11,000 പേരെന്നത് ട്രയല്‍? മെറ്റ പിരിച്ചുവിടല്‍ കടുപ്പിച്ചേക്കും: ഇന്ത്യന്‍ കമ്പനികളും ഉലയുമോ?

മെറ്റയുടെ ചരിത്രത്തിലെ ഏറ്റവും പ്രയാസകരമായ മാറ്റത്തെ പറ്റി പങ്കുവെക്കുകയാണ് എന്ന് ആമുഖത്തോടെയാണ് പിരിച്ചുവിടലിനെ പറ്റി മെറ്റ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ലോകത്തെ അറിയിച്ചത്.

Update: 2022-11-10 05:52 GMT

ആഗോള കോര്‍പ്പറേറ്റ് ലോകത്ത് കൂട്ടപ്പിരിച്ചുവിടലുകള്‍ ശക്തമാകുമ്പോഴാണ് ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയില്‍ നിന്നും കഴിഞ്ഞ ദിവസം 11,000 പേരെ പിരിച്ചുവിട്ടത്. കമ്പനിയിപ്പോള്‍ ശക്തമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും, നിലവിലുള്ളതില്‍ 13 ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. ടെക്‌നോളജി മേഖലയിലെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലാണിത്.

മെറ്റയുടെ ചരിത്രത്തിലെ ഏറ്റവും പ്രയാസകരമായ മാറ്റത്തെ പറ്റി പങ്കുവെക്കുകയാണ് എന്ന് ആമുഖത്തോടെയാണ് പിരിച്ചുവിടലിനെ പറ്റി മെറ്റ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ലോകത്തെ അറിയിച്ചത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ 87,314 ജീവനക്കാരാണ് മെറ്റയിലുള്ളത്. ഇതിന് തൊട്ടു മുന്‍പുള്ള മാസങ്ങളിലെല്ലാം മെറ്റയുടെ വരുമാനത്തില്‍ വന്‍ ഇടിവാണുണ്ടായത്. മെറ്റാവേഴ്‌സിനായി കമ്പനി നടത്തിയ നിക്ഷേപങ്ങളെല്ലാം പാഴായിപ്പോയതോടെ കമ്പനിയുടെ ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞിരുന്നു.

പരസ്യ വരുമാനത്തില്‍ ഉള്‍പ്പടെ ഇടിവ് വന്നതോടെ കമ്പനിയുടെ പല ഭാഗങ്ങളിലേയും ഓഫീസുകള്‍ക്ക് താഴിടേണ്ട അവസ്ഥ വരെയുണ്ടായി. ആഗോള അതിസമ്പന്നരുടെ പട്ടികയില്‍ മെറ്റ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് 22ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് പിന്നാലെ ന്യൂയോര്‍ക്കിലെ മെറ്റാ ഓഫീസ് അടച്ചുപൂട്ടുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

നിലവിലുള്ളതില്‍ ആകെ 13 ശതമാനം പേരെ മാത്രം പിരിച്ചുവിട്ടതുകൊണ്ട് കമ്പനിയുടെ ചെലവ് പിടിച്ചുനിര്‍ത്താന്‍ സാധിക്കില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ തന്നെ ഇനിയും ഒട്ടേറെ പേരെ പിരിച്ചുവിടാന്‍നുള്ള സാധ്യതയാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി ആപ്പിള്‍, മൈക്രോസോഫ്റ്റ്, ട്വിറ്റര്‍ എന്നീ കോര്‍പ്പറേറ്റുകളില്‍ നിന്നെല്ലാം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയായിരുന്നു.

സമൂഹ മാധ്യമ വമ്പന്മാരായ കമ്പനികള്‍ ആളുകളെ കൂട്ടത്തോടെ പിരിച്ചുവിടുന്നത് മൂലം ഇതുമായി ബന്ധപ്പെട്ട് കിടക്കുന്ന ചെറു കോര്‍പ്പറേറ്റുകള്‍ക്കും തലവേദനയാകുകയാണ്. ഇവയില്‍ ഡാറ്റ സ്റ്റോറേജ് ഉള്‍പ്പടെയുള്ളവില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുമുണ്ട്. ഇവയില്‍ യൂണികോണ്‍ പട്ടികയില്‍ ഇടം നേടിയ കമ്പനികളിലുള്‍പ്പടെ വരുമാനം കുറയുന്ന സാഹചര്യമുണ്ടായാല്‍ ജീവനക്കാരെ വെട്ടിക്കുറച്ചേക്കും.

ഇന്ത്യയിലെ ജീവനക്കാരും 'വിറയ്ക്കുന്നു'

ട്വിറ്റര്‍ ജീവനക്കാരെ വെട്ടിക്കുറച്ചപ്പോള്‍ ഇന്ത്യയിലെ 200 പേര്‍ക്കാണ് ജോലി നഷ്ടമായത്. എന്നാല്‍ മെറ്റയുടെ തന്നെ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം എന്നിവയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഏകദേശം 400 പേരാണ് ഇന്ത്യയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ 60 പേര്‍ വാട്‌സാപ്പിനായി മാത്രം ജോലി ചെയ്യുന്നവരാണ്. മെറ്റയിലെ കൂട്ടപ്പിരിച്ചുവിടല്‍ തുടര്‍ന്നാല്‍ ഇവരുടേയും ജോലിയെ ബാധിച്ചേക്കും. എന്നാല്‍ കോവിഡ് വ്യാപനം നടന്ന 2020 മുതല്‍ മെറ്റയുടെ എല്ലാ പ്ലാറ്റ്‌ഫോമുകള്‍ക്കും ഇന്ത്യയില്‍ മികച്ച വളര്‍ച്ചയാണ് ലഭിച്ചത്.

അതിനാല്‍ തന്നെ ഇന്ത്യയിലെ ജീവനക്കാരെ മാറ്റുമോ എന്നതില്‍ വ്യക്തതയില്ല. യുഎസില്‍ ജോലി നഷ്ടപ്പെട്ട എച്ച് വണ്‍ ബി വിസയുള്ള മുന്‍ മെറ്റ ജീവനക്കാര്‍ക്ക് വേണ്ട ഇമിഗ്രേഷന്‍ പിന്തുണ നല്‍കുമെന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് മെറ്റാ പ്ലാറ്റ്ഫോമിന് കീഴില്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്സാപ്പ്, മെസഞ്ചര്‍, ഫേസ്ബുക്ക് വാച്ച്, മെറ്റ പോര്‍ട്ടല്‍ എന്നിവയെ എല്ലാം കോര്‍ത്തിണക്കിയത്. മെറ്റാവേഴ്സ് എന്ന ടെക്നോളജിയിലൂടെ വെര്‍ച്ച്വല്‍ റിയാലിറ്റിയുടെ ലോകത്തേക്ക് ചുവടുവെക്കുവാനും കമ്പനി ശ്രമങ്ങള്‍ നടത്തിയിരുന്നു.

മെറ്റാവേഴ്സിനായി 1000 കോടി യുഎസ് ഡോളറിലേറെയാണ് സുക്കര്‍ബര്‍ഗ് ചെലവഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അനാവശ്യ ചെലവുകള്‍ വര്‍ധിച്ചതും കമ്പനിയ്ക്ക് തിരിച്ചടിയായതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് കമ്പനിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കാന്‍ തുടങ്ങിയതോടെ ബജറ്റ് വെട്ടിക്കുറയ്ക്കാനുള്ള നീക്കം ശക്തമാക്കി.

മെറ്റയുടെ ഇന്ത്യയിലെ മേധാവിയും, മലയാളിയുമായ അജിത് മോഹന്‍ ഏതാനും ദിവസം മുന്‍പാണ് രാജി വെച്ചത്. ഫെബ്രുവരിയോടെ മറ്റൊരു സാമൂഹ്യ മാധ്യമവും, മെറ്റയുടെ പ്രധാന എതിരാളിയുമായ സ്‌നാപ്പിന്റെ ഏഷ്യ പസിഫിക് മേഖലയിലെ പ്രസിഡന്റായി അജിത് മോഹന്‍ ചുമതലയേല്‍ക്കുമെന്നാണ് സൂചനകള്‍. കഴിഞ്ഞ നാല് വര്‍ഷമായി അജിത് മോഹന്‍ മെറ്റയുടെ ചുമതല വഹിക്കുന്നു.

മുന്‍പ് സ്റ്റാര്‍ ടിവി നെറ്റ് വര്‍ക്കില്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ആയും എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റായും സ്ഥാനമേറ്റിരുന്ന അദ്ദേഹം പിന്നീട് അവരുടെ തന്നെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഹോട്ട്സ്റ്റാറിന്റെ പ്രസിഡന്റ് ആയും സേവനമനുഷ്ടിച്ചിട്ടുണ്ട്. അതിനുശേഷം 2019 ലാണ് ഫേസ്ബുക്കിലേക്ക് എത്തിയത്.

Tags:    

Similar News