാരണാപത്രങ്ങൾ ഒപ്പുവെച്ചു.

ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ തെലങ്കാനയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്.

കരാറിന്റെ ഭാഗമായി അദാനി എന്റർപ്രൈസസ്, സംസ്ഥാനത്ത് 100 മെഗാവാട്ട് ഡാറ്റാ സെന്ററിൽ 5,000 കോടി രൂപ നിക്ഷേപിക്കും. ഇതിലൂടെ നേരിട്ടും അല്ലാതെയും ഏകദേശം 600 പേർക്ക് തൊഴിൽ നൽകാനാകുമെന്ന് കമ്പനി പറഞ്ഞു.

ഇത്കൂടാതെ, അദാനി ഗ്രീൻ എനർജി 5,000 കോടി രൂപ നിക്ഷേപിച്ച് കോയാബെസ്റ്റാഗുഡെമിൽ 850 മെഗാവാട്ടിന്റെയും, നാച്ചാറമിൽ 500 മെഗാവാട്ടിന്റെയും രണ്ട് പപ്പ് സ്റ്റോറേജ് പദ്ധതികൾ സ്ഥാപിക്കും. അംബുജ സിമന്റ്‌സ് 1,400 കോടി രൂപ ചെലവിൽ 6 എംടിപിഎ സിമന്റ് പ്ലാന്റും സ്ഥാപിക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിലാണ് ഈ യൂണിറ്റ് സ്ഥാപിക്കുക. അദാനി ഡിഫൻസ് സിസ്റ്റംസ് ആൻഡ് ടെക്‌നോളജീസ്, അടുത്ത പത്ത് വർഷത്തിനുള്ളിൽ, അദാനി എയ്‌റോസ്‌പേസ് പാർക്കിൽ കൗണ്ടർ ഡ്രോൺ, മിസൈൽ സംവിധാനങ്ങളുടെ ഗവേഷണം, വികസനം, ഡിസൈൻ, നിർമ്മാണം, സംയോജനം എന്നിവയ്ക്കായി 1,000 കോടി രൂപ നിക്ഷേപിക്കും. ഈ പദ്ധതി 1000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

റെഡ്ഡി ബുധനാഴ്ച നാസ്‌കോം പ്രസിഡന്റ് ദേബ്ജാനി ഘോഷ്, മെഡ്‌ട്രോണിക്, വസന്ത് നരസിംഹൻ, ഡബ്ല്യുഇഎഫ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജെഫ് മാർത്ത എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തേക്ക് നിക്ഷേപം ആകർഷിക്കാനുള്ള ശ്രമത്തിൽ, റെഡ്ഡി തെലങ്കാനയിൽ നിന്ന് ഡബ്ല്യുഇഎഫ് 2024 ലേക്ക് ഒരു പ്രതിനിധി സംഘത്തെ നയിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്നു.

Tags:    

Similar News